വട്ടച്ചൊറി ചികിത്സിച്ചു ഭേദമാക്കാം
പ്രായഭേദമന്യേ നല്ലൊരു ശതമാനം ആളുകളിലും സാധാരണയായി കണ്ടുവരുന്നതും വളരെവേഗം പടര്‍ന്നുപിടിക്കുന്നതുമായ ഒരു ചര്‍മരോഗമാണ് വട്ടച്ചൊറി. ചികിത്സ തേടിയാലും വീണ്ടും വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ക്കൂടിയും മറ്റുപല ചര്‍മരോഗങ്ങളേയും അപേക്ഷിച്ച് ശരിയായ പരിചരണംകൊണ്ട് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരസുഖമാണിത്. സാധാരണയായി കണ്ടുവരുന്ന ഫംഗസ് രോഗങ്ങളായ വളംകടി, ചുണങ്ങ് എന്നിവയെക്കാള്‍ വേഗത്തില്‍ പടരുന്നതും അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായ രോഗാവസ്ഥയാണിത്
രോഗബാധിതരായവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിനുപുറമെ മൃഗങ്ങളില്‍ നിന്നും മണ്ണില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം പകരാം. ഫംഗസ് ബാധിതരായ മനുഷ്യരില്‍ നിന്ന് തൊലിപ്പുറത്തെ സമ്പര്‍ക്കം മൂലമോ ഒരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതുമൂലമോ രോഗബാധയുണ്ടാകാം. ഒരേ വീട്ടില്‍ താമസിക്കുന്ന ആളുകള്‍, ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ തുടങ്ങി പൊതുവായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇതിനുപുറമെ പൊതു ശൗചാലയം, ബാര്‍ബര്‍ ഷോപ്പ്, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിങ്ങനെ ആളുകള്‍ ഇടപഴകുന്ന പരിസരങ്ങളില്‍ വസ്തുക്കള്‍ പങ്കിട്ടു ഉപയോഗിക്കുന്നതുമൂലവും രോഗമുണ്ടാകാം.
എന്നാല്‍ ഒരുമിച്ചു താമസിക്കുന്നവരോ ഇടപഴകുന്നവരോ ആയ വ്യക്തികളില്‍ എല്ലാവര്‍ക്കും ഒരേപോലെ ഫംഗസ് ബാധ ഉണ്ടാകണമെന്നില്ല. ഇത് ശരീരത്തിലെത്തുന്ന ഫംഗസിന്റെ തീവ്രതയും, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയും അനുസരിച്ചുവ്യത്യാസപ്പെടും. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹം, എയ്ഡ്‌സ് തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരിലും വട്ടച്ചൊറി സാധ്യത കൂടുന്നതിനൊപ്പം രോഗ തീവ്രതയും കൂടുതലായിരിക്കും.അമിതമായ വിയര്‍പ്പ് അനുഭവപ്പെടുന്നവരിലും വണ്ണം കൂടിയ ശരീരപ്രകൃതം ഉള്ളവരിലും വട്ടച്ചൊറിക്ക് അനുകൂല സാഹചര്യം ഉണ്ടാകാം.
എവിടെയാണ് രോഗം
ബാധിക്കുക?
വട്ടച്ചൊറിക്ക് കാരണമാകുന്ന വിഭാഗത്തിലുള്ള ഫംഗസുകള്‍ക്ക് ജീവനില്ലാത്ത കോശങ്ങളില്‍ മാത്രമേ വളരാനും പ്രജനം നടത്താനും സാധിക്കൂ എന്നതിനാല്‍, ഇവ ശരീരത്തിന്റെ പുറംതൊലി, നഖം, മുടി തുടങ്ങിയ ഭാഗങ്ങളിലാണ് കാണുന്നത്. ആഹാരത്തിലൂടെയോ മറ്റോ ശരീരത്തിനകത്ത് എത്തിച്ചേര്‍ന്നാലും ആവശ്യമായ സാഹചര്യങ്ങളുടെ അഭാവത്തില്‍ നിലനില്‍ക്കാന്‍ സാധിക്കാതെ നശിച്ചുപോകുന്നു. ഫംഗസിന്റെ വളര്‍ച്ചയും പ്രജനവും ത്വരിതപ്പെടുത്തുന്ന തരത്തില്‍ ഊഷ്മാവ് നിലനില്‍ക്കുന്നതും, വിയര്‍പ്പും ഈര്‍പ്പവും തങ്ങിനില്‍ക്കുന്നതുമായ ശരീരഭാഗങ്ങളില്‍ ഇവയ്ക്ക് വളരെ വേഗം പടരാനാകും.
