മൂന്നു വർഷം: 1,019 കൊലപാതക കേസുകൾ; 1,065 മരണം
ഈ വർഷം കൊല്ലപ്പെട്ടത് 75 പേർ
സ്വന്തം ലേഖകൻ
കോഴിക്കോട്
സംസ്ഥാനത്ത് രാഷ്ട്രീയവൈര്യമുൾപ്പെടെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1019 കത്തിയാക്രമണങ്ങളിൽ 1065 പേർ കൊല്ലപ്പെട്ടു. 2019, 20, 21 വർഷങ്ങളിലേയും ഈ വർഷം മാർച്ച് എട്ടുവരെയുമുള്ള കണക്കുകളാണിത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് എട്ടു വരെ 70 കൊലപാതകങ്ങളാണ് അരങ്ങേറിയത്. 75 പേർ കൊല്ലപ്പെട്ടു. 2019 ൽ 319 പേരും 2020ൽ 318 പേരും 2021ൽ 353 പേരും മരിച്ചു.
ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ അരങ്ങേറിയത് തിരുവനന്തപുരം ജില്ലയിലാണ്. 147 കൊലപാതകങ്ങളിൽ 152 പേർ കൊല്ലപ്പെട്ടു. രണ്ടാമത് കൊല്ലം ജില്ലയാണ്. 118 കൊലപാതകങ്ങളിൽ 122 പേർക്ക് ജീവൻ നഷ്ടമായി.
സംഘടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 83 പേരാണ്. ഒറ്റയ്ക്ക് താമസിക്കുന്നവരും വയോധികരുമായ 38 പേർ ഇക്കാലയളവിൽ സംഘടിത ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടു. 2021 ൽ 14 , 2020 ൽ 11, 2019 ൽ എട്ട്, ഈ വർഷം അഞ്ചും പേരാണ് കൊല്ലപ്പെട്ടത്.
ജയിലിൽനിന്നു പരോളിലിറങ്ങിയ രണ്ടു പേർ പ്രതികളായി രണ്ടു കൊലപാതക കേസുകളും റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇത്രയധികം കൊലപാതകങ്ങൾ നടന്നിട്ടും എത്ര പേർ പ്രതികളായിട്ടുണ്ടെന്നും എത്രപേരെ പിടിച്ചിട്ടുണ്ടെന്നും ഇനി എത്രപേർ ബാക്കിയുണ്ടെന്നുമുള്ള കണക്കുകളും ആഭ്യന്തര വകുപ്പിന്റെ കൈയിൽ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."