HOME
DETAILS

ദുരന്തവും അവസരമാക്കുന്ന കോര്‍പറേറ്റുകള്‍

  
backup
April 27 2021 | 23:04 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

കൊവിഡിനെതിരേയുള്ള യുദ്ധം വിജയിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. ആ പ്രഖ്യാപനത്തിനൊപ്പം നമ്മളിന്ന് കേള്‍ക്കുന്ന ഏറ്റവും സുപരിചിതമായ ശബ്ദം ആംബുലന്‍സിന്റേതാണ്. ഏത് റോഡിലും ഏത് സമയത്തും. വെളുത്ത പൊലിസുകാരന്റെ മുട്ടിനടിയില്‍ ശ്വാസംമുട്ടി മരിച്ച കറുത്ത ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പോലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മുട്ടിനടിയില്‍ പിടഞ്ഞ് മരിക്കുകയാണ് കൊവിഡ് ബാധിത മനുഷ്യരിന്ന്. ഇന്നുവരെ ലോകത്തുണ്ടായിട്ടുള്ള കൊവിഡ് ബാധയില്‍ ഏതാണ്ട് മൂന്നിലൊന്നും ഇന്ത്യയില്‍ നിന്നുള്ളതായി മാറി. മൂന്നരലക്ഷത്തോളം ദിനംപ്രതി രോഗികളും ഇതുവരെ ഏകദേശം രണ്ട് ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും രോഗത്തെ നേരിടാനൊരു പദ്ധതിയോ രോഗികളുടെ ക്ഷേമത്തിനുള്ള പരിപാടികളോ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നിലില്ല. ശ്വാസംമുട്ടുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി ലോകരാജ്യങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നതാണ് നിലവിലുള്ള ആശ്വാസം.


സമാന്തരമായാണ് ചരിത്രത്തിലെ ഏറ്റവും മോശമായ വാക്‌സിന്‍ പ്രതിസന്ധിയിലൂടെ നാം കടന്നുപോകുന്നത്. സ്വതന്ത്രയിന്ത്യയിലിതുവരെ വാക്‌സിനേഷന്‍ സൗജന്യമായിരുന്നു. മഹാമാരികളില്‍നിന്ന് രക്ഷ ലഭിക്കുന്നതിനുള്ള വാക്‌സിനേഷന്‍ വ്യക്തികളുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല, അത് ആരോഗ്യമുള്ള ഒരു സമൂഹത്തിന് കൂടി ആവശ്യമുള്ളതാണ് എന്നതാണ് ഈ സൗജന്യത്തിന്റെ അടിസ്ഥാനം. നാടിന്റെ ആവശ്യമാണ് വാക്‌സിനേറ്റഡായ, രോഗവ്യാപന ശേഷിയില്ലാത്ത പൗരസമൂഹം. അത് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനും അത് വഴി നമ്മുടെ പൊതുജീവിതം മുന്നോട്ടുപോകുന്നതിനും അത്യന്താപേക്ഷിതമാണ്. എന്നാല്‍, കൊവിഡിനെതിരേയുള്ള പോരാട്ടത്തിനിടെ സാമ്പത്തികവും സാമൂഹികവുമായും തളര്‍ന്നിരിക്കുന്ന ഇന്ത്യന്‍ ജനതയെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് വാക്‌സിനേഷന് ലോകത്തെങ്ങുമില്ലാത്ത വലിയ വില നിശ്ചയിക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് മോദി ഭരണകൂടം. ഏത് പ്രതിസന്ധിയും കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ള അവസരമായാണ് ബി.ജെ.പി ഭരണകൂടം കരുതുന്നതെന്ന് 2014 മുതലുള്ള എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.


ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരില്‍ ഒരാളായ സൈറസ് പൂണെവാലെയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനുമാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണത്തിന് ചുമതല നല്‍കിയത്. നമ്മുടെ ഖജനാവില്‍ നിന്ന് പൂണെവാലെയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടിയും ഭാരത് ബയോടെക്കിന് 1567.5 കോടിയും മുന്‍കൂറായി തന്നെ നല്‍കി. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡും ആസ്ട്രസെനേകയും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാണ് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അതിനിടെ അനുമതി വാങ്ങിയത്. കൊവിഷീല്‍ഡിന്റെ പരീക്ഷണം വിജയിച്ചതോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിന്റെ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഒരു ഡോസ് 150 രൂപയ്ക്ക് നല്‍കിയാല്‍ പോലും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വലിയ ലാഭമായിരിക്കും എന്ന് പ്രഖ്യാപിച്ച സി.ഇ.ഒ അഡാര്‍ പൂണെവാല (സൈറസ് പൂണെവാലയുടെ മകന്‍) പിന്നീട് നിലപാട് മാറ്റി. ആദ്യത്തെ പത്ത് കോടി ഡോസ് മാത്രം സര്‍ക്കാരിന് 200 രൂപ നിരക്കില്‍ നല്‍കുമെന്നും പുറത്ത് ആയിരം രൂപ ഒരു ഡോസിന് (13 ഡോളര്‍) ഈടാക്കുമെന്നും അഡാര്‍ പൂണെവാലെ പ്രഖ്യാപിച്ചു. പിന്നീട് സ്വകാര്യ മേഖലയ്ക്ക് 600 രൂപ, സംസ്ഥാന സര്‍ക്കാരിന് 400 രൂപ, കേന്ദ്രസര്‍ക്കാരിന് 150 എന്ന് മാറ്റി നിശ്ചയിച്ചുവെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വിലയായി അത് നിലനില്‍ക്കുകയാണ്. തുടര്‍ന്ന് ഇതില്‍ കൂടിയ വിലയുമായി ഭാരത് ബയോടെക്കും രംഗത്തെത്തി.


ഇത്തരത്തില്‍ കൊവിഡും ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴിലില്ലായ്മയും മോദി ഭരണകൂടത്തിന് കീഴെ നാളുകളായുള്ള സാമ്പത്തിക അസ്ഥിരതയും കാരണം വലിയ സാമ്പത്തിക ബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്കും പൊതുവേ പൊതുജനങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പ്രഖ്യാപിച്ചിട്ടുള്ള ഈ അമിത വില- ലോകത്തേറ്റവും വര്‍ധിച്ചത് - യോട് അനുഭാവമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. അതും ബി.ജെ.പി നേതാക്കളും അനുയായികളും ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.


രണ്ട് മൂന്ന് പ്രതിസന്ധികളാണ് ഇതോടൊപ്പം ഒന്നിച്ചുവന്നിരിക്കുന്നത്, 130 കോടി ജനങ്ങളോളം ഉള്ള രാജ്യത്തിന് ആവശ്യമായ വാക്‌സിന്റെ പത്തിലൊന്നുപോലും നിലവില്‍ ഈ രണ്ട് സ്ഥാപനങ്ങളും കൂടി ഉല്‍പാദിപ്പിക്കുന്നില്ല. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണ് 18 വയസ് മുതലുള്ള എല്ലാവര്‍ക്കും മെയ് ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പശ്ചിമബംഗാളുകാരായ കുടിയേറ്റ തൊഴിലാളികളുടെ വോട്ട് ലക്ഷ്യമാക്കി ഒന്നുകൂടി മോദി കൂട്ടിച്ചേര്‍ത്തു. എല്ലാ തൊഴിലാളികള്‍ക്കും വാക്‌സിന്‍ നല്‍കണം, അവര്‍ക്ക് അതിന് ശേഷം തൊഴിലിടത്തേയ്ക്ക് തിരികെ പോകേണ്ടതാണ് എന്ന്. ഇതോടെ അതിഭീകരമായ ഒരു വാക്‌സിന്‍ പ്രതിസന്ധിയിലേയ്ക്കാണ് സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിട്ടത്. പൊടുന്നനെ 60 കോടി മനുഷ്യര്‍ കൂടിയാണ് വാക്‌സിനേഷന് യോഗ്യരായത്. ഇവര്‍ക്കുള്ള വാക്‌സിന്റെ അഭാവം ഒരു വശത്ത്. മറുവശത്ത് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരുകള്‍ അതിഭീമമായ പണം ഇതിനായി പൊടുന്നനെ കണ്ടെത്തണം. അതും രണ്ടാഴ്ചയ്ക്കുള്ളില്‍.


