ജീവനും ജീവിതവും വിലപ്പെട്ടത്
ഡോ. അരുൺ കരിപ്പാൽ
സമൂഹത്തിൽ ഓരോ മനുഷ്യനും സമാധാനത്തോടെ ജീവിക്കാൻ അർഹതയുണ്ട്. അതിനു നിലമൊരുക്കിക്കൊടുക്കൽ രാഷ്ട്രത്തിന്റെ ചുമതലയാണ്. ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും സ്വത്തിനും സംരക്ഷണം ഒരുക്കൽ രാഷ്ട്രത്തിന്റെ പരമപ്രധാന ഉത്തരവാദിത്വമാണെന്ന് ജോൺ ലോക്കിനെപ്പോലുള്ള ചിന്തകർ പതിനേഴാം നൂറ്റാണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിച്ചുകൊണ്ട് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശങ്ങൾ ഉറപ്പുവരുത്താൻ ലോകത്ത് അഞ്ഞൂറിലധികം ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സാർവദേശീയ പ്രഖ്യാപനം അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ഇന്ത്യൻ ഭരണഘടനയും ഈ മഹത്തായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ ഇരുപത്തിയൊന്ന് മൗലികാവകാശമായ ജീവൻ, വ്യക്തിസ്വാതന്ത്ര്യം എന്നിവയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഭരണഘടനയുടെ ഹൃദയമാണ് ജീവിക്കാനുള്ള അവകാശമെന്നും അതുകൊണ്ട് അർഥമാക്കുന്നത് അന്തസോടെ ജീവിക്കുക എന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. മതിയായ ഭക്ഷണവും വസ്ത്രവും സുരക്ഷിത പാർപ്പിടവും ഈ അവകാശത്തിന്റെ പൂർണതയ്ക്ക് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യവുമായ കർമപദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയുമാണ് രാഷ്ട്രത്തെ നയിക്കുന്ന സർക്കാരുകളുടെ കടമ. ഇത് ശരിയാംവിധം ഉറപ്പുവരുത്തുന്നതിലും ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും ജനങ്ങളും സർക്കാരും തമ്മിലുള്ള കണ്ണിയായും പ്രവർത്തിക്കുകയാണ് പാർലമെൻ്ററി ജനാധിപത്യത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ ചുമതല. ജീവൻ സംരക്ഷിക്കേണ്ട ഭരണകൂടംതന്നെ അതില്ലാതാക്കുന്നതിലേക്കും ക്രിമിനലുകളെ സംരക്ഷിക്കുന്നതിലേക്കും പോകുന്നുണ്ടോ? പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളോട് രാഷ്ട്രീയപ്പാർട്ടികൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?
കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളുടെ ജീവനും ജീവിതവുമായി ബന്ധപ്പെട്ട രണ്ടുവിഷയങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായി. ഒന്ന്, രാഷ്ട്രീയവിരോധത്തിന്റെ പേരിൽ കണ്ണൂർ ജില്ലയിലെ എടയന്നൂരിലെ ശുഹൈബിന്റെ നിഷ്ഠുര കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. സാമൂഹികജീവിയെന്ന നിലയിൽ പൊതു പ്രവർത്തനത്തിലൂടെ മാതൃകയായി പ്രവർത്തിച്ചുവരുമ്പോഴാണ് രാഷ്ട്രീയവൈരാഗ്യത്താൽ ശുഹൈബിന് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ ഒരു കുടുംബംകൂടി അനാഥമാക്കപ്പെട്ടു. ഈ കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർതന്നെ ഇടപെടുന്നതാണ് കേരളം കണ്ടത്. 96.34 ലക്ഷം രൂപ ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിനു മറുപടി നൽകിയിരുന്നു. 'ഞങ്ങളെക്കൊണ്ട് നേതാക്കൾ അത് ചെയ്യിച്ചു' എന്നാണ് ഈ കൊലപാതകക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത്.
