പെരുകുന്ന മനുഷ്യക്കുരുതികൾ
ദൈവത്തിന്റെ സ്വന്തം നാടെന്ന് പ്രഘോഷിക്കപ്പെടുന്ന കൊച്ചു കേരളത്തിലും ഉത്തരേന്ത്യയെ അനുസ്മരിപ്പിക്കും വിധം അരുംകൊലകൾ വർധിക്കുകയാണ്. പുണ്യദിനങ്ങളിൽപ്പോലും പകയ്ക്ക് അവധി കൊടുക്കാത്ത കൊലപാതക പരമ്പരകളാണ് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കാഴ്ചകൾക്കാണ് ശാന്തിയും സമാധാനവും കൊതിക്കുന്ന കേരളീയ സമൂഹം സാക്ഷിയാവുന്നത്.
നേരത്തെ, കൊലക്കേസിൽ പ്രതിയായവനെ വകവരുത്തുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോഴത് കൊന്നവനെ കണ്ടില്ലെങ്കിൽ അവന്റെ പാർട്ടിയിൽ പെട്ടവനെ കൊല്ലുക എന്ന ഭയാനക അവസ്ഥയിലേക്കെത്തിയിരിക്കുന്നു. ഏതൊരു സാധാരണക്കാരൻ്റെയും ആയുസ് ഒരു രാഷ്ട്രീയ, വർഗീയ കൊലയാളിയുടെ കത്തിമുനയിലാണിപ്പോൾ. പാലക്കാട്ട് കഴിഞ്ഞ ദിവസവും അതിന് മുമ്പ് ആലപ്പുഴയിലും നടന്ന കൊലപാതകങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മണിക്കൂറുകൾക്കിടയിൽ കൊലയും പ്രതികാരക്കൊലയും നടക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ കേരളം എത്തിയിരിക്കുന്നു.
വിഷുദിനത്തിൽ കൊലപാതകം നടത്തുക, അതിന് ഇരയാവുക എന്നതൊക്കെ ഏതൊരു ഹൈന്ദവ വിശ്വാസിയേയും വേദനിപ്പിക്കുന്നതാണ്. മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യു വധിക്കപ്പെട്ടത് വിഷുദിനത്തിലായിരുന്നു. പാലക്കാട്ട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതും വിഷുദിനത്തിൽ തന്നെ. ഐശ്വര്യവും സമാധാനവും നേരുന്ന വർഷാരംഭത്തിന്റെ ആദ്യ ദിവസമായ വിഷുനാളിലും സഹജീവികളോട് സഹനവും ക്ഷമയും ഉദ്‌ഘോഷിക്കുന്ന റമദാൻ മാസത്തിലും വ്യത്യസ്ത സമുദായത്തിലെ രണ്ട് വ്യക്തികൾ കൊലക്കത്തിക്കിരയായത് കേരളം ഒരു മഹാവിപത്തിന്റെ വക്കിലാണെന്ന അറിവാണ് നൽകുന്നത്. വിഷുദിവസം ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളി കുപ്പിയോട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ പിതാവിന്റെ മുമ്പിൽ വച്ച് അക്രമികളുടെ വാളിനിരയാകുന്നത്. സുബൈർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഡി.ജി.പി അനിൽ കാന്ത് സംസ്ഥാനമൊട്ടാകെ ജാഗ്രത പാലിക്കാൻ പൊലിസിന് നിർദേശം കൊടുത്തിരുന്നു. എന്നാൽ അത് പാലിച്ചിരുന്നുവെങ്കിൽ മണിക്കൂറുകൾക്കകം പാലക്കാട് നഗരത്തിലെ മേലാമുറിയിൽ ആർ. എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് മുത്താന്തറ സ്വദേശി ശ്രീനിവാസ് സ്വന്തം കടയിൽ അക്രമികളുടെ വെട്ടേറ്റ് മരിക്കുകയില്ലായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ ഉണ്ടായ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവർത്തനമായിരുന്നു പാലക്കാട് നടന്നത്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇരട്ടക്കൊലപാതകത്തിന്റെ ആഘാതത്തിൽ നിന്ന് രണ്ടും കുടുംബങ്ങളും ഇതുവരെ കരകയറിയിട്ടില്ല. അവരുടെ കണ്ണീരുതോർന്നിട്ടില്ല. ഇതിനിടയിലാണ് മാസങ്ങളുടെ വ്യത്യാസത്തിൽ ആലപ്പുഴ മാതൃകയിൽ പാലക്കാട്ടും ഇരട്ടക്കൊലകങ്ങൾ നടന്നത്. രണ്ട് കുടുംബങ്ങൾ കൂടി അനാഥമായിരിക്കുന്നു.സാന്ത്വനവാക്കുകൾ ഇരു കുടുംബങ്ങളുടെയും അനാഥത്വത്തിനോ തീരാത്ത നൊമ്പരങ്ങൾക്കോ പരിഹാരമാകുകയില്ല.
രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളിൽ കേരളം തപിച്ചു കൊണ്ടിരിക്കുമ്പോൾ പൊലിസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഇന്റലിജൻസ് വിഭാഗത്തിന് മുൻകൂട്ടി യാതൊരു വിവരവും കിട്ടുന്നില്ലെന്ന് സാരം. കൊച്ചിയിൽ സമാപിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കൈയാളുന്ന ആഭ്യന്തര വകുപ്പിനായിരുന്നു.
പൊലിസിലെ പിടിപ്പുകേടും നിഷ്ക്രിയത്വവും കേരളത്തിലെ സമാധാന ജീവിതത്തിന് കാര്യമായ പരുക്കേൽപിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് വിമർശനം വന്നിട്ട് പോലും പൊലിസിൽ ഒരഴിച്ചുപണിക്ക് സർക്കാർ തയാറാകുന്നില്ല. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പോലും പൊലിസ് ജാഗ്രതയോടെയല്ല പ്രവർത്തിക്കുന്നത്. ആയിരുന്നെങ്കിൽ 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന ജില്ലയായി തിരുവനന്തപുരം രേഖകളിൽ പതിയില്ലായിരുന്നു.
കഴിഞ്ഞ നവംബറിൽ ആർ.എസ്.എസ് പ്രവർത്തകൻ എസ്. രഞ്ജിത്ത് ആലപ്പുഴയിൽ കൊല്ലപ്പെട്ടതിന് ശേഷം പൊലിസ് ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം രണ്ട് പേർ പാലക്കാട്ട് അതി ദാരുണമായി വധിക്കപ്പെടില്ലായിരുന്നു. ഇത്തരം സംഭവങ്ങളിൽ കൊലപാതകികൾ വളരെ പെട്ടെന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുകയാണ്. അവിടെ അവർക്ക് ഒളിത്താവളങ്ങൾ ലഭിക്കുന്നു. ഈ ഒളിത്താവളങ്ങൾ നശിപ്പിച്ചാൽ തന്നെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു പരിധി വരെ അവസാനിപ്പിക്കാൻ കഴിയും .
തന്റെ പിന്നിൽ കൊലക്കത്തിയുമായി ഒരു കൊലയാളിയുണ്ടെന്നും ഏത് നിമിഷവും താൻ വധിക്കപ്പെട്ടേക്കാമെന്നുമുള്ള ഭീതിയോടെ ഒരു സാധാരണക്കാരൻ കഴിയേണ്ടി വരിക എന്നത് എത്രമാത്രം ആപൽക്കരമാണ്. സാധാരണ മനുഷ്യരെ ഇത്തരമൊരു അരക്ഷിതാവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ സർക്കാരും രാഷ്ട്രീയപാർട്ടി നേതാക്കളും വർഗീയശക്തികളുമാണ്. സർക്കാരുകൾ രാഷ്ട്രീയപാർട്ടികളുടെ ഭാഗമായതിനാൽ മുഖം നോക്കാതെയുള്ള നടപടികൾ ഉണ്ടാകുന്നില്ല. വർഗീയ-രാഷ്ട്രീയ ശക്തികളുടെ ചട്ടുകങ്ങളും ചാവേറുകളുമാവുന്നവരുടെ കൈകളിൽ നിന്ന് കൊലക്കത്തി എന്ന് തിരിച്ചുവാങ്ങുന്നുവോ അന്ന് മാത്രമേ കൊലപാതകങ്ങൾക്ക് ദൈവത്തിന്റെ നാട്ടിൽ അന്ത്യമുണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."