വാക്‌സിനുകളുടെ വില നിശ്ചയമോ, അതിന്റെ ശേഖരണമോ, അതിന്റെ ലഭ്യതയോ സംബന്ധിച്ചൊന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടേ ഇല്ല. ഇത് കേന്ദ്രസര്‍ക്കാരിന് വേണ്ടി വ്യക്തമാക്കുന്നത് ലോകത്തെ മരുന്ന് നിര്‍മാണ കുത്തക കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ അഡാര്‍ പൂണെവാലെയാണ്. മെയ് ഒന്ന് മുതല്‍ 18 വയസായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. 45 വയസിന് മുകളിലുള്ളവര്‍, ആരോഗ്യ- ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് നിലവിലുള്ളത് പോലെ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭിക്കും. സൗജന്യമായി എല്ലാവര്‍ക്കും കൊടുക്കുമെന്ന് പറഞ്ഞിട്ടുള്ള കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ കേന്ദ്രങ്ങളില്‍ നിന്ന് കൊടുക്കുക. ഇതിനുള്ള വാക്‌സിനുകള്‍ കേന്ദ്രം നല്‍കുന്നത് തികഞ്ഞില്ലെങ്കില്‍ നേരിട്ട് വാങ്ങുക. 18- 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് നിശ്ചിത തുകയ്ക്ക് വാക്‌സിന്‍ ലഭിക്കും. പക്ഷേ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ മെയ് ആദ്യ വാരം തന്നെ വാക്‌സിന്‍ ലഭിക്കുമെന്ന് കരുതരുത്. കടുത്ത വാക്‌സിന്‍ ക്ഷാമം ഉണ്ടാകും. 45ന് മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ളത് വരെ നിലവില്‍ കുറവാണ്.


വാക്‌സിനേഷന്‍ എന്നത് ആരോഗ്യനയത്തിന്റെ അടിസ്ഥാന ബിന്ദുവാണ്. ഇതുസംബന്ധിച്ച നയമാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ ഉത്തരവാദിത്വത്തോടെ സംസ്ഥാനങ്ങളേയും ജനങ്ങളേയും അറിയിക്കുന്നതിന് പകരം കുത്തക മരുന്ന് വില്‍പ്പനക്കാരായ കോര്‍പറേറ്റുകളെ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. ഇതോടെ അടിസ്ഥാനപരമായി വാക്‌സില്‍ നയത്തില്‍ കേന്ദ്രം മാറ്റംവരുത്തിയിരിക്കുകയാണ്. ഇതുവരെ വാക്‌സിന്‍ കേന്ദ്രത്തിന്റെ ഉത്തരവാദിത്വമായിരുന്നു. അത് 100 ശതമാനം കേന്ദ്രം വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് നല്‍കുകയുമായിരുന്നു. ഇപ്പോള്‍ നിര്‍മിക്കുന്ന വാക്‌സിനുകളുടെ അമ്പത് ശതമാനം കേന്ദ്രത്തിന്റെ പൂളില്‍ എത്തിച്ചേരും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ നിന്ന്, കൊവിഡ് പ്രതിരോധത്തിനുള്ള പ്രകടനം, ആവശ്യകത, മിനിമം വേസ്റ്റേജ് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം നല്‍കും. ബാക്കി 50 ശതമാനം സ്വകാര്യ ആശുപത്രികള്‍, സംസ്ഥാനങ്ങള്‍ക്ക് എന്നിവര്‍ക്ക് നിര്‍മാതാക്കളുടെ പക്കല്‍നിന്ന് നേരിട്ട് വാങ്ങാം. അഥവാ 18 വയസിനും 45 വയസിനും ഇടയിലുള്ള ഏതാണ്ട് 60 കോടിയോളം ജനങ്ങള്‍ക്കുള്ള വാക്‌സിന് സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികളോ പണം നല്‍കണം. കേന്ദ്രസര്‍ക്കാര്‍ നല്‍കില്ല. നിര്‍മാതാക്കള്‍ക്ക് സൗകര്യമുള്ള വില നിശ്ചയിക്കാം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ വിദേശത്ത് നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യാം.
അഥവാ വാക്‌സിന് കടുത്ത ക്ഷാമമുണ്ടാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോ ഭാരത് ബയോടെക്കിനോ 60 കോടി യൂണിറ്റ് ഉടനെ സൃഷ്ടിക്കാന്‍ പറ്റില്ല. ആകെ ഇപ്പോള്‍ രാജ്യത്തുള്ളത് ഏതാണ്ട് 30 ലക്ഷം ഡോസുകളാണ്. കേന്ദ്രസര്‍ക്കാര്‍ നമ്മുടെ നികുതി പണത്തില്‍ നല്‍കിയ 4500 കോടി വാങ്ങി കീശയിലാക്കിയ ഈ സ്ഥാപനങ്ങളോട് ആര്‍ക്കും ഒന്നും ചോദിക്കാന്‍ പറ്റില്ല. അതേസമയം, ആകെ നിര്‍മിച്ച വാക്‌സിനുകളില്‍ ഒരു വിഭാഗം വിദേശരാജ്യങ്ങളിലേയക്ക് ഈ സ്ഥാപനങ്ങള്‍ കയറ്റിയയക്കും എന്നും കേള്‍ക്കുന്നുണ്ട്.


