HOME
DETAILS

ഹിന്ദി ഭാഷാവാദത്തിലെ അപകടങ്ങൾ

  
backup
April 19 2022 | 03:04 AM

4865254632-2022

പ്രൊഫ. റോണി കെ. ബേബി

2019 ലെ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഇന്ത്യയെ സാംസ്‌കാരികമായി ഒരുമിപ്പിക്കുന്നതിന് ഹിന്ദി രാജ്യമെമ്പാടും നിർബന്ധിത ഭാഷയാക്കണമെന്ന നിർദേശത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തിലൂടെ വിഷയം വീണ്ടും വിവാദമായിരിക്കുകയാണ്. പാർലമെന്ററി ഔദ്യോഗിക ഭാഷാസമിതിയുടെ 37ാമത് യോഗത്തിലാണ് ഇംഗ്ലീഷിന് ബദലായി ഹിന്ദി മാറണമെന്ന നിർദേശം അമിത് ഷാ മുന്നോട്ടുവച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. മറ്റു ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ ഹിന്ദി പ്രചരിപ്പിക്കുന്നതിനായി ഊർജിതശ്രമങ്ങൾ നടന്നുവരുന്നതായും പാർലമെന്ററി ഔദ്യോഗിക ഭാഷാസമിതിയെ അമിത് ഷാ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഒമ്പത് ആദിവാസി സമുദായങ്ങൾ അവരുടെ ഭാഷാലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്യുകയും എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതം നൽകിയതായും ഔദ്യോഗിക ഭാഷാസമിതിയെ അമിത് ഷാ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യത്തെ തകർത്തുകൊണ്ട് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം നടത്തുന്നതെന്ന വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരേ ഉയരുന്നത്.


ഒരു രാജ്യം ഒരു ഭാഷ എന്ന
സംഘ്പരിവാർ അജൻഡ


ഒരു രാജ്യം ഒരു ഭാഷ എന്ന അജൻഡ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന നീക്കങ്ങൾ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽനിന്ന് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംസ്‌കൃതത്തെയും ഹിന്ദിയേയും മുന്നിൽനിർത്തി രാജ്യമെമ്പാടും സാംസ്‌കാരിക ഏകതയുണ്ടാക്കി സംഘ്പരിവാറിന്റെ ലക്ഷ്യമായ ഏക രാഷ്ട്രശരീരത്തെ രൂപീകരിക്കാനുള്ള തന്ത്രമായാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ നേതാക്കൾ അമിത് ഷായുടെ ഈ പ്രസ്താവനയെ കാണുന്നത്. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും നമ്മുടെ ദേശീയ നേതാക്കന്മാർ വളരെ സൂക്ഷ്മമായി പടുത്തുയർത്തിയ ബഹുസ്വരതയെന്ന ദർശനത്തിന് കടകവിരുദ്ധമാണ് ആർ.എസ്.എസ് മുന്നോട്ടുവയ്ക്കുന്ന ഏക രാഷ്ട്രശരീരവാദം. ആർ.എസ്.എസിന് ബൗദ്ധിക അടിത്തറ പാകുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ദീൻ ദയാൽ ഉപാധ്യായയുടെ ഏകാത്മക മാനവ ദർശനവാദത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്ന് ഹിന്ദി ഭാഷയെ മുന്നിൽനിർത്തിക്കൊണ്ടുള്ള സാംസ്‌കാരിക ദേശീയവാദമാണ്. ആര്യഭാഷയെന്നും ദേവഭാഷയെന്നും ഹിന്ദുത്വശക്തികൾ അഭിമാനിക്കുന്ന സംസ്‌കൃതത്തെയും അതിന്റെ ആധുനിക പതിപ്പായ ഹിന്ദിയേയും മുന്നിൽനിർത്തി രാജ്യമെമ്പാടും ഏകതാഭാവവും ഐക്യബോധവും രൂപീകരിക്കാം എന്നാണ് ആർ.എസ്.എസ് പുറത്തുപറയുന്നതെങ്കിലും അതിലൂടെ രാജ്യമെമ്പാടും പ്രസരിപ്പിക്കാൻ ആഗ്രഹിക്കുന്നത് ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരവും പ്രത്യയശാസ്ത്രവുമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടെയാണ് ഹിന്ദി ഭാഷാവാദത്തിന്റെ അപകടം കിടക്കുന്നത്.


