ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് പരാമർശം ജയ്ശങ്കർ, രാജ്‌നാഥ് എന്നിവരുടെ സാന്നിധ്യത്തിൽ
വാഷിങ്ടൺ
ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യ- യു.എസ് മന്ത്രിതല ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങൾ അദ്ദേഹം പരാമർശിച്ചത്. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബ്ലിങ്കന്റെ പ്രസ്താവന.
ചില സർക്കാർ, പൊലിസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗത്തുനിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്നാണ് ബ്ലിങ്കൻ പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ച് മറ്റു വിശദീകരണങ്ങളോ കൂട്ടിച്ചേർക്കലോ അദ്ദേഹം നടത്തിയില്ല. ശേഷം സംസാരിച്ച ജയ്ശങ്കറും രാജ്‌നാഥ് സിങ്ങും ബ്ലിങ്കന്റെ പ്രസ്താവന പരാമർശിച്ചതുമില്ല.
മനുഷ്യാവകാശ വിഷയങ്ങളിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ വിമർശിക്കാനുള്ള ജോ ബൈഡൻ ഭരണകൂടത്തിന്റെ വിമുഖതയെ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഇൽഹാൻ ഉമർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആന്റണി ബിങ്കന്റെ പ്രസ്താവന. മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള പൗരത്വ ബിൽ, ഹിജാബ് നിയമം തുടങ്ങിയവ പരാമർശിച്ചായിരുന്നു ഇൽഹാൻ ഉമറിന്റെ വിമർശനം. മോദി ഭരണകൂടം ന്യൂനപക്ഷത്തിനെതിരേ നടത്തുന്ന നടപടികളിൽ പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞയാഴ്ചയാണ് ഇൽഹാൻ ചോദിച്ചത്. ഇനിയും എത്ര മുസ്‌ലിംകളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ട് വേണം നമ്മൾ പ്രതികരിക്കാൻ? മോദി ഭരണകൂടത്തിന്റെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികളെ പരസ്യമായി വിമർശിക്കാൻ ഇനിയെന്തു വേണം? ശത്രുക്കൾക്കു മുന്നിൽ മാത്രമല്ല, സഖ്യകക്ഷികൾക്കു മുന്നിലും എഴുന്നേറ്റുനിൽക്കുന്നത് നമ്മൾ ശീലമാക്കുമെന്നാണ് പ്രതീക്ഷ- എന്നായിരുന്നു ഇൽഹാൻ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."