സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു
ചെന്നൈ: സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദായാഘാതത്തെ തുടര്‍ന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്. പിന്നീട്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു. തേന്മാവിന്‍ കൊമ്പത്തിലെ ഛായാഗ്രഹണ മികവിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. കടല്‍ദേശം ആണ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. പ്രിയദര്‍ശന്‍, എസ്. ശങ്കര്‍ എന്നിവരോടൊപ്പം ജോലി ചെയ്ത ആനന്ദ് തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്തു.
2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായമണിഞ്ഞത്. അയന്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന്‍ ആണ് അവസാന ചിത്രം.
1966 ഒക്ടോബര്‍ 30ന് ചെന്നൈയില്‍ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനനം. ഡി.ജി വൈഷ്ണവ് കോളേജില്‍നിന്ന് ബിരുദം നേടി. പി.സി ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായാണ് കരിയര്‍ തുടങ്ങിയത്. ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ സഹ ഛായാഗ്രാഹകനായി ജോലി ചെയ്തു.
ദേശീയ പുരസ്‌കാരത്തിനു പുറമെ ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ, കല്‍കി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."