തദ്ദേശസ്ഥാപനങ്ങള്‍ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി. കേസുകള്‍ കൂടിവരുന്ന ഇടങ്ങളില്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു മാത്രമാണ് ഈ ഉത്തരവുകള്‍ അതത് സാഹചര്യങ്ങളില്‍ ഇറക്കാനുള്ള അധികാരങ്ങള്‍ ഉള്ളത്.കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കാണ്. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും പൊലിസ് ഒരു ജനമൈത്രി വോളണ്ടിയറെ വീതം നിയോഗിക്കും. ക്വാറന്റൈന്‍ ലംഘനങ്ങളെക്കുറിച്ച് പൊലിസിന് വിവരം നല്‍കുകയും കൊവിഡ് പോസിറ്റീവ് രോഗികള്‍ക്കും പ്രൈമറി കോണ്‍ടാക്ടിലുളളവര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയുമാണ് ഇവരുടെ പ്രധാന ചുമതല. വീടുകളില്‍ കഴിയുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്കാര്യം തൊട്ടടുത്ത പൊലിസ് സ്റ്റേഷനിലോ 112 എന്ന പൊലിസ് കണ്‍ട്രോള്‍ റൂം നമ്പറിലോ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."