എങ്ങും മരണം മണക്കുന്ന ഡല്‍ഹി; മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനിടമില്ല, നായകളുടെ ശ്മശാനം മനുഷ്യനായി മാറ്റിവെച്ചു
ന്യൂഡല്‍ഹി: ചുറ്റും മരണം മണക്കുന്ന തെരുവീഥികളായി മാറിയിരിക്കുന്നു രാജ്യതലസ്ഥാനവും. ഒരിറ്റ് പ്രാണവായുവിനായി പിടയുന്നവര്‍ ഒടുക്കം പിടഞ്ഞ് മരിച്ചു വീഴുന്നവര്‍. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന്റെ വേദന സഹിക്കാനാവാത്ത രോദനങ്ങളാല്‍ മുഖരിതമാണ് ഇന്ന് ഡല്‍ഹി.
കഴിഞ്ഞദിവസങ്ങളിലായി പ്രതിദിനം 300 കോവിഡ് രോഗികളാണ് ഇവിടെ മരിച്ചുവീഴുന്നത്. മരണനിരക്ക് ഉയര്‍ന്നതോടെ ശ്മശാനങ്ങള്‍ക്ക് പുറത്ത് ഉറ്റവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കളുടെ നീണ്ട നിരയാണ് കാണാനാവുന്നത്. ഒടുവില്‍ സംസ്ഥാനത്ത് നായ്ക്കള്‍ക്കായി പണിത ശ്മശാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ഇടമാക്കിയിരിക്കുകയാണ് അധികൃതര്‍.
ദ്വാരക സെക്ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ് ശ്മശാനം. നായ്ക്കള്‍ക്കായി തയാറാക്കിയ ശ്മശാനത്തില്‍ മനുഷ്യ മൃതദേഹം ദഹിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന് തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
ആറുമാസം മുമ്പാണ് ഇവിടെ ശ്മശാനം പണിതത്. അതിനാല്‍ തന്നെ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ പ്രതിദിനം സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 15 മുതല്‍ 20 ശതമാനം വരെ ഉയരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം മരണസംഖ്യ ആയിരം വരെ ഉയര്‍ന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍ ശ്മശാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നത്. മരണനിരക്ക് ഉയര്‍ന്നതോടെ പാര്‍ക്കുകളിലും ശ്മശാനങ്ങളുടെ പാര്‍ക്കിങ് പ്രദേശത്തും താല്‍കാലിക സംവിധാനം അധികൃതര്‍ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."