ആത്മീയയാനത്തിലെ സൂഫീകവികൾ
ആയിശാ ഹനീഫ്
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാകണം സാഹിത്യം. എന്നാൽ ചില സാഹിത്യങ്ങൾക്ക് അതിലും കവിഞ്ഞ തലങ്ങളുണ്ടായിരിക്കും. സാഹിത്യത്തിന്റെയും സാഹിത്യകാരന്മാരുടേയും സാമ്പ്രദായികതകളെയും ഭാവുകത്വങ്ങളെയും കവച്ചുവച്ചുകൊണ്ടുള്ള കലാകാരന്മാരും കലാസൃഷ്ടികളും മലയാള മണ്ണിലുണ്ടായിരുന്നു എന്നതിനു നേർസാക്ഷ്യമെന്നോണമുള്ള രണ്ട് കൃതികളാണ് സ്വലാഹുദ്ദീൻ അയ്യൂബിയുടെ ഇച്ച മസ്താൻ, കടായിക്കൽ എന്നീ പഠനങ്ങൾ (പ്രസിദ്ധീകരണം: ബുക്പ്ലസ്). ഈ കൃതികളെ പഠനങ്ങളെന്നു വർഗീകരിക്കാമെങ്കിലും പഠനങ്ങളെന്ന നിയതാർഥത്തിൽ ഈ പുസ്തകങ്ങളെ സമീപിക്കുന്നത് എഴുത്തുകാരനോടുള്ള അനീതിയാകും. പഠനങ്ങൾ പലപ്പോഴും റഫറൻസ് ഗ്രന്ഥങ്ങളെപ്പോലെയാണ്. ഒരു കാര്യം മനസിലാക്കാൻ എടുത്തുവായിക്കുന്നു, കാര്യങ്ങൾ മനസിലാക്കിയശേഷം എടുത്തു വെക്കുന്നു. വീണ്ടും ചില സംശയങ്ങൾ വരുമ്പോൾ എടുക്കുന്നു, വായിക്കുന്നു, തിരിച്ചുവെക്കുന്നു. അഥവാ പഠനങ്ങൾ മിക്കപ്പോഴും ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും ധർമ്മത്തേക്കാളുപരി വിജ്ഞാനസമ്പാദനത്തിന്റെ ധർമമാണ് വഹിക്കുന്നത്.
പല പഠനങ്ങളും ആഴമുള്ള ചിന്തകളിലേക്കും സംവാദങ്ങളിലേക്കും വായനക്കാരന്റെ മനസിനെ കൊണ്ടുപോകുമ്പോൾ മറ്റു പല കഥാകവിതാ സാഹിത്യങ്ങളും പഠനങ്ങൾക്കു നൽകാനാവാത്ത ആസ്വാദനത്തിലേക്കും വിനോദത്തിലേക്കും വായനക്കാരെ കൊണ്ടുപോകാറുണ്ട്. എന്നാൽ, ഒരേ സമയം അങ്ങേയറ്റം ആനന്ദദായകവും വിജ്ഞാനസമ്പന്നവുമായ സാഹിത്യത്തെ എങ്ങനെ സംബോധന ചെയ്യും... അത്തരത്തിലുള്ള പഠനങ്ങൾ മലയാളത്തിൽ സംഭവിച്ചിട്ടില്ലെന്നല്ല, സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് തുലോം വിരളവുമാണ്. ആസ്വാദനാനുഭവങ്ങളുടെ തലങ്ങളെ വെട്ടിക്കുറച്ച് ആവശ്യവും അനാവശ്യവുമായ സിദ്ധാന്തങ്ങൾ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞെത്തുന്ന പഠനങ്ങൾ ഒരു നിർമിത പൂന്തോട്ടത്തിന്റെ പ്രതീതിയാണ് വായനക്കാരനു തരിക. അത്തരം പഠനങ്ങൾ വേണ്ടെന്നോ, അവയെ വിമർശിക്കുകയോ അല്ല, പലപ്പോഴം അക്കാദമിക മേഖലകളിൽ അത്തരം ഗ്രന്ഥങ്ങൾക്ക് വലിയ പ്രസക്തിയുമുണ്ട്. വായനക്കാരൻ എന്ന നിലയിൽ സഹൃദയത്വം സൃഷ്ടിക്കുന്ന ഏതൊരു സാഹിത്യത്തോടുമുള്ള ആഭിമുഖ്യം സാഹിത്യ പഠനങ്ങളിലും വേണം.
