ട്രെന്‍ഡ് സോഫ്റ്റ്വെയറും ഒഴിവാക്കി വോട്ടെണ്ണല്‍ പുരോഗതി അറിയാന്‍ സംവിധാനമില്ല
നിലമ്പൂര്‍: വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ അറിയിക്കുന്ന സംവിധാനം ഇത്തവണയില്ലാത്തതിനാല്‍ ഫലം അറിയുന്നതു വൈകും. തെരഞ്ഞെടുപ്പ് ഫലം അറിയിക്കാന്‍ വിപലുമായ സൗകര്യങ്ങളൊരുക്കുമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന സൗകര്യം പോലും ഇത്തവണയില്ലെന്നാണ് വിവരം.
അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കുന്ന ട്രെന്‍ഡ് സോഫ്റ്റ്വെയര് ഉള്‍പ്പെടെ ഇത്തവണയില്ലാതെയും, വേണ്ടത്ര ഒരുക്കങ്ങള്‍ നടത്താതെയുമാണ് വോട്ടെണ്ണല്‍. മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കുന്നതിന് കാലതാമസം നേരിടും. ഇതോടെ പൊതുജനങ്ങള്‍ ഫലമറിയുന്നതും വൈകും. തപാല്‍ വോട്ട് കൂടുതലായതിനാല്‍ വോട്ടെണ്ണല്‍ നീണ്ടാല്‍ അന്തിമഫലം പുറത്തുവരാനും സമയമെടുക്കും. ട്രെന്‍ഡ് എന്ന സോഫ്റ്റ്വെയര് വഴിയാണ് കഴിഞ്ഞ തവണ ഫലസൂചന നല്‍കിയിരുന്നത്. ഇത്തവണ ആ സോഫ്റ്റ് വെയര്‍ കമ്മിഷന് വേണ്ടെന്ന് വച്ചിരിക്കുകയാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ടി.വി സ്ക്രീനുകളും ഇത്തവണ ഇല്ല. ട്രെന്‍ഡ് ടി.വി എന്ന സോഫ്റ്റ് വെയര്‍ വഴി ഫലസൂചന നല്‍കുമെന്ന് കമ്മിഷന് പറയുമ്പോഴും മാധ്യമങ്ങള്‍ക്കുള്‍പ്പെടെ ഏങ്ങനെ കിട്ടുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ് ആവും. അവസാന നിമിഷം ഇനി പകരം സംവിധാനമുണ്ടാക്കുക പ്രായോഗികമായും ബുദ്ധിമുട്ടാണ്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തപാല്‍ വോട്ട് കൂടുതലുള്ളതും ഫലം പുറത്തുവരുന്ന സമയത്തെ കാര്യമായി ബാധിക്കും. 4,53,237 തപാല്‍ വോട്ടുകളാണ് ഇതുവരെ കിട്ടിയത്. ഞായറാഴ്ച രാവിലെ എട്ടുമണിവരെ കിട്ടുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യസൂചന അറിയാന്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം പോസ്റ്റല്‍ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."