യുഎഇയിൽ താമസ വീസ പുതുക്കലിൽ പുതിയ ഭേദഗതി; കാലാവധി 6 മാസത്തിൽ കൂടിയാൽ പുതുക്കാനാവില്ല
അബുദാബി: യുഎഇയിൽ താമസ വീസയുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതികൾ കൊണ്ടുവന്നു. ഇനി മുതൽ ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വീസ പുതുക്കാനാവില്ല. ഒരു വർഷം വരെ കാലാവധിയുള്ളത് പുതുക്കാൻ സാധിച്ചിരുന്നിടത്താണ് ഇത് ആറ് മാസത്തിൽ താഴെയായി കുറച്ചത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് തീരുമാനം.
അതേസമയം, വീസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ വ്യക്തിഗത സ്മാർട്ട് അക്കൗണ്ട് മുഖേന ചെയ്യാൻ സാധിക്കും. വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ ബന്ധിപ്പിച്ചതോടെ രണ്ടിനും കൂടി ഒരു അപേക്ഷ ഓൺലൈനിൽ നൽകിയാൽ മതിയാകും. പിന്നീട് ആവശ്യമുള്ളവർക്ക് നിശ്ചിത കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാള നടപടി പൂർത്തിയാക്കേണ്ടതാണ്.
ആദ്യമായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നവർ ഐസിപി വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങളും യൂസർ ഐഡിയും പാസ് വേർഡും നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത് വേണം ബാക്കി പ്രോസസുകൾ നടത്താൻ. അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത് കഴിഞ്ഞാൽ വീസ റിനീവൽ ഓപ്ഷനിൽ പ്രവേശിച്ച് മതിയായ വിവരങ്ങൾ നൽകണം. അപേക്ഷ ഫീസും ഓൺലൈൻ ആയി അടക്കാം. നടപടികൾ പൂർത്തിയായാൽ വീസാ വിവരങ്ങൾ അടങ്ങുന്ന പുതിയ എമിറേറ്റ്സ് ഐഡി തപാലിൽ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."