ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല; ഏഴുമാസമായിട്ടും ഔദ്യോഗിക വസതി ഒഴിയാനാവാതെ ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: കുടുംബത്തില്‍ ഒന്നിനുപിറകെ ഒന്നായി ദുരന്തമുണ്ടായതോടെ വിരമിച്ച് ഏഴുമാസത്തിലേറെയായിട്ടും ഡല്‍ഹി അക്ബര്‍ റോഡിലെ ഔദ്യോഗിക വസതി ഒഴിയാനാവാതെ സുപ്രിംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര. വിരമിച്ച് ഒരുമാസത്തിനുശേഷം ബംഗ്ലാവ് ഒഴിയണമെന്നാണ് നിയമം. എന്നാല്‍ അരുണ്‍ മിശ്രയ്ക്ക് അതിനു സാധിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ രണ്ടിനാണ് മിശ്ര വിരമിച്ചത്. ഒക്ടോബര്‍ രണ്ടിനുള്ളില്‍ അദ്ദേഹം വീടൊഴിയേണ്ടതായിരുന്നു. തൊട്ടടുത്ത ദിവസം സഹോദരീഭര്‍ത്താവ് മരിച്ചു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ നാല് അടുത്ത ബന്ധുക്കളാണ് ഒന്നിനുപിറകെ ഒന്നായി മരിച്ചത്. ഇതോടെ മിശ്രയ്ക്ക് ഈ വര്‍ഷം ജനുവരി വരെ ഡല്‍ഹിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് 31 വരെ ബംഗ്ലാവില്‍ താമസിക്കാനുള്ള അനുവാദം സുപ്രിംകോടതി മിശ്രയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് അവസാനമായതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യയുടെ ആരോഗ്യസ്ഥിതി ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. അതോടെ ഈ മാസം 30 വരെ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മിശ്ര സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി പ്രതികരിച്ചിട്ടില്ല. ഭാര്യയുടെ രോഗം പൂര്‍ണമായും മാറിയാല്‍ വസതിയൊഴിയാനാണ് മിശ്രയുടെ തീരുമാനം. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന പദവികളൊന്നും സ്വീകരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 26ല്‍ നിന്ന് 34 ആക്കി ഉയര്‍ത്തിയതോടെ പുതിയ ജഡ്ജിമാര്‍ക്കു നല്‍കാന്‍ ല്യൂട്ടന്‍സ് ഡല്‍ഹിയില്‍ ആവശ്യത്തിനു വീടില്ലാത്ത സാഹചര്യമുണ്ട്. വിവാദമായ നിരവധി വിധികള്‍ക്കു പിന്നാലെയാണ് മിശ്ര സുപ്രിംകോടതിയില്‍നിന്ന് വിരമിച്ചത്. ജസ്റ്റിസ് ലോയയുടെ മരണമടക്കമുള്ള കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ചെന്ന ശക്തമായ ആരോപണം മിശ്ര നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."