വാട്ടർ അതോറിറ്റിയിലും സമരവുമായി സി.ഐ.ടി.യു ഇന്ന് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ഇ.ബിക്കും കെ.എസ്.ആർ.ടി.സിക്കും പിന്നാലെ വാട്ടർ അതോറിറ്റിയിലും ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതു അനുകൂല വാട്ടർ അതോറിറ്റി ജീവനക്കാരുടെ സംഘടനയായ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ഇന്നു മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തും. ശമ്പള പരിഷ്‌കരണം യാഥാർഥ്യമാക്കുക, പെൻഷൻ ആനുകൂല്യം സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച വരെയാണ് സത്യഗ്രഹം നടത്തുന്നത്. വാട്ടർ അതോറിറ്റിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുനഃസംഘടന തള്ളിക്കളയണമെന്ന് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉന്നതഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലേറെ ആക്കി അതോറിറ്റിക്ക് ബാധ്യതയുണ്ടാക്കാനാണ് നീക്കമെന്നാണ് യൂനിയന്റെ ആക്ഷേപം. എന്നാൽ
പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. ശമ്പളപരിഷ്‌ക്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണെും അതോറിറ്റി വിശദീകരിക്കുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് മൂന്നാമത്തെ പൊതുമേഖലാസ്ഥാപത്തിൽ കൂടി സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്. ഘടകക്ഷി മന്ത്രിമാരുടെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് സി.ഐ.ടി.യു സമരത്തിനിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."