സാഹിത്യപഠിതാക്കൾക്ക് അജ്ഞാതമായൊരു സാഹിത്യത്തെയും കലാകാരന്മാരെയും നമ്മുടെ നടപ്പു സാഹിത്യത്തിന് ദഹിക്കാൻ വിമ്മിട്ടം തോന്നുന്ന വിധത്തിലുള്ള സാഹിത്യഭാവുകത്വത്തെയുമാണ് സ്വലാഹുദ്ദീൻ അയ്യൂബി തന്റെ പുസ്തകങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്. ആരെങ്കിലും എഴുതിവെച്ചതിനെ വായിച്ച് പല സിദ്ധാന്തങ്ങൾ ഉപയോഗിച്ച് കീറിമുറിക്കുന്ന ശസ്ത്രക്രിയാപഠനമല്ല ഈ പുസ്തകങ്ങൾ. പകരം, എഴുത്തുകാരനേയും അയാൾ എഴുതിയതിനെയും അതിനുള്ളിലെ ആശയത്തെയും തേടിയിറങ്ങിയപ്പോൾ കണ്ടെത്തിയ വിവരങ്ങളെ പരസ്പരം ഇണക്കി അവതരിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. പഠനത്തേക്കാളുപരി ആസ്വാദനത്തിന്റെയും ചരിത്രാഖ്യായികയുടെയും സ്വഭാവമാണ് ഈ പുസ്തകങ്ങൾക്കുള്ളതെന്നു പറയാം. ഒരു കാലത്ത് സമൂഹവും സംസ്കാരവും അനിഷ്ടത്തോടെ പിന്തള്ളിയതെല്ലാം ആധുനിക ജ്ഞാനിമങ്ങളുടെ ലോകത്ത് പ്രസക്തമാകുന്നൊരു പ്രവണതയുണ്ട്. നമ്മുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന പല കലകൾക്കും സാഹിത്യങ്ങൾക്കും ആസ്വാദനമൂല്യമുണ്ടെന്നും അവയെല്ലാം മഹത്തായ ദർശനങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും ആ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ജനത മനസിലാക്കിയിരുന്നില്ല. അല്ലെങ്കിൽ അത് മനസിലാക്കിയവരെയെല്ലാം പുച്ഛിക്കപ്പെട്ടു. പിന്നീട്, കാലങ്ങൾക്കിപ്പുറം കാലത്തിന്റെ വേഷങ്ങൾ കെട്ടി ഇവയെ അവതരിപ്പിക്കുമ്പോൾ നമ്മൾ ഇഷ്ടപ്പെടുന്നു. ഇവിടെ ആസ്വാദകരുണ്ടാകുന്നത് ഈ അവതരണങ്ങൾക്കാണോ ഇവയുടെ ആന്തരികാർത്ഥങ്ങൾക്കാണോ അതോ ഇവയുടെ പുതിയ കൂത്തു കോലങ്ങൾക്കാണോ...സൂഫിസവും സൂഫീകലകളും സാഹിത്യവുമെല്ലാം ഇപ്പറഞ്ഞ വിധം അവതരിപ്പിക്കപ്പെടുന്നൊരു കാലത്താണ് ഈ രണ്ടു പുസ്തകങ്ങൾക്ക് പ്രസക്തിയേറുന്നത്.
ഏകദേശം, എട്ടു വർഷങ്ങൾക്കു മുമ്പു തന്നെ അയ്യൂബിയുടെ ഈ പുസ്തകത്തിലുള്ള കവിതകളും അതെഴുതിയ കവികളെപ്പറ്റിയും സമൂഹമാധ്യമങ്ങളിൽ വിവിധങ്ങളായ വിവരങ്ങൾ പ്രചരിച്ചു വരുന്നുണ്ട്. ഈ കവിതകളുടെ അർത്ഥവും ആശയവും വിവിധ രീതികളിൽ അവതരിപ്പിച്ചും പോരുന്നുണ്ട്. എന്നാൽ ഈ കവിതകളുടെ സത്ത ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമൂഹമാധ്യമങ്ങളിൽ ലഭ്യമാവുന്ന വിവരണങ്ങൾ കൊണ്ട് ഉപകാരമുണ്ടോ എന്നു ചോദിച്ചാൽ അതൊട്ടില്ല താനും. അതുകൊണ്ട് തന്നെ ഇവിടെ പാടിപ്പറഞ്ഞു പോകുന്ന വിരഹഗാനങ്ങളുടെ കൂട്ടത്തിലേക്ക് ഈ കവിതകളും കവികളും പലപ്പോഴും ചേർത്തുവെക്കപ്പെട്ടു. വളരെ ചുരുക്കമെങ്കിലും ചിലരതിന്റെ പൊരുളുകൾ തേടിയിറങ്ങി. സ്വലാഹുദ്ദീൻ അയ്യൂബിയുടെ പതിനാറു വർഷങ്ങൾ നീണ്ട യാത്രകളുടെ, ഗവേഷണങ്ങളുടെ ഫലമാണീ പുസ്തകങ്ങൾ. ആ ഗവേഷണ ഫലങ്ങൾ ഇതിലൊതുങ്ങുന്നതല്ലെന്നു ഗ്രന്ഥകാരൻ തന്നെ പറയുന്നു. പല വിവരങ്ങളും എഴുത്തിന്റെ പണിശാലകളിലാണെന്ന് അദ്ദേഹം തന്നെ ഈ പുസ്തകങ്ങളിൽ പറയുന്നുണ്ട്. അല്ലെങ്കിലും പറഞ്ഞതിനപ്പുറം പറയാത്തതിൽ പൊരുളടങ്ങുന്ന സൂഫീകവിതകളിലെ രണ്ടു പ്രധാനികളെ കുറിച്ച് ചുരുങ്ങിയ താളുകളിൽ മാത്രം പറഞ്ഞുവെക്കാൻ ആരും ധൈര്യപ്പെടുകയുമില്ല.
ഇച്ച അബ്ദുൽ ഖാദർ മസ്താൻ, കടായിക്കൽ പുലവർ മൊയ്തീൻ കുട്ടിഹാജി എന്നിവരുടെ ജീവിതത്തിൽ, അവരുടെ കവിതകളിൽ സ്വലാഹുദ്ദീൻ അയ്യൂബി നടത്തിയ അന്വേഷണങ്ങളും യാത്രകളും വായനകളുമെല്ലാം ആണ് ഇച്ച മസ്താൻ, കടായിക്കൽ എന്നീ രണ്ടു പുസ്തകങ്ങൾ. അയ്യൂബിയുടെ പറച്ചിലുകളെല്ലാം പുസ്തകത്തിൽ പതിപ്പിക്കാനാവുമോ എന്നത് സംശയമാണ്. ഈ രണ്ടു വ്യക്തികളുടെ ജീവിതവും കവിതകളും പൂർണ്ണമായും പുസ്തകത്തിൽ ഒതുക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിലും കവികളേയും കവിതകളേയും ഒരുമിച്ച് പരിചയപ്പെടുത്തുന്ന പുസ്തകത്തിനു സലാഹുദ്ദീൻ അയ്യൂബി കാണിച്ച ആർജ്ജവത്തെ പ്രശംസിക്കാതിരിക്കാനാവില്ല. വർഷങ്ങളോളം ഈ സൂഫീകവികളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ ഒരാളിൽ നിന്നു തന്നെ ഇരുവരെ കുറിച്ചും അവരുടെ കവിതകളെക്കുറിച്ചും മനസിലാക്കാനുള്ള അവസരം മലയാളി വായനാസമൂഹത്തിനുണ്ടായി എന്നതിൽ നമ്മളും ഭാഗ്യവാന്മാരാണ്.
അറിയപ്പെടാതെ പോയ മലയാളത്തിലെ ഒരു കൂട്ടം കവിതകളും അവയുടെ സ്രഷ്ടാക്കളെയും കുറിച്ചാണ് ഈ രണ്ടു പുസ്തകങ്ങളും. ഇതിൽ ആദ്യകാലക്കാരനായുള്ള അബ്ദുൽ ഖാദർ എന്ന ഇച്ച മസ്താനെ കുറിച്ചാണ് ആദ്യ പുസ്തകം. ഒരു ചെറിയ അംശം സഹൃദയർക്കെങ്കിലും ഇച്ച മസ്താനെ അയ്യൂബിയുടെ പുസ്തകത്തിനു മുമ്പ് അറിയാൻ സാധ്യതയുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റു ചില സാഹിത്യചരിത്ര പുസ്തകങ്ങളിലും ഇച്ച മസ്താനെ കുറിച്ചുള്ള അവ്യക്തമായെങ്കിലുമുള്ള പരാമർശങ്ങളുണ്ട്. ഈ പരാമർശങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ചിത്രീകരണങ്ങളുമെല്ലാം ഇച്ച മസ്താൻ എന്ന സൂഫീകവിയെ കുറിച്ച് അയഥാതഥമായൊരു ചിത്രമാണ് സമൂഹത്തിൽ നിർമ്മിച്ചിരുന്നത്. സൂഫിസം എന്നാൽ എന്തെന്ന് മുസ്ലിം പുരോഗമനവാദികളും പരിഷ്കരണവാദികളും നിർമിച്ചു വെച്ചൊരു വാർപ്പുമാതൃകക്കകത്തായിരുന്നു ഇച്ച മസ്താൻ എന്ന സൂഫീ കവിയുമുണ്ടായിരുന്നത്. ആ ബിംബത്തെ ഉടക്കുകയും യഥാർത്ഥ ഇച്ച മസ്താൻ ആരായിരുന്നു അല്ലെങ്കിൽ എന്തായിരുന്നു എന്നുമുള്ള വിവരങ്ങളാണ് പുസ്തകത്തിന്റെ ആദ്യ ഭാഗം. സ്വലാഹുദ്ദീൻ അയ്യൂബി എന്ന യാത്രികനും അന്വേഷകനും പതിനാറു വർഷത്തെ ചരിത്രം പുറകോട്ടു നടന്ന് ഇച്ച എന്ന സൂഫിയെ, കവിയെ കണ്ടെന്നോണം അറിഞ്ഞ് പകർത്തിയ ജീവചരിത്ര വിവരങ്ങളാണിതിലുള്ളത്. ആ വിവരങ്ങളിൽ എഴുത്തുകാരന്റെ സ്വത്വപരവും സത്താപരവുമായ അന്വേഷണങ്ങളും അപഗ്രഥനങ്ങളും ഉൾച്ചേർന്നിരിക്കുന്നു.
കടായിക്കൽ പുലവർ മൊയ്തീൻകുട്ടി ഹാജിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെ കുറിച്ചും പറയുന്ന പുസ്തകത്തിന് ആദ്യ പുസ്തകത്തേക്കാൾ ചരിത്രപ്രസക്തിയുണ്ട്. ചരിത്രമേത്, മിത്തേത് എന്ന് വേർതിരിച്ചേടുക്കാൻ സാധിക്കാത്ത വിധത്തിലുള്ള ജീവിതമായിരുന്നു കടായിക്കൽ എന്ന സൂഫിയുടേത്. ആധുനികലോകത്ത് അമാനുഷികമെന്നോ, അവിശ്വസനീയമെന്നോ തോന്നുന്ന പലതും സൂഫികൾക്ക് അനായാസമായിരുന്നു. കടായിക്കലിന്റെ ജീവിതത്തിലെ സമാന സാഹചര്യങ്ങളെ കുറിച്ച് അയ്യൂബിക്കു അന്വേഷിച്ചു ലഭിച്ചതെല്ലാം ഈ പുസ്തകത്തിൽ കാണാം. പൊതുവേ, പഠനങ്ങൾ വസ്തുതാവിവരണങ്ങളുടെ ഊഷരതയിലേക്ക് വഴുതിവീഴുമ്പോൾ ഈ പഠനങ്ങൾക്ക് അനുപമമായൊരു ആർദ്രത ലഭിക്കുന്നത് യുക്തിയുടെ തുലാസിലിട്ട് സൂഫികളേയും അവരുടെ എഴുത്തുകളേയും അന്വേഷകൻ അളന്നില്ല എന്നതുകൊണ്ട് മാത്രമാണ്. മാനുഷിക ലോകത്തിനപ്പുറം ബന്ധങ്ങളുള്ളവരുടെ ജീവിതത്തെയും കൃതികളെയും കുറിച്ച് എഴുതുമ്പോൾ അതിൽ തുച്ഛമായ മാനുഷികലോകത്തിന്റെ യുക്തിയെ തിരഞ്ഞാൽ ഒന്നും ബാക്കിയുണ്ടാവില്ല, ബാക്കിയുള്ളതിനു പലതും അർത്ഥവുമുണ്ടാകില്ല. പഠനങ്ങളുടെ രീതിശാസ്ത്ര കടുംപിടുത്തങ്ങളെ മാറ്റിനിർത്തിക്കൊണ്ട് മാത്രമേ ഇത്തരം സൂഫികളെയും അവരുടെ കൃതികളെയും സമീപിക്കാവൂ. ഒരുപക്ഷേ ഈ പുസ്തകങ്ങൾ അതിനുള്ള നല്ല മാതൃകയാണു താനും.
