18- 45 പ്രായ പരിധിയിലുള്ളവര്‍ വാക്‌സിനേഷനു മുന്‍പ് രക്തദാനത്തിന് തയ്യാറാവണം: മുഖ്യമന്ത്രി
തിരുവനന്തപുരം: 18- 45 പ്രായ പരിധിയിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്‍പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് സര്‍വകക്ഷി യോഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം.
അതുകൊണ്ട് യുവാക്കള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്‍പ് രക്തദാനത്തിന് തയ്യാറാവണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്‌സിനേഷന് മുന്‍പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നത്. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന സന്നദ്ധ സംഘടനകളും ഈ ഘട്ടത്തില്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ സര്‍ക്കാരിനെ അറിയിച്ചു. പ്ലാസ്മാ ഡൊണേഷന്‍ ക്യാമ്പയിന്‍, പ്രത്യേക രക്തദാനക്യാമ്പ്, കോവിഡ് പ്രതിരോധ സേനാ രൂപീകരണം ഇവയാണ് ഡിവൈഎഫ്‌ഐ ഉദ്ദേശിക്കുന്നത്.
സാമൂഹ്യജാഗ്രതയുടെ നെടുനായകത്വം ജനങ്ങള്‍ തന്നെ ഏറ്റെടുക്കണം. അതിനാവശ്യമായ സാമൂഹ്യബോധമുള്ള ജനതയാണ് നമ്മള്‍. മുന്‍പ് നമ്മള്‍ തെളിയിച്ചതാണത്. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു സ്വയമേവ മുന്‍കൈ എടുക്കാന്‍ ഓരോ പൗരനും സാധിക്കണം.മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."