അന്വേഷണ ഏജൻസികൾ ഉള്ളംകൈയിലെ പാവകളോ?
ഛത്തീസ്ഗഡിലെ റായ്പൂരിലും ബിലായിലുമായി 12 സ്ഥലങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റായ്പൂരിൽ കോൺഗ്രസ് 85ാമത് പ്ലീനറി സമ്മേളനം നടക്കാൻ മണിക്കൂറുകൾമാത്രം ബാക്കിയിരിക്കെയുള്ള റെയ്ഡിലൂടെ എൻ.ഡി.എ സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്താണെന്നതിന് ഒരു വിശദീകരണവും വേണ്ട. കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്. ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് റെയ്‌ഡ് എന്നാണ് ന്യായം. പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറർ രാംഗോപാൽ അഗർവാൾ, ലേബർ വെൽഫെയർ ബോർഡ് പ്രസിഡന്റ് സുശീൽ സണ്ണി അഗർവാൾ, എം.എൽ.എ ദേവേന്ദ്ര യാദവ്, വക്താവ് ആർ.പി സിങ്, കോൺഗ്രസ് നേതാവ് വിനോദ് തിവാരി എന്നിവരുടെ വീടുകളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കൽക്കരി അഴിമതിയുമായി ഇവരിൽ പലർക്കും ബന്ധമൊന്നുമില്ല.
എട്ടു വർഷത്തിനിടെ 3,010 റെയ്ഡുകളാണ് ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ രാജ്യത്ത് നടത്തിയത്. ഇതിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ളവർക്കെതിരേയായിരുന്നു. ഭൂരിഭാഗവും കോൺഗ്രസ് നേതാക്കളാണ്. രാജ്യത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാർട്ടികൾ മാത്രമാണോ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നത്. അദാനി ഗ്രൂപ്പിൻ്റെ തട്ടിപ്പിനെയും കള്ളപ്പണ ഇടപാടിനെയും കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് വ്യക്തമായി തുറന്നുകാട്ടിയിട്ട് ആഴ്ചകളായി. അതേക്കുറിച്ച് കേന്ദ്രസർക്കാരിന് മിണ്ടാട്ടമില്ല. അദാനിക്കെതിരേ അന്വേഷണവുമില്ല. ഇ.ഡി അദാനിയുടെ വീട്ടിലോ ഓഫിസിലോ കയറിയിറങ്ങിയുമില്ല.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാനും സ്വത്തു കണ്ടുകെട്ടാനും പരിശോധന നടത്തി പിടിച്ചെടുക്കാനും അനുമതി നൽകുന്ന നിയമത്തിന്റെ സാധുത വിവാദ വിധിയിലൂടെ സുപ്രിംകോടതി ശരിവച്ചതിന് പിന്നാലെയാണ് സർക്കാർ, ഇ.ഡിയെ ഉപയോഗിച്ചുള്ള പകപോക്കൽ കടുപ്പിച്ചിരിക്കുന്നത്. വിധിപറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയ ജഡ്ജി എ.എം ഖാൻവിൽക്കർ തൊട്ടുപിന്നാലെ സുപ്രിംകോടതിയിൽനിന്ന് വിരമിക്കുകയും ചെയ്തു. ഈ വിധിക്കെതിരായ അപ്പീൽ സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്. ജസ്റ്റിസ് ഖാൻവിൽക്കർ പുറപ്പെടുവിച്ച സംശയകരമായ അനവധി വിധികൾക്കൊപ്പമാണ് ഈ വിധിയുടെയും സ്ഥാനം. ഇദ്ദേഹം അവസാനകാലത്ത് പുറപ്പെടുവിച്ച വിധികളുടെ സാധുത സുപ്രിംകോടതി പരിശോധിക്കേണ്ടതാണെന്ന ആവശ്യം നിയമജ്ഞരും ഉന്നയിച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയോടെ ബി.ജെ.പി സർക്കാർ കോൺഗ്രസിനെ കൂടുതൽ പേടിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന കോൺഗ്രസ് നേതാക്കളുടെ പരാമർശം ശരിവയ്ക്കുന്നതാണ് ഇ.ഡി റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ കൂടുതൽ ശക്തിയാർജിക്കുകയും ബി.ജെ.പിക്കെതിരേ വിശാല ഐക്യം രൂപപ്പെട്ടുവരികയുമാണ്. കോൺഗ്രസ് അതിനു നേതൃത്വം നൽകുമെന്ന ഭയം ബി.ജെ.പിക്കുണ്ട്.