രണ്ട്, ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. അന്തസ്സോടെ ജീവിക്കണമെങ്കിൽ സുരക്ഷിത പാർപ്പിടം ആവശ്യമാണ്. വീടില്ലാത്തവർക്ക് അത് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ആ ലക്ഷ്യത്തിലേക്കു വിവിധ ഭവന നിർമാണപദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പതിറ്റാണ്ടുകളായി നടപ്പാക്കുന്നുണ്ട്. അതിലെ പുതിയ പദ്ധതിയാണ് ഒന്നാം പിണറായി സർക്കാർ ആസൂത്രണംചെയ്ത ലൈഫ് ഭവന പദ്ധതി. ഇത്തരം പദ്ധതികളെ എന്നും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പക്ഷേ ഇതിൻ്റെ മറവിൽ കോടികളുടെ അഴിമതി നടന്നെന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ലൈഫ് മിഷൻ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് വാദിക്കാനായി വക്കീൽ ഫീസിനത്തിൽ 59.50 ലക്ഷം രൂപയാണ് പൊതുഖജനാവിൽ നിന്ന് സർക്കാർ ചെലവിട്ടത്. വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരായാണ് സുപ്രിംകോടതിയിൽ കേരള സർക്കാർ അപ്പീൽ പോയത്. ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെയും ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെയും ഒപ്പമിരുത്തി ഇ.ഡി. ചോദ്യം ചെയുന്നതിലെക്കെത്തി കാര്യങ്ങൾ.
ജീവിതം വിലപ്പെട്ടതാണ്. അത് സംരക്ഷിക്കാനും ജീവിതനിലവാരം ഉയർത്തുന്നതുമാണ് സർക്കാരിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഉത്തവാദിത്വം. ഇത് രണ്ടും യഥാവിധി ഉണ്ടായിട്ടില്ലെന്നാണ് കേരളരാഷ്ട്രീയത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ലൈഫ് മിഷൻ അഴിമതിയിലെ ആരോപണങ്ങൾ കൃത്യമായി അന്വേഷണം നടക്കുകയും കുറ്റക്കാർ ശിഷിക്കപ്പെടേണ്ടതുമാണ്. വീടെന്ന സ്വപ്നത്തിനു കരിനിഴൽ വീഴരുത്. കുറ്റമറ്റരീതിയിൽ ആ സ്വപ്നം പൂവണിയണം. ലൈഫ് ഭവന നിർമാണ പദ്ധതിയിലെ തുടക്കത്തിലുള്ള ആവേശം സർക്കാരിന് നിലവിലുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുമാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്ന് പറഞ്ഞ ഭവനപദ്ധതി മുടങ്ങുകയും കാലതാമസംവരുകയും അനന്തമായി നീളുകയും ചെയ്തു.
രാഷ്ട്രീയവിരോധത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്നതും കുടുംബങ്ങൾ അനാഥമാവുന്നതും അവസാനിക്കണം. ആശയപ്പോരാട്ടങ്ങളിലേക്കു രാഷ്ട്രീയപ്പാർട്ടികൾ മാറേണ്ടതുണ്ട്. രാഷ്ട്രീയ അക്രമങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയമാകരുത് സർക്കാർ പിന്തുടരേണ്ടത്. കൊലപാതകരാഷ്ട്രീയത്തിന് ആരും ഇരയാകരുതെന്ന പോലെ ഇത്തരം രാഷ്ട്രീയം നടത്താൻ ആരും രാഷ്ട്രീയപ്പാർട്ടികളുടെ കെണിയിലകപ്പെടരുത് എന്നതും പ്രധാനമാണ്. ട്രാപ്പിൽ പെടാതിരിക്കാനുള്ള തിരിച്ചറിവിലേക്ക്, ചിന്തയിലേക്കുള്ള ഓർമപ്പെടുത്തലാവട്ടെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ.
(തൃശൂർ ശ്രീ കേരളവർമ്മ കോളജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പറുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."