സേവ് സിദ്ദീഖ് കാപ്പൻ: കെ.യു.ഡബ്ല്യു. ജെ. പ്രക്ഷോഭത്തിലേക്ക്; തിങ്കളാഴ്ച കരിദിനം
തിരുവനന്തപുരം: ഉത്തർപ്രദേശ് പൊലിസിന്റെ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു. സേവ് സിദ്ദീഖ് കാപ്പൻ കാമ്പയിന്‍റെ തുടക്കമായി യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിൻ നടത്തും. രാജ്ഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു. മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഈ കാമ്പയിനിൽ അണിചേരണമെന്ന് യൂണിയൻ അഭ്യർഥിച്ചു.
കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി അദ്ദേഹത്തെ തുടർ ചികിത്സക്കായി ദൽഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് കത്ത് നൽകി. മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ എം.പിമാർ ചൂണ്ടിക്കാട്ടി. കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരോടും യൂണിയൻ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."