ഈ ഐക്യം തകർക്കണമെങ്കിൽ പ്രാദേശിക കക്ഷി നേതാക്കളെ ഭീഷണിപ്പെടുത്തി വരുതിയിലേക്ക് കൊണ്ടുവരണം. അതിന് ഏറ്റവും പറ്റിയ മാർഗം അന്വേഷണ ഏജൻസികളാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്. അഴിമതി ഇല്ലാതാക്കുമെന്നും വിദേശത്തുള്ള കള്ളപ്പണം രാജ്യത്തെത്തിച്ച് സമ്പത്തിൽ മുതൽക്കൂട്ടുമെന്നും വാഗ്ദാനം ചെയ്താണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാൽ എട്ടുവർഷമായിട്ടും കള്ളപ്പണം തിരികെയെത്തിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമൊന്നുമുണ്ടായില്ല. കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന് മാത്രമല്ല വിജയ് മല്യയെയും നിരവ് മോദിയെയും മേഹുൽ ചോക്‌സിയെയും പോലുള്ള വ്യവസായികൾ രാജ്യത്തിന്റെ സമ്പത്ത് കൈയടക്കി വിദേശത്തേക്ക് കടന്നു. എട്ടു വർഷത്തിനിടയിൽ 53500 കോടിയുടെ ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്തുണ്ടായത്.
സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പുകൾ സർക്കാരിന്റെ പാവകളായതോടെ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണത്തിനുള്ള സ്വാഭാവിക അനുമതി പല സംസ്ഥാനങ്ങളും പിൻവലിക്കുന്ന സാഹചര്യമുണ്ടായി. 2014ൽ 55 ലക്ഷം കോടി രൂപയായിരുന്ന രാജ്യത്തിന്റെ കടം. അതിപ്പോൾ 135 ലക്ഷം കോടിയാണ്. ഇതിനിടയിൽ ബി.ജെ.പി അമ്പരപ്പിക്കും വിധം സമ്പന്നമായി. 2019-20ൽ 4,847 കോടി രൂപയുടെ ആസ്തിയാണ് പാർട്ടി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് രാജ്യത്തെ 142 അതിസമ്പന്നരുടെ ആസ്തി 30 ലക്ഷം കോടി ഉയർന്നു. ഇതിനെല്ലാമിടയിലും പ്രതിപക്ഷത്തെ എങ്ങനെ ദ്രോഹിക്കാമെന്നതാണ് സർക്കാരിന്റെ ശ്രദ്ധ.
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ സുപ്രിംകോടതി പലതവണ വിമർശിക്കുകയുണ്ടായി. പക്ഷേ, അതൊന്നും ബി.ജെ.പി സർക്കാർ ഗൗനിക്കുന്നില്ല. സുപ്രിംകോടതിയുടെ നിർദേശത്തിന് വിരുദ്ധമായി ഇ.ഡി മേധാവിയുടെ കാലാവധി നീട്ടി. ഇതിനെതിരായ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏറ്റവും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളാണ് സി.ബി.ഐയും ഇ.ഡിയുമെല്ലാം. എന്നാൽ രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെക്കൊണ്ട് ഭീഷണിപ്പെടുത്തി വരുതിയിലേക്ക് കൊണ്ടുവരികയെന്ന തന്ത്രമാണ് ബി.ജെ.പിക്കുള്ളത്. ഇംഗിതത്തിന് വഴിപ്പെടുന്ന അന്വേഷണ ഏജൻസി തലവൻമാരെ കൂടെനിർത്തി സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഇവരുടെ കാലാവധി നീട്ടുന്നതെന്നും വ്യക്തമാണ്. ഇതിനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിട്ടുണ്ട്.
ബി.ജെ.പിവിരുദ്ധ നേതാക്കൾക്കെതിരേ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റുമെല്ലാം തെളിവില്ലാത്ത കാര്യങ്ങളിലും കേസുകൾ ചുമത്തുമ്പോൾ ബി.ജെ.പി നേതാക്കളുടെ അഴിമതികൾക്കെതിരേ കണ്ണടക്കുകയോ മൂടിവയ്ക്കുകയോ ചെയ്യുന്നുവെന്നത് കേവല ആരോപണമല്ല. തികഞ്ഞ വസ്തുതയാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിക്കാന് ബി.ജെ.പി പണമൊഴുക്കിയപ്പോൾ അതേക്കുറിച്ച് ഒരു അന്വേഷണവും ഏജൻസികൾ നടത്തിയില്ല. ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുമ്പോൾ ഏജൻസികൾ കാട്ടുന്ന ജാഗ്രത കാപട്യമാണ്. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിനും അന്വേഷണത്തിനും ഇരയായ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ നീണ്ടനിര രാജ്യത്തുണ്ട്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കേണ്ടതുണ്ട്. അതൊരു കേവല യുദ്ധമല്ല; ധർമയുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."