കുഴല്‍പ്പണം കൊണ്ടുവന്നത് ഏതു പാര്‍ട്ടിക്കു വേണ്ടിയെന്ന് വ്യക്തമല്ല: ഡി.ജി.പി
തിരുവനന്തപുരം: കര്‍ണാടകയില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ കൊടകരയില്‍ വച്ച് കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. കുഴല്‍പ്പണം കൊണ്ടുവന്നത് ഏതു പാര്‍ട്ടിക്കു വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യല്‍ നടക്കുന്നതായും ഡി.ജി.പി വിശദീകരിക്കുന്നു. തൃശൂര്‍ റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടും കമ്മിഷനു കൈമാറിയിട്ടുണ്ട്.
വാഹനക്കവര്‍ച്ചക്കേസില്‍ ഒന്‍പതുപേര്‍ ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, തൃശൂര്‍ സ്വദേശികളാണ് പിടിയിലായത്. കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്ത ഏഴുപേരും ഇവര്‍ക്ക് താമസമൊരുക്കിയ രണ്ടുപേരുമാണിത്. എറണാകുളത്തെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്താല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലിസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും തൃശൂര്‍ റൂറല്‍ എസ്.പി ജി പൂങ്കുഴലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനത്തില്‍ പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോര്‍ന്നു കിട്ടി, ഈ പണം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്. സംഭവത്തില്‍ പ്രധാന പ്രതിയെന്നു കരുതുന്ന രഞ്ജിത്തിനെ പിടികൂടാനുളള ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം ബി.ജെ.പിക്കു വേണ്ടി കൊണ്ടുവന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."