ഇത്തരത്തില്‍ തുടയിടുക്ക്, കക്ഷം, സ്ത്രീകളില്‍ സ്തനങ്ങളുടെ അടിഭാഗത്തെ മടക്കുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ വട്ടച്ചൊറി കൂടുതലായി കണ്ടുവരുന്നുണ്ടെങ്കിലും തലയോട്ടി, മുഖം, താടി, കാലിന്റെ അടിഭാഗം തുടങ്ങി ശരീരത്തിന്റെ ഏതുഭാഗത്തും വ്യാപിക്കാന്‍ ഇത്തരം ഫംഗസുകള്‍ക്ക് കഴിവുണ്ട്.
രോഗബാധ തിരിച്ചറിയാന്‍
ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്ന ഭാഗം ശരിയായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ നഗ്‌നനേത്രങ്ങള്‍ കൊണ്ടുതന്നെ രോഗം തിരിച്ചറിയാനാകും. സംശയം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ രോഗബാധയുള്ള തൊലിപ്പുറത്തുനിന്ന് അല്‍പ്പം ചുരണ്ടിയെടുത്ത് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധിച്ച് രോഗനിര്‍ണയം നടത്താം. ഈ രണ്ടുമാര്‍ഗങ്ങളും ഫലപ്രദമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രം അപൂര്‍വമായി ഫംഗല്‍ കള്‍ച്ചര്‍,സ്‌കിന്‍ ബയോപ്‌സി തുടങ്ങിയ രീതികളും അവലംബിക്കാറുണ്ട്.
ശരിയായ ചികിത്സ
വട്ടച്ചൊറി ബാധിച്ചവര്‍ക്ക് രണ്ടു തരത്തിലുള്ള ചികിത്സാരീതികളാണ് നിര്‍ദേശിക്കുക. ഇതില്‍ പുറമേയ്ക്ക് പുരട്ടാനുള്ള ഓയിന്‍മെന്റുകളും, അകത്തേയ്ക്ക് കഴിക്കാനുള്ള ഗുളികകളും ഉള്‍പ്പെടുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാകുന്ന വിവിധ തരത്തിലുള്ള ക്രീമുകളുടെയും ഓയിന്‍മെന്റുകളുടെയും ഉപയോഗം ചൊറിച്ചിലിനും പാടുകള്‍ക്കും പെട്ടെന്നുതന്നെ ആശ്വാസം നല്‍കുമെങ്കിലും, ആത്യന്തികമായി ഫംഗസ് ബാധ ഇല്ലാതാക്കുന്നില്ല. ഇത്തരം ക്രീമുകളില്‍ അടങ്ങിയിട്ടുള്ള സ്റ്റിറോയിഡുകളുടെ സാന്നിധ്യം യഥാര്‍ഥത്തില്‍ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ഫംഗസിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തന്‍മൂലം സ്റ്റിറോയ്ഡ് ഉപയോഗം നിലയ്ക്കുന്നതോടെ പൂര്‍വാധികം ശക്തിയോടെ ഫംഗസ്ബാധ തിരിച്ചുവന്നേക്കാം.
