'പ്രതിപക്ഷ സമരത്തിന്റെ പേരില്‍ ഇന്ധന സെസ് ഒരു രൂപ പോലും കുറക്കില്ല' എം.വി ഗോവിന്ദന്‍
കണ്ണൂര്‍: ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 'പ്രതിപക്ഷ സമരത്തിന്റെ പേരില്‍ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം' സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ നിലനില്‍പാണ് പ്രശ്‌നമെന്നും സര്‍ക്കാര്‍ നിലനില്‍ക്കണോ സെസ് പിന്വലിക്കണോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒന്നുകില്‍ ഈ ഗവണ്‍മെന്റ് നിലനില്‍ക്കണോ അല്ലെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ അന്ത്യം വേണോ?, സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്'- അദ്ദേഹം പറഞ്ഞു.
ബി.ജെ.പി, യു.ഡി.എഫ് സമരം അപഹാസ്യമാണെന്നും അതിന് വഴങ്ങില്ലെന്നും വ്യക്തമാക്കിയ എം.വി ഗോവിന്ദന്‍ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ലെന്നും കോണ്‍ഗ്രസും ബി.ജെ.പിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്‍കി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇന്ധന സെസ് എന്ത്‌കൊണ്ട് കുറയ്ക്കാതിരിക്കുന്നുവെന്നതില്‍ സര്‍ക്കാരിന് കൃത്യമായ കാരണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നല്‍കാനുണ്ട്. ആ തുക നല്‍കാതെ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ ഞെക്കി കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ കാസര്‍കോട് തുടക്കമാവുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള യാത്രയാണിത്. 2024ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് യാത്രയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
അതേസമയം കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിടുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശിവശങ്കറുമായി മുഖ്യമന്ത്രിയെ അടുപ്പിക്കാന്‍ ഏറെ കാലമായി ശ്രമം നടക്കുന്നു. കൈക്കൂലി വാങ്ങിയെങ്കില്‍ ശിവശങ്കര്‍ ജയിലില്‍ കിടക്കട്ടെയെന്നും അദ്ദേഹം വിശദമാക്കി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ അന്വേക്ഷണ പരിധിയില്‍ കൊണ്ടു വന്നാലും ഭയമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ''തുടര്‍ഭരണത്തിന് നെഗറ്റീവും പോസിറ്റീവുമായ വശങ്ങളുണ്ട്. നെഗറ്റീവ് മുളയിലെ നുളളും, സമൂഹത്തിലെ ഫ്യൂഡല്‍ ജീര്‍ണത പാര്‍ട്ടിയെയും ബാധിക്കും, ആലപ്പുഴയിലെ തമ്മിലടി പരിഹരിച്ചു, ഇനി എവിടെങ്കിലും പ്രശ്‌നങ്ങളുണ്ടങ്കില്‍ അതും പരിഹരിക്കും, ആവശ്യമായ ഇടപെടല്‍ നടത്താന്‍ പാര്‍ട്ടിക്ക് കഴിവുണ്ട്'' എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."