കേരളം പോലെ വാക്‌സിനേഷനിലും കൊവിഡ് പ്രതിരോധത്തിലും മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങളെ കൊടും പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് കേന്ദ്രം ഈ കുത്തക കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നത്. ആദ്യഘട്ട വാക്‌സിനേഷന്‍ അച്ചടക്കത്തോടെയും പരാതികളില്ലാതെയും പരിഹരിച്ച കേരളത്തിലിപ്പോള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ പ്രതിസന്ധിയാണ്. ആവശ്യത്തിന് വാക്‌സിനില്ലാത്തത് തന്നെയാണ് കാരണം. പുതിയ വാക്‌സില്‍ പോളിസി പ്രകാരം പോലും കേന്ദ്രപൂളിലേയ്ക്ക് എത്തുന്ന വാക്‌സിനുകളുടെ വലിയ അവകാശികള്‍ കേരളമാണ്. കൃത്യമായ കണക്കുകള്‍, സീറോ വാക്‌സിന്‍ വേസ്റ്റേജ്, ഫലപ്രദമായ പ്രതിരോധം... ഇത്തരത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന് പക്ഷേ കേന്ദ്രം ആവശ്യത്തിന് വാക്‌സിന്‍ കൈമാറാന്‍ ഒരുക്കമല്ല. മെയ് ഒന്നോടെ പതിനെട്ടിന് മുകളിലുള്ള എല്ലാവരും വാക്‌സിനര്‍ഹരാകുന്നതോടെ വാക്‌സിനേഷന്‍ എന്നത് വലിയ പ്രതിസന്ധിയും തലവേദനയുമായി സംസ്ഥാനങ്ങള്‍ക്ക് മാറും. പ്രത്യേകിച്ചും വന്‍തോതില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍.


റഷ്യന്‍ വാക്‌സിനായ സ്ഫുട്‌നിക് ഫൈവ് അടക്കം കൊണ്ടുവരുന്നതിലുള്ള ചര്‍ച്ചകളും ആലോചനകളും നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി സംസ്ഥാനങ്ങളെ കടക്കെണിയിലേയ്ക്കും ആത്യന്തികമായി കൊവിഡ് പ്രതിരോധത്തെ പ്രതിസന്ധികളിലേയ്ക്കും തള്ളിവിട്ടുകൊണ്ടാണ് അഡാര്‍ പൂണെവാലെയ്ക്കും സഹ വ്യവസായികള്‍ക്കും കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അഡാര്‍ പൂണെവാലയെ കുറിച്ച് അവസാനം കേട്ട വാര്‍ത്തകളിലൊന്ന് ലണ്ടനിലെ കൊട്ടാരങ്ങളിലൊന്ന് ആഴ്ചയില്‍ 50,000 പൗണ്ട് വാടകയ്ക്ക് അദ്ദേഹമെടുക്കുന്നു എന്നാണ്. 50 ലക്ഷം രൂപയോളം ഒരാഴ്ചയില്‍. ലോകത്തിലെ ഏറ്റവും വലിയ ധനവാന്മാര്‍ ഉണ്ടാകുന്നതല്ല, അവര്‍ ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ ഉണ്ടായി വരുന്നതാണ്. ഏത് പ്രതിസന്ധിയും ഏത് ദുരന്തവും മുതലാളിത്തത്തിന് ഒരടികൂടി മുകളിലേയ്ക്കുള്ള കയറ്റമാണ്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വാക്‌സിന്‍ മുതലാളിമാര്‍ക്ക് വേണ്ടി വിരിക്കുന്ന ചുവപ്പ് പരവതാനിക്ക് കീഴെ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ച മനുഷ്യരുടെ ശവശരീരങ്ങളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago