അതിശപ്പിച്ച് വീണ്ടും ആരിഫയുടെ 'അക്രിലിക് മാജിക്'
കാണുന്നവരില്‍ അതിശയം നിറച്ച് ഇതാ ആരിഫ മലപ്പുറം പൂക്കോട്ടും പാടത്തെ ആരിഫയുടെ ഒരു അക്രിലിക് വര കൂടി. ഗ്രാമക്കാഴ്ചയാണ് പുതിയ വര. തോടും തോട്ടിനു ചുറ്റുമുള്ള സ്ഥലവും തോട്ടിലെ വഴുക്കലുള്ള പാറക്കല്ലും..എല്ലാം തെളിച്ചത്തോടയങ്ങനെ നില്‍ക്കുകയാണ് ചിത്രത്തില്‍. ചിത്രം കാണുന്നവരെല്ലാം പറയും ഇത് വരച്ചതു തന്നെയോ. അത്രക്കും സൂക്ഷമമായാണ് ആരിഫ ഈ ഗ്രാമക്കാഴ്ച ഒപ്പിയെടുത്തിരിക്കുന്നത്. ഉണങ്ങി നില്‍ക്കുന്ന വാഴക്കൈകള്‍ മുതല്‍ ദൂരം വീണു കിടക്കുന്ന ഓലക്കൊടി വരെ...നമ്മുടെ കാഴ്ചപ്പുറത്തെ ഒന്നും വിട്ടുകളഞ്ഞിട്ടില്ല അവര്‍.
ഇതാദ്യമല്ല തന്റെ മാജിക്കല്‍ വര കൊണ്ട് ആരിഫ കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. മതിലില്‍ കയറി നില്‍ക്കുന്ന കോഴി, പാത്രത്തില്‍ വിളമ്പി വെച്ച കഞ്ഞിയും അച്ചാറും...തുടങ്ങി അതിശയ വരകള്‍ അനവധി. ഇതിനു തൊട്ടു മുമ്പ് വരച്ച ടീച്ചറുടെ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഒറിജിനലിനെ വെല്ലുന്നതായിരുന്നു എന്ന് പറയാം.പാലക്കാട് ഗവ.മോയന്‍ സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ മണിയമ്മ ടീച്ചറുടെ ചിത്രമായിരുന്നു അത്. ആ സ്‌കൂളിലെ തന്നെ മുന്‍ അധ്യാപകനായ സജിയാണ് ചിത്രം വരപ്പിച്ചത്.
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ഉപ്പുവള്ളി വട്ടപ്പറമ്പില്‍ ഇസ്ഹാഖിന്റെ മകളാണ് ആരിഫ. അനിയത്തി ജുമാന.ഇസ്ഹാഖും ജുമാനയുമെല്ലാം ചിത്രലോകത്ത് തങ്ങളുടെ ഇടം തെളിയിച്ചവര്‍. ശരിക്കും ഒരു വരക്കുടുംബം തന്നെയാണിത്.
ഉമ്മ നജ്മാബി. പ്ലസ് വണ്‍ കഴിഞ്ഞപ്പോഴായിരുന്നു ആരിഫയുടെ വിവാഹം. രണ്ട് മക്കള്‍. ഭര്‍ത്താവ് പോത്ത്കല്ല് വെളുമ്പിയമ്പാടത്തെ കാരാട്ടുതൊടിക അബ്ദുസലാമിന്റെയും ജമീലയുടെയും മകന്‍ ശഫീഖലി. ജിദ്ദയിലാണ്. രണ്ട് മക്കള്‍. അഞ്ചു വയസുകാരി അരീജ ഫാത്തിമയും നാല് വയസുകാരന്‍ മുഹമ്മദ് യസീദും. രണ്ടാളും ചിത്രലോകത്തേക്ക് വരവറിയിച്ചിട്ടുണ്ട്.
ആദ്യകാലത്ത് പെന്‍സില്‍ഡ്രോയിങ്ങും വാട്ടര്‍കളറുമൊക്കെയായിരുന്നു. ജീവനും ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങളാണ് ഈ 28കാരിക്ക് പ്രിയം. 13ാം വയസിലാണ് ഓയില്‍ പെയിന്റിങ് തുടങ്ങിയത്. ഈ 16 വര്‍ഷത്തിനിടെ ഏകദേശം 25ലേറെ റിയലിസ്റ്റിക് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് ആരിഫ. മതിലിലെ കോഴി മാത്രമല്ല റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളവും വെള്ളംനിറഞ്ഞ നെല്‍വയലും നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും. നേര്‍ത്തുപെയ്യുന്ന ഒരു മഴയുടെ, കുളിര് പെയ്യുന്ന ഒരു മഞ്ഞിന്റെ ഈറനാണ് ശരിക്കും അവരുടെ ചിത്രങ്ങള്‍ക്ക്. കാണുന്നവരുടെ ഉള്ളില്‍ വല്ലാത്തൊരു ഗൃഹാതുരത്വമുണര്‍ത്തും.
[caption id="attachment_1019105" align="aligncenter" width="360"] ആരിഫ[/caption]15 ദിവസമെടുത്ത് തീര്‍ത്തതാണ് വൈറല്‍ കോഴിചിത്രം. 2014ല്‍ സ്വന്തം പടം വരച്ചും ആരിഫ ഞെട്ടിച്ചിട്ടുണ്ട്. സാധാരണ സ്വന്തം പോര്‍ട്രൈറ്റുകള്‍ ആളുകള്‍ വരക്കുന്നത് കുറവാണ്. എന്നാല്‍ ആരിഫ അതും വരച്ച് അത്ഭുതപ്പെടുത്തി. ഈ ചിത്രമൊക്കെ വരയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആ സംശയം മാറാന്‍ വരയുടെ വിവിധ ഘട്ടങ്ങള്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ആരിഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."