മാപ്പിളസൈന്യം സംരക്ഷിച്ച മന
ജാഫർ ഈരാറ്റുപേട്ട
മനകൾ ധാരാളമുള്ള നാടാണ് കേരളം. എന്നാൽ മരനാട്ടുമന പോലെ മറ്റൊന്നുണ്ടാവില്ല. പ്രൗഢിയിലും വലിപ്പത്തിലും കേരളത്തിലെ ഏറ്റവും വലിയ ഇല്ലങ്ങളിലൊന്നാണത്. പതിനാറ് കെട്ടിൽ പരിലസിക്കുന്ന മരനാട്ടുമനക്ക് മാരാട്ടുമന എന്നും പേരുണ്ട്. മൂന്ന് നിലകളുള്ള പടിഞ്ഞാറ്റി മാളികയ്ക്ക് മാത്രം ഏതാണ്ട് 5,000 ചതുരശ്ര അടിയും പത്തായപ്പുരയ്ക്ക് 6,000 ചതുരശ്ര അടിയും വിസ്തൃതിയുണ്ട്. ഏറനാട്ടിൽ ചെമ്പ്രശ്ശേരി അംശം കൊടശ്ശേരി ദേശത്താണ് മരനാട്ടുമന സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിന്റെ പേര് തന്നെയാണ് നാടിനും, മരനാട്ടുമന. മഹാരാഷ്ടയിൽ നിന്ന് വന്നവരാണ് മരനാട്ടുമനയിലെ പൂർവികർ. കർണാടകയിലൂടെ വന്ന് നിലമ്പൂർ കാടുകളിലെ കരുളായിൽ എത്തിയെന്നാണ് ചരിത്രം. കൊടും വനമായ കരുളായി വനത്തിൽ ഒരു ഗ്രാമം പോലെയുള്ളതായി പറയപ്പെടുന്നു. പുഴയിലേക്ക് പടവുകളും മറ്റും ഇപ്പോഴും കാണാമത്രെ. വനമായതുകൊണ്ടാകാം പിന്നീട് സൗകര്യാർഥം അവർ ഇവിടേക്ക് മാറിത്താമസിച്ചത്. 300 കൊല്ലമായിമരനാട്ടുമന ഇവിടെയുള്ളതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഭൂമി നൽകി കൃഷിക്കാരായ കുടിയാന്മാരോട് പാട്ടം പിരിച്ച് സുഖമായി കഴിയുന്നവരായിരുന്നില്ല മരനാട്ടുകാർ. മനതന്നെ നേരിട്ട് കൃഷി ചെയ്തു. ഭൂമി എപ്പോഴും കർഷകന്റെ കൈവശം തന്നെയായിരുന്നു എന്ന് സാരം.
മലബാർ സമരത്തിലെ മന
ചെറിയ ചെറിയ മാപ്പിള ലഹളകൾ മലബാറിൽ നേരത്തെ നടന്നിരുന്നു. എന്നാൽ മലബാർ സമരം എന്നറിയപ്പെടുന്നത് 1921ലെ മാപ്പിള പോരാട്ടത്തെയാണ്. അതിന്റെ നായകനായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കൃഷിപ്പണിക്കായി മാരാട്ടേക്ക് ആളുകളെ എത്തിച്ചുനൽകിയിരുന്നു അദ്ദേഹം. ആദ്യകാലങ്ങളിൽ വാരിയൻകുന്നൻ സമരരംഗത്ത് ഉണ്ടായിരുന്നില്ല. പിതാവ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജി ആയിരുന്നു അക്കാലത്ത് നേതാവ്. മാരാട്ട് മനയുമായി നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം.
1921ൽ എട്ട് പോത്തുകളും ആയിരത്തിലധികം രൂപയും വാരിയൻകുന്നനും സംഘത്തിനും കൊടുത്തതായി മാരാട്ടെ കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജി പലപ്പോഴുംവന്ന് പണം ചോദിക്കുകയും കൊടുക്കുകയും ചെയ്തിരുന്നു. മാരാട്ടേക്ക് അദ്ദേഹം നേരിട്ടാണ് വന്നിരുന്നത്. പിതാവിന്റെ കാലംമുതൽ എപ്പോഴും കയറിവരാമായിരുന്ന തറവാടായിരുന്നു അത്. 500, 250 രൂപവിതം രണ്ടുമൂന്ന് തവണ കൊടുത്തതായി രേഖയുണ്ട്. പലപ്പോഴും പണമായി ഇല്ലത്ത് അധികം സൂക്ഷിക്കാറില്ലല്ലൊ. നെല്ല്, തേങ്ങ, കന്നുകാലികൾ തുടങ്ങിയ ഉൽപ്പന്നങ്ങളും കൊണ്ടുപോയിട്ടുണ്ട്.
