ഹൃദയഭേദകം, മനസിനെ ഉലയ്ക്കുന്നു; ഇന്ത്യയ്ക്ക് സഹായവുമായി സുന്ദര്‍ പിച്ചെയും സത്യ നദേല്ലയും
ന്യൂഡല്‍ഹി: രാജ്യം കൊവിഡ് 19ന്റെ രണ്ടാം തരംഗത്തില്‍ ശ്വാസംമുട്ടുമ്പോള്‍ താങ്ങായി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും. ഓക്സിജനും പരിശോധനാ കിറ്റുകളും അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. സഹായവാഗ്ദാനം നല്‍കിയതിനൊപ്പം ഇന്ത്യ നേരിടുന്ന കൊവിഡ് പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.
ഹൃദയഭേദകം എന്നാണ് സത്യ നദെല്ല പ്രതികരിച്ചത്. ഓക്സിജന്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലഭ്യമാക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് സഹായം ഉറപ്പ് നല്കിയ അമേരിക്കന്‍ സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ നല്കാന് സന്നദ്ധരായിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവര്‍ ആവശ്യമായ മെഡിക്കല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും അടിയന്തിരമായി അയയ്ക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും ഇന്ത്യക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."