പശുവിന്റെ പേരിലുള്ള ഭീകരതയ്ക്ക് അന്ത്യമില്ലേ!
നിരത്തിലെ വാഹനാപകടങ്ങൾ പോലെ നിത്യ സംഭവമായിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികൾ പശുവിന്റെ പേരിൽ നടത്തുന്ന അരുംകൊലകൾ. വാഹനാപകടവാർത്തകൾ അറിയുമ്പോഴുള്ള നിസ്സംഗതയും സ്വാാവികതയും കൈവന്നിരിക്കുന്നു പശുവിന്റെ പേരിലുള്ള ഭീകരത അറിയുമ്പോഴും നമുക്ക്. രാജ്യത്തെ നീതിന്യായ സംവിധാനത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, ഭരണകൂട പിന്തുണയുള്ള ഒരുകൂട്ടം ഹിന്ദുത്വ അക്രമിക്കൂട്ടം നടത്തുന്ന സ്ഥാപനവൽകൃതകൊലകളാണ് ഓരോന്നും. ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്ത രണ്ടുസംഭവങ്ങളിൽനിന്ന് ഇവയുടെ പൊതുസ്വഭാവം വ്യക്തമാണ്.
ജനുവരി 28ന് ഹരിയാനയിലെ മെവാത്ത് സ്വദേശി വാരിസ് (22) കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുകയായിരുന്ന വാരിസ് അടക്കമുള്ള മൂന്നു മുസ് ലിം യുവാക്കളെ തടഞ്ഞുനിർത്തി മർദിക്കുകയും കൂടുതൽ ക്രൂരത നേരിട്ട വാരിസ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇതിനെക്കാൾ അപകടകരമായിരുന്നു ഈ സംഭവത്തെ പൊലിസ് നേരിട്ട വിധം. സംഭവം വാഹനാപകടമാക്കി മാറ്റാനാണ് പൊലിസ് ആദ്യം ശ്രമിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ബജ്‌റംഗ്ദൾ ഗുണ്ടകൾ തന്നെ പ്രചരിപ്പിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങളും പൊലിസ് ഭാഷ്യം എത്രമാത്രം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. കൊല്ലപ്പെട്ട യുവാവിനെതിരേ ഹരിയാന പൊലിസ് പശു സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പശുക്കടത്തുകാർ എന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദൾ ഗുണ്ടകൾ മുസ് ലിം യുവാക്കളെ തല്ലിച്ചതച്ചത്. എന്നാൽ, പൊലിസിന്റെ ആരോപണങ്ങൾ നിഷേധിച്ച വാരിസിന്റെ സഹോദരൻ ഇമ്രാൻ, യുവാവ് കാർ മെക്കാനിക്ക് ആണെന്നും പശുക്കടത്ത് സംഘവുമായോ മറ്റോ ബന്ധവുമില്ലെന്നും പറഞ്ഞിട്ടുണ്ട്.
വാരിസ് സംഭവത്തെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കെയാണ് ഹരിയാനയിലെ ഭിവാനിയിൽ രണ്ടു മുസ് ലിം യുവാക്കളെ പശുവിന്റെ പേരുപറഞ്ഞ് കൊലചെയ്തത്. ജുനൈദ്, നാസിർ എന്നീ ചെറുപ്പാക്കാരെ വാഹനം തടഞ്ഞ് ക്രൂരമായി മർദിച്ച ശേഷം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. ജുനൈദും നാസിറും സഞ്ചരിച്ച വാഹനത്തിനുള്ളിലിട്ട് തീയിടുകയായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. ഇവിടെയും ഹിന്ദുത്വവാദികളായ അക്രമിക്കൂട്ടങ്ങൾക്ക് ന്യായീകരണവുമായി പൊലിസ് രംഗത്തുവന്നു. പശുക്കടത്തുകാരുടെ മൃതദേഹമാണ് അതെന്നാണ് പൊലിസ് പറഞ്ഞത്.
ഈ രണ്ടുസംഭവങ്ങളിലെയും കുറ്റവാളികളും ഏറെക്കുറേ ഒന്ന് തന്നെയാണ്. ഉത്തരേന്ത്യയിൽ എവിടെയും പശുവിന്റെ പേരിൽ ഭീകരത നടക്കുമ്പോഴും അവിടെയെല്ലാം ഉയർന്നുകേൾക്കാറുള്ള പേരാണ് മോനു മനേസർ എന്ന ബജ്‌റംഗ്ദളുകാരന്റേത്. വാരിസിനെ കൊലപ്പെടുത്തിയത് മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചതു പോലെ, ഭിവാനിയിൽ കൊല്ലപ്പെട്ട ജുനൈദിന്റെയും നാസിറിന്റെയും കുടുംബവും മോനു മനേസറും സംഘവുമാണ് ഇത് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. വാരിസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മോനുമനേസറിനെതിരേ പൊലിസ് രജിസ്റ്റർചെയ്ത കേസ് നിലനിൽക്കെയാണ് ഭിവാനിയിൽ കഴിഞ്ഞദിവസവും ഇയാൾ കൊലയ്ക്ക് നേതൃത്വം നൽകിയത്. അതിനും മുമ്പ് ഇയാൾ നിരവധി മുസ് ലിം ചെറുപ്പാക്കാർക്കെതിരേ വർഗീയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. അതിന്റെ പേരിൽ നിയമനടപടി നേരിടുകയാണിപ്പോൾ.