നിലവില്‍ വ്യാപകമായി കണ്ടുവരുന്ന വട്ടച്ചൊറിക്ക് കാരണമാകുന്ന ഫംഗസുകള്‍ പുറമെ പുരട്ടുന്ന ക്രീമുകളുടെ ഉപയോഗത്തിലൂടെ മാത്രം നശിച്ചുപോകുന്നവയല്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് രോഗം വ്യാപിച്ച സാഹചര്യങ്ങളില്‍ ഇത്തരം ക്രീമുകള്‍ക്കൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം അകത്തുകഴിക്കുന്ന മരുന്നുകള്‍ കൂടി ചികിത്സയില്‍ ഉള്‍പ്പെടുത്തുന്നത് രോഗമുക്തി എളുപ്പമാക്കും.
ഫലപ്രദമായ പ്രതിരോധം
ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും ചിട്ടയായ ആരോഗ്യശീലങ്ങളും പിന്തുടരുന്നതിലൂടെ രോഗബാധ അകറ്റിനിര്‍ത്തുന്നതോടൊപ്പം,രോഗം ബാധിച്ചവര്‍ക്ക് ശമനം എളുപ്പത്തിലാക്കാനും വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം വസ്ത്രങ്ങള്‍, ഉപയോഗിക്കുന്ന വസ്തുക്കള്‍, ജീവിത പരിസരം തുടങ്ങിയവയെല്ലാം രോഗാണു മുക്തവും സുരക്ഷിതവുമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ദിവസത്തില്‍ രണ്ടുനേരം തണുത്തതോ സാധാരണ താപനിലയിലുള്ളതോ ആയ വെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കുക.രോഗബാധയുള്ള അവസരങ്ങളില്‍ അധികം ചൂടുള്ള വെള്ളം ഒഴിവാക്കുന്നത് ഫംഗസിനു വളരാന്‍ ആവശ്യമായ വിധത്തില്‍ താപനില ലഭിക്കുന്നതും ഊഷ്മാവ് നില്‍ക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. കുളി കഴിഞ്ഞാല്‍ ശരീരത്തില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാത്ത വിധം പൂര്‍ണമായും ഉണങ്ങാന്‍ അനുവദിച്ച ശേഷം മാത്രം വൃത്തിയുള്ളതും നവില്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയതും വായുസഞ്ചാരം കുറയ്ക്കുന്നതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കാം. സിന്തറ്റിക് തുണിത്തരങ്ങള്‍, ജീന്‍സ് തുടങ്ങിയവ അധികമായി ഉപയോഗിക്കാതിരിക്കുക.
വസ്ത്രങ്ങള്‍ അലക്കുന്നതിനായി, 60 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാത്ത വിധത്തില്‍ ചൂടുവെള്ളം ഉപയോഗിക്കുകയും പുറം തിരിച്ചിട്ട ശേഷം നന്നായി വെയില്‍ ലഭിക്കുന്ന രീതിയില്‍ ഉണക്കിയെടുക്കുകയും ചെയ്യാം. ശേഷം വസ്ത്രങ്ങളുടെ ഉള്‍ഭാഗം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് നല്ലതുപോലെ തേച്ചെടുത്ത ശേഷം ഉപയോഗിക്കുന്നത്, ഫംഗസുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെ പൂര്‍ണമായും നശിപ്പിക്കാന്‍ സഹായിക്കും.
ഈര്‍പ്പം തങ്ങിനില്‍ക്കാനിടയുള്ളതുകൊണ്ടുതന്നെ സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. വണ്ണം കൂടിയവര്‍ക്ക് രോഗം വരാനും വന്നാല്‍ വ്യാപിക്കാനും സാധ്യത കൂടുതലാണെന്നതിനാല്‍ ശരീര ഭാരം ക്രമപ്പെടുത്താനുള്ള ആഹാരക്രമങ്ങളും വ്യായാമമുറകളും ശീലിക്കുന്നത് നന്നാകും.
സ്ഥിരമായി ഷൂ ധരിക്കുന്നവരില്‍ രോഗസാധ്യതയുള്ളതിനാല്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുകയും കോട്ടണ്‍ നിര്‍മിതവും ഗുണമേന്‍മയുള്ളതുമായ സോക്‌സ് ധരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. തലയോട്ടിയില്‍ രോഗബാധയുണ്ടായാല്‍ അവര്‍ ഉപയോഗിക്കുന്ന ചീപ്പ്, തോര്‍ത്ത്, ഹെല്‍മെറ്റ്, തലയണ ഉറ തുടങ്ങിയവയൊന്നും മറ്റാരും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഒരേവീട്ടില്‍ താമസിക്കുന്ന ഒന്നിലധികം അംഗങ്ങള്‍ക്ക് രോഗബാധയുണ്ടെങ്കില്‍, പൂര്‍ണമായും ഭേദമാകുന്നതുവരെ എല്ലാവരും ഒരേസമയത്തുതന്നെ ചികിത്സ തേടേണ്ടതും അത്യന്താപേക്ഷിതമാണ്. ഒന്നിച്ചു താമസിക്കുന്ന വ്യക്തികളുടെ വസ്ത്രങ്ങള്‍ തമ്മില്‍ കലരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് രോഗബാധ ഒരു പരിധി വരെ തടയും. വീടുകളില്‍ പൊതുവായി ഉപയോഗിക്കുന്ന മുറികള്‍, തീന്‍മേശ, ശുചിമുറികള്‍ എന്നിവയൊക്കെ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നത് രോഗബാധ തടയും.
മരുന്ന് വില്ലനാകുമ്പോള്‍!
വട്ടച്ചൊറി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ കൃത്യമായ ചികിത്സാരീതികള്‍ അവലംബിക്കാന്‍ സാധിക്കാതെ വരാറുണ്ട്.ചികിത്സയുടെ ഭാഗമായ ചില ഗുളികകളുടെ പ്രവര്‍ത്തനം കരളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, വിവിധ തരത്തിലുള്ള കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കാറില്ല.അതുപോലെ മരുന്നുകളിലെ ചില ഘടകങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നവയാണെന്നിരിക്കെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായ രോഗികള്‍ക്കും ഇത്തരം മരുന്നുകള്‍ നല്‍കാനാവില്ല.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രാഥമിക അസ്വസ്ഥതകള്‍ ലഘൂകരിക്കാനുള്ള മരുന്നുകള്‍, പുറമേക്ക് പുരട്ടാവുന്ന ക്രീമുകള്‍, ഡോസേജ് കുറച്ച് ഉപയോഗിക്കാവുന്ന മരുന്നുകള്‍ എന്നിവ ഉപയോഗിച്ചാവും ചികിത്സ നിര്‍ദേശിക്കുന്നത്. വട്ടച്ചൊറിയുടെ ലക്ഷണങ്ങള്‍ സാരമായി ഉണ്ടെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത മറ്റൊരു വിഭാഗം ഗര്‍ഭിണികളും മുലയൂട്ടുന്നവരുംമാണ്.
വട്ടച്ചൊറിയും
ഗര്‍ഭധാരണവും
ഗര്‍ഭകാലത്ത് വട്ടച്ചൊറി ബാധിക്കുന്ന സ്ത്രീകള്‍ക്ക് വളരെ ക്ലേശകരമായ ശാരീരികാവസ്ഥകളിലൂടെ കടന്നുപോകേണ്ട സാഹചര്യം ഉണ്ടാവാം. ശരിയായ ചികിത്സക്ക് ആവശ്യമായ മരുന്നുകളുടെ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെയും ഗര്‍ഭത്തെയും ബാധിക്കുമെന്നതിനാല്‍ ചൊറിച്ചില്‍ കുറക്കാന്‍ സഹായിക്കുന്ന ലഘുവായ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ മാത്രമേ സ്വീകരിക്കാനാകൂ. പ്രസവം കഴിഞ്ഞ ശേഷവും, മുലയൂട്ടുന്നതിലൂടെ നവജാതശിശുവിലേക്ക് കൈമാറപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ കുറഞ്ഞത് ആറുമാസക്കാലത്തേക്ക് ആവശ്യമായ ചികിത്സ ആരംഭിക്കാന്‍ സാധിക്കില്ല. ഈയൊരു സാഹചര്യത്തില്‍ കുട്ടികളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെങ്കിലും അവരില്‍ പുതിയ ചര്‍മം എളുപ്പത്തില്‍ രൂപപ്പെടുന്നതിനാല്‍ ക്രീമുകള്‍ ഉപയോഗിച്ചുള്ള ലഘുവായ ചികിത്സകള്‍ ഫലപ്രദമാണ്.
