കെ.എസ്.ആർ.ടി.സി ; വിഷുവിനും ശമ്പളമില്ല; മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് സി.ഐ.ടി.യു
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനം വിഷു ആഘോഷത്തിന്റെ തിരക്കിലമരുമ്പോൾ, ചെയ്ത ജോലിക്കുള്ള ശമ്പളം കൈനീട്ടമായി പോലും കിട്ടാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ.
കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ജീവനക്കാരുടെ സംഘടനകൾ സത്യഗ്രഹം അടക്കമുള്ള സമര പരിപാടികൾക്ക് തുടക്കംകുറിക്കുകയും ചെയ്തു.എല്ലാ മാസവും അഞ്ചാം തിയതിക്കു മുൻപ് ശമ്പളം നൽകാമെന്നായിരുന്നു നേരത്തേ മന്ത്രിതലത്തിലുണ്ടാക്കിയ കരാറിലെ പ്രധാന വ്യവസ്ഥ. ഈ പ്രാവശ്യം അത് ലംഘിക്കപ്പെട്ടു എന്നു മാത്രമല്ല, ശമ്പള വിതരണം എന്നുണ്ടാകുമെന്നതിൽ വകുപ്പ് മന്ത്രിയോ കെ.എസ്.ആർ.ടി.സി ഉന്നതാധികാരികളോ വ്യക്തത വരുത്തുന്നുമില്ല. ബുധനാഴ്ച ജീവനക്കാരുടെ സംഘടനകൾ സമരപരിപാടികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും പെസഹ വ്യാഴം പ്രമാണിച്ച് ട്രഷറി അവധിയായതിനാൽ പണം കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കെത്തിയില്ല. ആ പണം അക്കൗണ്ടിലെത്തിയാൽ തന്നെ ഭാഗികമായ നിലയിൽ മാത്രമേ ശമ്പള വിതരണം തുടങ്ങാൻ കഴിയുകയുള്ളൂ. ശമ്പളത്തിനായി 75 കോടിയെങ്കിലും വേണമെന്നാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടത്. എന്നാൽ 30 കോടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നുംബാക്കി തുക കളക്ഷനിൽ നിന്ന് കണ്ടെത്തണമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.
വീണ്ടും ധനവകുപ്പിനെ തന്നെ സമീപിക്കാനും അതല്ലെങ്കിൽ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കാനുമാണ് കെ.എസ്.ആർ.ടി.സിയുടെ ആലോചന.
അതിനിടെ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെതിരേ, ഭരണാനുകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ യൂനിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫിസിനു മുന്നിലും അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി. ജീവനക്കാർക്ക് പ്രയോജനം ചെയ്യാത്ത കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് കെ.എസ്.ആർ.ടി.ഇ.എ വർക്കിങ് പ്രസിഡൻ്റ് സി.കെ ഹരികൃഷ്ണൻ ആവശ്യപ്പെട്ടു.
കഴിവില്ലെങ്കിൽ സി.എം.ഡി ഒഴിഞ്ഞുപോകണം. ശമ്പളം നൽകാതെ വണ്ടി ഓടുമെന്ന് കരുതേണ്ടെന്നും ഹരികൃഷ്ണൻ പറഞ്ഞു. വിഷുവിന് ശമ്പളം ലഭിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് എ.ഐ.ടി.യു.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോൺഗ്രസ് അനുകൂല ടി.ഡി.എഫ്, ബി.ജെ.പി അനുകൂല ബി.എം.എസ് യൂനിയനുകളും ശമ്പളം വൈകുന്നതിനെതിരേ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."