മനയ്ക്ക് മതിലായി വാരിയൻകുന്നൻ
മരനാട്ട് മനയെ സംബന്ധിച്ചിടത്തോളം പറയാനുള്ളത് മറ്റൊരു കഥയാണ്, ഇനിയും വേണ്ടത്ര ചർച്ച ചെയ്യാതെപോയ സംഭവം. കലാപത്തിൽ നിന്ന് തന്റെ ജന്മിമാരായ മരനാട്ട് മനക്കാരെ രക്ഷിക്കാൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നേരിട്ട് ഇടപെട്ട ചരിത്രകഥ! ബ്രിട്ടിഷുകാരുടെ കുതന്ത്രഫലമായി സ്വാതന്ത്ര്യസമരപ്രക്ഷോഭം കലാപമായി മാറിത്തുടങ്ങി. പലസ്ഥലത്തും പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടായപ്പോൾ ധാരാളം ഹിന്ദുക്കൾ മാരാട്ട് മനയിൽ അഭയം തേടിയിരുന്നു. പോരാട്ട നാളുകളിൽ കലഹമുണ്ടാക്കാനും ആളുകൾ കാണുമല്ലോ. അപ്പോൾ വാരിയൻകുന്നൻ മരനാട്ടുമനയിൽവന്ന് അവിടുത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയെ കണ്ട് നാട്ടിലെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ ഒതുങ്ങുന്നതുവരെ തൽക്കാലം മാറിത്താമസിക്കാൻ അദ്ദേഹം നിർദേശിച്ചു. ഓരോ ദിനവും കേൾക്കുന്ന വിവരങ്ങൾ സുബ്രഹ്മണ്യൻ നമ്പൂതിരി മനസ്സിലാക്കിയിരുന്നു. അഭയം തേടിയവരടക്കം ഏതാണ്ട് നൂറിലധികം പേരുണ്ടായിരുന്നു അപ്പോൾ മനയിൽ. മനയിൽ നിന്നും 50 കിലോമീറ്റർ ദൂരത്തുള്ള തിരൂർ റെയിൽവേ സ്റ്റേഷൻവരെയും സായുധരായ മാപ്പിളസൈന്യം അകമ്പടി സേവിച്ചു. മുപ്പത് കാളവണ്ടികളായിരുന്നു യാത്രക്കായി ഏർപ്പെടുത്തിയിരുന്നത്. തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മരനാട്ടുമനയിലുള്ളവർക്കെല്ലാം സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കിയിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
തൃശൂർ ചേർപ്പിൽ തീവണ്ടിയിലെത്തി കിരങ്ങാട്ട് മനയിലും വെള്ളാമ്പറമ്പ് മനയിലുമായി മാരാട്ടെ സംഘം താമസിച്ചു. ആറു മാസം കഴിഞ്ഞ് കലാപമൊതുങ്ങി. സമരം അടിച്ചമർത്തി, ബ്രിട്ടിഷുകാർ വാരിയൻകുന്നനെ തടവിലാക്കി. മാരാട്ടെ കുടുംബക്കാരെല്ലാം ഒമ്പത് മാസത്തോളം തൃശൂരിൽ താമസിച്ച് മടങ്ങിയെത്തിയപ്പോൾ അത്ഭുതമെന്ന് പറയട്ടെ, ഒന്നിനും യാതൊരുകേടുപാടും ഉണ്ടായില്ല. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മന സംരക്ഷിച്ചു നിർത്തിയെന്നു സാരം.
സവർണറെ മൊത്തം
ആക്ഷേപിക്കരുത്
മതവിശ്വാസം മനുഷ്യന് ആവശ്യമാണെന്നും അവനവന്റെ മതം എന്തുതന്നെയായാലും അത് നന്മയിലേക്ക് നയിക്കുമെന്നും മനയിലെ ഇപ്പോഴത്തെ കാരണവരും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ എൻജിനീയറുമായിരുന്ന ശ്രീമോഹനൻ നമ്പൂതിരിപ്പാട് പഴയ വിവരങ്ങളിലൂടെ തൻ്റെ നിലപാടുകൾ വ്യക്തമാക്കി. സവർണരെ ആകമാനം അധിക്ഷേപിക്കുന്നത് ശരിയല്ല. മുൻകാലങ്ങളിൽ മോശക്കാരായി ചിലർ ഉണ്ടായിരുന്നിരിക്കാം. ഒരുകാലത്ത് എന്തിനും ആശ്രയിക്കാവുന്ന ഇടമായിരുന്നു തറവാടുകൾ. അതുകൊണ്ടാണല്ലോ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവർ അത്തരം തറവാടുകൾക്ക് സംരക്ഷണമൊരുക്കിയത്.