സൂഫിസത്തിന് ആവശ്യവും അനാവശ്യവുമായ വേദികളിലൊക്കെ പ്രാധാന്യം ലഭിക്കുന്നൊരു കാലമാണ്. സൂഫീ ആക്ടിവിസത്തെ കുറിച്ച് ചർച്ചകളും ഏറെയാണ്. സൂഫികളായ പലരും ചരിത്രത്തിൽ അധിനിവേശ ശക്തികൾക്കെതിരെ സായുധരായി രംഗത്തെത്തിയിട്ടുണ്ട് എന്ന ആഖ്യാനത്തിനും അതുവഴി സായുധ പ്രതിഷേധങ്ങളെ മഹത്വവൽക്കരിക്കുന്ന ഒരു പ്രവണതയും പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. കടായിക്കലിന്റെ ജീവിതവും കവിതകളും ഒരു വായനാസമൂഹത്തിലേക്കെത്തുമ്പോൾ സമാനമായ സൂഫീ ആക്ടിവിസത്തിന്റെ അലയൊലികൾ ആ ജീവിതത്തിലും കാണാം. അദ്ദേഹം അധിനിവേശ ശക്തികൾക്കെതിരെ വിവിധ തരത്തിൽ പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു. ഇതെല്ലാം തന്നെ അനിഷേധ്യ വാസ്തവങ്ങളായി സ്വലാഹുദ്ദീൻ അയ്യൂബി തന്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ കടായിക്കലിന്റെ പോരാട്ടം അതേതു തരത്തിലുമുള്ളതായിരുന്നാലും അതിന്റെ മൌലികത അതൊരു സൂഫിയുടെ പ്രവർത്തനങ്ങൾ ആയിരുന്നു എന്നതാണ്. മാനുഷിക ലോകത്തെ പ്രശ്നങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചത് അദ്ദേഹത്തിന് അമാനുഷികമായ പല സഹായങ്ങളും ലഭ്യമായിരുന്നു എന്നുള്ളതു കൊണ്ടാണ്. സാധാരണക്കാരായ ഒരാളേയും അദ്ദേഹം ഇതിനായി പ്രോത്സാഹിപ്പിട്ടില്ല. ഒരുപക്ഷേ കടായിക്കലിന്റെ ജീവിതവും പ്രവർത്തനങ്ങളും ഇത്തരത്തിൽ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടുകയും സൂഫീ ആക്ടിവിസത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ പല സായുധ പ്രവർത്തനങ്ങളിലേക്കും നയിക്കാൻ കടായിക്കലിന്റെ ജീവിതവും കവിതകളും ദുരുപയോഗപ്പെടുത്തിയാലോ എന്നൊരു സാധ്യത മുന്നിൽക്കണ്ടു കൊണ്ടാവണം സ്വലാഹുദ്ദീൻ അയ്യൂബി അത്തരം വ്യാഖ്യാനങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്നുണ്ട്.
ഇച്ചയെ കുറിച്ചോ കടായിക്കലിനെ കുറിച്ചോ രണ്ടു പുസ്തകങ്ങളിൽ ഒതുക്കാനാവില്ലെന്നതു പോലെ ഈ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന അവരുടെ ജീവിതത്തെ കുറിച്ചും കവിതകളുടെ ഉൾസാരത്തെ കുറിച്ചും മുഖവുര നൽകാൻ പോലും ഒരു കുറിപ്പിനു സാധിക്കില്ല. ഓരോ വായനക്കാരന്റേയും ആത്മീയായനങ്ങളെ ഉൾച്ചേർത്തു വായിക്കുമ്പോൾ മാത്രമേ ഈ ജീവിതങ്ങളും ഈ കവിതകളും ഒരു പോലെ അനുഭവവേദ്യമാകൂ. അതിനായി ഒരു സഹായഗ്രന്ഥം കണക്കേ നിലവിൽ സാഹിത്യപരിപ്രേക്ഷ്യത്തിൽ നിലനിൽക്കുന്ന കൃതികൾ ഇവ രണ്ടും മാത്രമാണെന്നതിനാൽ സാഹിത്യവിദ്യാർത്ഥികൾക്കും ആത്മീയാന്വേഷകർക്കും സൂഫിസത്തിന്റെ ഗൂഢതലത്തിലേക്ക് വാതിലുകൾ തുറന്നു നൽകാൻ ഈ പുസ്തകങ്ങൾക്കു സാധിക്കും, അല്ലെങ്കിൽ ഇവക്കു മാത്രമേ സാധിക്കൂ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."