ഫലസ്തീനില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; 11 മരണം, നൂറിലേറെ ആളുകള്‍ക്ക് പരുക്ക്, ആറുപേരുടെ നില ഗുരുതരം
ഡമസ്‌ക്കസ്: ഫലസ്തീനു നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. അധിനിവേശ വെസ്റ്റ്ബാങ്കിലെ നെബ്‌ലുസുവില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 102 പേര്‍ക്ക് പരിക്കേറ്റു. 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ആറ് പേരുടെ ആരോഗ്യനില ഗുരുതരമാണ്. 72 കാരന്‍ മുതല്‍ 16കാരന്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.
നെബ്‌ലുസ് പട്ടണത്തില്‍ ഇസ്‌റാഈല്‍ സേന നടത്തിയ റെയ്ഡിനിടെയാണ് ഫലസ്തീന്‍ വംശജര്‍ കൊല്ലപ്പെട്ടത്. ഹോസാം ഇസ്‌ലിം, മുഹമ്മദ് അബ്ദുല്‍ ഗനി എന്നീ ഫലസ്തീനിയന്‍ പോരാളികളെ പിടികൂടാനുള്ള റെയ്ഡിനായെത്തിയ ഇസ്‌റാഈല്‍ സേന പൊതുജനത്തിന് നേരേ നിറയൊഴിക്കുകയായിരുന്നു.
കവചിത വാഹനങ്ങളിലെത്തിയ ഇസ്‌റാഈല്‍ സേന നെബ്‌ലുസ് പട്ടണത്തിലെ വീട് വളഞ്ഞ് റെയ്ഡ് നടത്തുന്നതിനിടെയാണ് ജനങ്ങള്‍ കൊല്ലപ്പെട്ടത്. ലയണ്‍സ് ഡെന്‍, ബലാറ്റ ബ്രിഗേഡ് എന്നീ സായുധ സംഘടനകള്‍ ഇസ്‌റാഈല്‍ സേനയ്‌ക്കെതിരേ പ്രത്യാക്രമണം നടത്തിയതോടെ നഗരം യുദ്ധക്കളമായി മാറി. ഇസ്‌റാഈല്‍ സേനയുടെ കവചിത വാഹനങ്ങള്‍ക്ക് നേരേ ജനങ്ങള്‍ കല്ലേറ് നടത്തിയിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല. നാബ്ലസ് പട്ടണത്തില്‍ ഒരു ഓപറേഷന്‍ നടത്തുകയാണെന്ന് മാത്രമാണ് അധികൃതര്‍ നല്‍കിയ വിവരം. ഇസ്‌റാഈല്‍ സൈനികര്‍ ഏകപക്ഷീയമായി വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ വിവരിച്ചതായി നബ്‌ലുസില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു.
2023ല്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 61 ആയിരിക്കുകയാണ്. ഇതില്‍ 13 പേര്‍ കുഞ്ഞുങ്ങളാണ്. 2021 ജൂണ്‍ മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്‌റാഈല്‍ സൈനിക റെയ്ഡുകളും അറസ്റ്റുകളും കൊലപാതകങ്ങളും ശക്തമാക്കിയിരിക്കുകാണ്. 2022ല്‍ ഫലസ്തീനില്‍ 30 കുട്ടികള്‍ ഉള്‍പെടെ 171 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."