യൗവനത്തിലെത്തിയിട്ടും ബാലാരിഷ്ടതകൾ തീരാതെ കരിപ്പൂർ ഇന്ന് 35ാം പിറന്നാൾ
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
35ാം പിറന്നാളിലെത്തുമ്പോഴും ബാലാരിഷ്ടതകൾ തീരാതെ, മലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് ആകാശ വീഥിയൊരുക്കിയ കരിപ്പൂർ വിമാനത്താവളം. 1988 ഏപ്രിൽ 13നാണ് കരിപ്പൂരിൽ നിന്ന് മുംബൈയിലേക്ക് സർവിസ് തുടങ്ങി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നായ കരിപ്പൂർ പ്രവർത്തനം ആരംഭിച്ച് 34 വർഷം പൂർത്തിയായിട്ടും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. സ്ഥലമേറ്റെടുപ്പ്,റൺവേ-റിസ വികസനം,വലിയ വിമാനങ്ങൾക്കുള്ള അനുമതി തുടങ്ങി വിമാനത്താവളത്തിന്റെ വികസനം ഇന്നും കിതപ്പിലാണ്. ദീർഘ വീക്ഷണമില്ലാതെ ഇപ്പോൾ 13-ാം തവണയാണ് കരിപ്പൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ വിമാനത്താവള വികസനത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടികൾ അഞ്ച് മാസത്തിനകം തുടങ്ങും.
1996 ൽ ആരംഭിച്ച് 2001ൽ പൂർത്തിയാക്കിയ റൺവേ വികസനത്തിന് ശേഷമാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവിസ് ആരംഭിച്ചത്.2002ൽ ഹജ്ജ് സർവിസും തുടങ്ങി. 2006 ഫെബ്രുവരിയിൽ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നൽകിയതോടെ അന്താരാഷ്ട്ര വിമാന കമ്പനികൾക്കും സർവിസിന് അനുമതിയായി.പരിമിതമായ സൗകര്യങ്ങളിലും വിമാന സർവിസുകൾ സുഖകരമായി നടത്തിയ കരിപ്പൂരിൽ 2015 ഏപ്രിൽ 30വരെ ജംബോ വിമാനങ്ങൾ വന്നിറങ്ങിയിരുന്നു. പിന്നീട് റൺവേ അറ്റകുറ്റപ്പണികൾക്കായി വലിയ വിമാനങ്ങൾ നിർത്തിവച്ചു. റൺവേ നവീകരണം പൂർത്തിയാക്കിയതോടെ 2018ൽ വീണ്ടും വലിയ വിമാനങ്ങൾ സർവിസ് തുടങ്ങി. എന്നാൽ 2020 ഓഗസ്റ്റ് എഴിന് വിമാനാപകടമുണ്ടായതോടെ വീണ്ടും വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു. റൺവേ നീളം കൂട്ടി റൺവേ എൻഡ് സേഫ്റ്റി ഏരിയ(റിസ)വർധിപ്പിച്ചാൽ മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്നാണ് വ്യോമായാന ഇപ്പോൾ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2850 മീറ്റർ നീളമാണ് കരിപ്പൂർ റൺവേക്കുള്ളത്.എന്നാൽ കരിപ്പൂരിനേക്കാൾ കുറഞ്ഞ റൺവേയുള്ള ലഖ്നൗ അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നുമുണ്ട്. മലബാറിലെ ഗൾഫ് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളം 35-ാം പിറന്നാളിലും നിലനിൽപ്പിനായുള്ള സമര പോരാട്ടത്തിൽ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."