മോനു മനേസർ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന 2021 ജൂലൈ നാലിലെ വിഡിയോകളിലൊന്നിൽ അയാൾ പ്രസംഗിക്കുന്നത് ഇപ്രകാരമാണ്: ലൗജിഹാദിലും പശുക്കടത്തിലും ഉൾപ്പെട്ടവരുടെ പേര് നിങ്ങൾ തരൂ. നമ്മുടെ വല്യേട്ടൻ ഇവിടെയുള്ളതിനാൽ പൊലിസ് കേസ് പേടിക്കേണ്ട. നിങ്ങൾ പേര് തന്നാൽ മതി. ഞങ്ങൾ അവരെ പാഠം പഠിപ്പിച്ചോളാം. ഞങ്ങൾ അവരെ ആക്രമിക്കും. അതാണ് പരിഹാരം. നമ്മുടെ മതത്തിനു നേരെ ചൂണ്ടിയ വിരലുകളോട് ഒത്തുതീർപ്പുമില്ല. സംസാരം ഒന്നിനും പരിഹാരമല്ല, കൈകാര്യംചെയ്യൽ മാത്രമാണ് പരിഹാരം''- നിറഞ്ഞ കൈയടിയോടെയാണ് ഹരിയാനയിലെ ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ മോനമനേസറുടെ ഈ വാക്കുകളെ അക്രമാസക്തഹിന്ദുത്വ ആൾക്കൂട്ടം ഏറ്റെടുക്കുന്നത്.
ഹരിയാനയിൽ മാത്രം മോനുമനേസറിന്റെ കീഴിൽ 60- 70 വ്യത്യസ്ത ഗോരക്ഷാ സേന ഗ്രൂപ്പുകളുണ്ട്. ഇവർക്ക് വാഹനങ്ങളുണ്ട്, തോക്ക് ഉൾപ്പെടെയുള്ള ആയുധവും ലഭിക്കുന്നു. വേണ്ടുവോളം പണവും ഉണ്ട്. ആരാണ് ഇത്തരം ഭീകരകൂട്ടങ്ങൾക്ക് പണവും ആയുധവും വാഹന സൗകര്യവും ചെയ്തുകൊടുക്കുന്നത്? ഉത്തരം മോനു മനേസറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ സന്ദേശങ്ങളും പിന്തുണയും തന്നെയാണ്. ഫേസ്ബുക്കിൽ എൺപതിനായിരത്തിനടുത്ത് ഫോളോവേഴ്‌സും യുടൂബിൽ രണ്ടുലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ആണുള്ളത്. വാഹനങ്ങൾ തടഞ്ഞ് കന്നുകാലികളെ പിടികൂടി ഇറക്കിവിടുന്നതിന്റെയും ബീഫ് തട്ടിയെടുക്കുന്നതിന്റെയും വിഡിയോകളും ചിത്രങ്ങളുമാണ് ഫേസ്ബുക്ക്, യുടൂബ് പേജുകളിൽ നിറയെ. കാലിക്കടത്തുകാരെന്ന് ആരോപിച്ച് തടഞ്ഞുവയ്ക്കപ്പെടുകയോ, മർദനമേറ്റ് കരുവാളിച്ച് വീർത്തുകെട്ടുകയോ ചെയ്തവരുടെ മുഖമാണത്രയും. ഈമട്ടിലുള്ള നിരവധി മനുഷ്യരുടെ ചിത്രങ്ങളും കാണാം.
തോക്ക് ഉപയോഗിക്കുന്നതും കന്നുകാലികളുമായി പോകുന്ന വാഹനങ്ങൾക്കുനേരെ വെടിവയ്ക്കുന്നതുമായ വിഡിയോകളും കാണാമെങ്കിലും രാജ്യത്തെ നിയമത്തിന്റെ കരങ്ങളിൽ ഇയാൾ കുടുങ്ങിയിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുൻധനമന്ത്രി അരുൺജെയ്റ്റ്‌ലി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, യോഗഗുരുവും വ്യവസായിയുമായ ബാബാ രാംദേവ് തുടങ്ങിയവർക്കൊപ്പമുള്ള മോനു മനേസറിന്റെ ചിത്രങ്ങളും നമുക്ക് ദൃശ്യമാണ്. കൂടാതെ ജില്ലാ സിവിൽ ഡിഫൻസ് ടീം അംഗം കൂടിയാണ് മോനു മനേസർ.
ഇങ്ങനെയുള്ള മോനു മനേസർമാരാണ് സംഘ്പരിവാർ ഭരണത്തണലിൽ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആദിവാസികളെയും പശുവിന്റെ പേരിൽ തല്ലിച്ചതയ്ക്കുന്നത്. ആൾക്കൂട്ട മർദനങ്ങൾക്കും കൊലകൾക്കുമെതിരേ ഒന്നിലധികം തവണ സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ മൗനമാണ് ഇത്തരം തീവ്രവാദിക്കൂട്ടങ്ങൾക്ക് വളമാകുന്നത്. ജുഡിഷ്യറിയുടെ കടുത്തതും ജാഗ്രത്തുമായ ഇടപെടലുകളിലൂടെ മാത്രമെ ഇത്തരം അരുംകൊലകൾക്ക് അറുതിവരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."