ഗര്‍ഭധാരണം പോലെ ജീവിതത്തിലെ മനോഹരമായ ഒരവസ്ഥയില്‍ ഇത്തരമൊരു ബുദ്ധിമുട്ട് ഒഴിവാക്കാനായി ആവശ്യമായ കരുതല്‍ സ്വീകരിക്കാവുന്നതാണ്. രോഗബാധയുണ്ടായ ശേഷം ചികിത്സ സ്വീകരിക്കുന്ന കാലയളവില്‍ ഗര്‍ഭധാരണം ഒഴിവാക്കുകയും , ഗര്‍ഭം ധരിച്ചാല്‍ രോഗബാധ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളോട് അകലം പാലിക്കുകയും വേണം. മരുന്ന് കഴിക്കുന്ന സ്ത്രീകളാണെങ്കില്‍ ഗര്‍ഭധാരണം ആഗ്രഹിക്കുന്നുവെങ്കില്‍ ചികിത്സ അവസാനിച്ചതിനു ശേഷവും അല്‍പ്പകാലം കൂടി കാത്തിരിക്കുന്നതാണ് ഉത്തമം. ദമ്പതികളില്‍ പുരുഷനാണ് ഇത്തരത്തില്‍ രോഗമുക്തിക്കുള്ള മരുന്ന് ഉപയോഗിക്കുന്നതെങ്കില്‍ , ചികിത്സ അവസാനിച്ച ശേഷവും ആറുമാസത്തേയ്ക്ക് ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാലയളവില്‍ കൃത്യമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
രോഗബാധ ആശങ്കകള്‍
പൊതുവെ കണ്ടുവരുന്ന ചര്‍മരോഗങ്ങളുടെ കൂട്ടത്തില്‍, വട്ടച്ചൊറിയുടെ ആധിക്യം വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. നിലവില്‍ രോഗം പടര്‍ത്തുന്ന ഫംഗസുകള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചവയും എളുപ്പത്തില്‍ പ്രതിരോധം സാധ്യമാവാത്തവയുമാണ്. മാറിയ ജീവിതസാഹചര്യങ്ങളും, ജീവിതശൈലിയിലെ തെറ്റായ പ്രവണതകളും രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുന്നു. ഇന്ത്യയിലെ സാമൂഹിക ജീവിത പരിതസ്ഥിതികള്‍ വച്ചു നോക്കുമ്പോള്‍ രോഗവ്യാപനം ഒഴിവാക്കാന്‍ കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗം ബാധിച്ച ശേഷം ചികിത്സ തേടുന്നതിനേക്കാള്‍, രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് ഉചിതം. രോഗബാധിതരായ ആളുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം. ചികിത്സാരീതികള്‍ പലപ്പോഴും ചെലവേറിയതും ദീര്‍ഘകാലത്തെ പരിചരണം ആവശ്യമുള്ളവയും ആണെന്നതിനാല്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ അവ പിന്തുടരാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാം. സ്വയംചികിത്സാരീതികള്‍ ശരിയായ രോഗശമനം നല്‍കാന്‍ പ്രാപ്തമായവയല്ല എന്നതിന് പുറമെ രോഗത്തിന്റെ തീവ്രത കൂടുന്നതിനും വ്യാപനത്തിനും കാരണമാകുന്നതിനാല്‍, രോഗബാധിതര്‍ക്ക് കൃത്യമായ വൈദ്യസഹായം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."