ഇ.എം.എസും വി.ടിയും നയിച്ച നവോത്ഥാന പ്രവർത്തനങ്ങളിൽ അഛനും ആകൃഷ്ടനായി. വായിക്കാനും പഠിക്കാനും നമ്പൂതിരിമാരെ പ്രേരിപ്പിച്ചത് ഇ.എം.എസിന്റെ സ്വാധീനത്താലാണ്. 1938-ൽ കൊടശ്ശേരിയിൽ വിവേകദായിനി എന്ന പേരിൽ ഗ്രന്ഥശാല തുടങ്ങിയിരുന്നു. അക്കാലത്ത് പൊതുസ്കൂളുകളിൽ പഠിക്കാൻ വിലക്കുള്ള നമ്പൂതിരി പെൺകുട്ടികൾക്കായി കരിക്കാട്ട് നമ്പൂതിരി വിദ്യാലയം തുടങ്ങി. നവോത്ഥാനരംഗത്ത് നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന അച്ഛൻ എം.എസ്. നമ്പൂതിരിപ്പാട്, 1953ൽ ചെമ്പ്രശ്ശേരി എ.യു.പി സ്കൂൾ ആരംഭിച്ചു. പ്രദേശത്തെ മികച്ച സ്കൂളുകളിൽ ഒന്നായി ഇപ്പോഴത് മുന്നേറിക്കൊണ്ടിരിക്കുന്നു-ശ്രീമോഹനൻ നമ്പൂതിരിപ്പാട് പറഞ്ഞു.
മരനാട്ട് തറവാട്ടിലെ അഭ്യസ്തവിദ്യരായ വനിതകളിൽ പലരും ഇന്നവിടെ അധ്യാപകരാണ്. ലാഭകരമല്ലെങ്കിലും കൃഷി ആത്മസംതൃപ്തിയും മാനസിക സുഖവുമാണ്. കലർപ്പില്ലാത്ത സാധനം ഞങ്ങൾക്കെന്നപോലെ നാട്ടുകാർക്ക് കുറച്ചുപേർക്കെങ്കിലും കിട്ടുമല്ലോ- അത് പറയുമ്പോൾ എൻജിനീയറായിരുന്ന ശ്രീമോഹനൻ തികഞ്ഞ കർഷകനാവുന്നു. സഹധർമിണി ചേർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി തൃക്കടീരി ശ്രീദേവിയും അത് ശരിവച്ചു. നീക്കിയിരിപ്പായി ഏക്കർകണക്കിന് സ്ഥലവും വേണ്ടത്ര പണവുമുണ്ടായിട്ടും മാരാട്ടെ ഒരാളും വെറുതെ ഇരുന്നില്ല. മിനക്കെട്ട് പഠിച്ച് തൊഴിൽ സമ്പാദിച്ചു, ജോലി ചെയ്തു. സാമൂഹിക, സാംസ്കാരിക മേഖലയിലും നേതൃത്വം നൽകിക്കൊണ്ട് നാട്ടിലും മറുനാട്ടിലുമായി കഴിയുന്നു.
ഇന്നത്തെ തലമുറയിലെ അഞ്ച് താവഴിക്കാർ വർഷാവർഷം ഊഴമിട്ടാണ് ഇല്ലം പരിപാലിക്കുന്നത്. ലോകത്ത് എവിടെയാണെങ്കിലും തങ്ങളുടെ ഊഴമെത്തുമ്പോൾ അവർ ഇല്ലത്തെത്തും. എല്ലാ വിശേഷങ്ങളും ആചാരങ്ങളും മുടക്കമില്ലാതെ നടക്കുമ്പോൾ വിദേശത്തും സ്വദേശത്തുമുള്ള മാരാട്ടുകാരെല്ലാം തറവാട്ടിൽ ഒന്നിച്ചുകൂടി ആ ചടങ്ങിൽ പങ്കെടുക്കും. എല്ലാറ്റിനും സാക്ഷിയായി കാനിബാൾ ട്രീ എന്ന നാഗപുഷ്പ മരം മാരാട്ടെ തൊടിയിൽ ഇന്നും തല ഉയർത്തി നിൽക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."