മതപരമായ ചടങ്ങുകൾക്ക് പൊലിസ് സുരക്ഷ ; ഇനി സൗജന്യമില്ല, പണമടക്കേണ്ടി വരും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടതില്ലെന്ന് പൊലിസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലിസ് ശുപാർശ സർക്കാരിന് കൈമാറി. ഏറെക്കാലമായി ഇക്കാര്യത്തിൽ പൊലിസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതിനാൽ തീരുമാനമാകാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എ.ഡി.ജി.പിതല യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്.
മതപരമായ ചടങ്ങുകൾ നടത്തുമ്പോൾ ഉച്ചഭാഷിണി അനുമതിക്കും മറ്റും പൊലിസിന് അപേക്ഷ നൽകുമ്പോൾ ബന്ധപ്പെട്ടവർ ഒരു നിശ്ചിത തുക പൊലിസ് സുരക്ഷയ്ക്കും അടയ്ക്കണം. ഇതിനു ശേഷം പൊലിസ് ക്രമസമാധാന ചുമതല ഏറ്റെടുക്കും. മതപരമായ ചടങ്ങുകൾക്ക് സുരക്ഷ നൽകുന്നതിൽ കൂടുതലും സ്വകാര്യ ഏജൻസികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തിൽ വിലയിരുത്തലുണ്ടായി.
ഉത്സവങ്ങൾ നടക്കുമ്പോൾ ഘോഷയാത്രയ്ക്ക് ഒപ്പം പലപ്പോഴും സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലിസുകാരെയാണ് അയക്കുന്നത്. ഇത് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പണമടച്ചാൽ ക്യംപിൽനിന്ന് പൊലിസിനെ അയക്കാൻ കഴിയുമെന്നും വിലയിരുത്തി. പൊലിസ് ശുപാർശയിൽ സർക്കാരാണ് അനുമതി നൽകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."