പിണറായിക്ക് തുടര്‍ഭരണമെങ്കില്‍ മെയ് രണ്ടാംവാരം സത്യപ്രതിജ്ഞ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തുടര്‍ഭരണമുറപ്പായാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മെയ് രണ്ടാംവാരം തന്നെ സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പില്‍ തുടര്‍ ഭരണമുറപ്പാക്കുന്ന മികച്ച വിജയപ്രതീക്ഷയാണ് മുഖ്യമന്ത്രിക്ക്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നു. തുടര്‍ഭരണം ഉറപ്പായാല്‍ നാലിനു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭാരൂപീകരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിസഭയില്‍ ആരൊക്കെയെത്തുമെന്നതില്‍ അന്നു ധാരണയാകും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങള്‍ സ്വരൂപിച്ച കണക്കുകള്‍ക്ക് പുറമേ, സി.പി.എം നേതൃത്വവും പ്രത്യേക ഏജന്‍സിയെ വച്ച് സൂക്ഷ്മതലത്തില്‍ സര്‍വേ നടത്തിയിരുന്നു. വോട്ടെടുപ്പിനുശേഷം നടന്ന ഈ പരിശോധനയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും വലിയ ആത്മവിശ്വാസം നല്‍കുന്നത്. 76 മുതല്‍ 82 വരെയോ വലിയ തരംഗമുണ്ടായാല്‍ 90ന് മുകളിലേയ്‌ക്കോ പോകുമെന്നാണ് വിലയിരുത്തല്‍.നാളെ വിധി അനുകൂലമായാലും പ്രതികൂലമായാലും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയേക്കും. അടുത്ത മന്ത്രിസഭാ രൂപീകരണം വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനം വന്നശേഷം നാളെ രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് വരണാധികാരിയില്‍ നിന്ന് കൈപ്പറ്റിയ ശേഷമാകും തിരുവനന്തപുരത്തേക്ക് തിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."