ദേശീയതയുടെ അടിസ്ഥാനം സ്വത്വബോധത്തിൽനിന്ന് ഉയരുന്ന പൊതുബോധമാണെങ്കിൽ ഈ ബോധങ്ങൾ നിർവചിക്കപ്പെടുന്നത് മതം, ഭാഷ, സംസ്‌കാരം തുടങ്ങിയ മാനദണ്ഡങ്ങളിലാണ്. ഈ പൊതുബോധത്തെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ ദേശരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നു. രാഷ്ട്രം ഭൂമിശാസ്ത്രപരമായ നിർവചനമാണെങ്കിൽ ദേശീയത ഒരു സാംസ്‌കാരിക, മാനസിക വികാരമാണ്. ഇത് രണ്ടും കൂടിച്ചേരുമ്പോഴാണ് ദേശരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നത്. ഏക മാനസിക, സാംസ്‌കാരിക ബോധമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന ചിന്തയിലാണ് ചരിതത്തിലെ ദേശരാഷ്ട്രങ്ങൾ ഒക്കെ രൂപപ്പെടുത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയുടെയും ജർമനിയുടെയും ഒക്കെ രൂപീകരണത്തിന് കാരണമായത് ഈ ചിന്തകളായിരുന്നു. ജർമൻ ഏകീകരണത്തിനു ചുക്കാൻപിടിച്ച വോട്ടോ വോൺ ബിസ്മാർക്കിനെയും ഇറ്റാലിയൻ ഏകീകരണത്തിനു നേതൃത്വം നൽകിയ ജോസഫ് മസീനിയേയും ജോസഫ് ഗാരിബാൾഡിയെയും സ്വാധീനിച്ചത് ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ഈ ചിന്തകളായിരുന്നു. ആധുനിക തുർക്കിക്ക് അസ്തിവാരമിട്ട കേണൽ മുസ്തഫാ കമാൽ അതാതുർക്കും ഈ ചിന്തയുടെ വക്താവായിരുന്നു. പക്ഷേ വന്യമായ ദേശരാഷ്ട്രബോധം സാമ്രാജ്യത്വ താൽപ്പര്യങ്ങളിലേക്കും അധിനിവേശങ്ങളിലേക്കും നയിക്കുമെന്നാണ് പിൽക്കാല ലോകചരിത്രം പഠിപ്പിച്ച പാഠങ്ങൾ. ഇറ്റലിയിലും ജർമനിയിലുമുണ്ടായിരുന്ന ദേശീയതാബോധമാണ് പിന്നീട് മുസോളിനിയുടെയും ഹിറ്റ്‌ലറിന്റെയും നേതൃത്വത്തിൽ നാസി -ഫാസിസ്റ്റു ഭരണകൂടങ്ങളുടെ രൂപീകരണത്തിലും അക്രമോത്സുകമായ ദേശീയതയിലും വംശാധിപത്യ ചിന്തകളിലും അവസാനം കോടിക്കണക്കിനു മനുഷ്യക്കുരുതികൾക്കും കാരണമായ രണ്ടാം ലോക മഹായുദ്ധത്തിലും ചെന്ന് അവസാനിക്കുന്നത്.
ബഹുസ്വരതയുടെ സൗന്ദര്യം ശിഥിലമാകരുത്


ഏകശിലാത്മകമായ ഈ ദേശരാഷ്ട്രവാദത്തിന്റെ മറുപുറമാണ് ബഹുസ്വരതാവാദം. ഇതിന്റെ ഏറ്റവും സുന്ദരമായ ദർശനമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുന്നോട്ടുവച്ച 'നാനാത്വത്തിൽ ഏകത്വം' എന്ന ചിന്ത. ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് 'നാനാത്വത്തിൽ ഏകത്വം' എന്ന മനോഹരമായ വാക്കുകൾ നെഹ്‌റു ഉപയോഗിച്ചത്. നെഹ്‌റുവിന്റെ വിഖ്യാത രചനയായ 'ഇന്ത്യയെ കണ്ടെത്തൽ' ഈ മഹത്തായ സന്ദേശത്തിന്റെ പ്രഘോഷണമാണ്. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്തൃതമായ ഈ രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് ബഹുസ്വരതയുടെ ആഘോഷങ്ങളിലാണ് എന്നാണ് നെഹ്‌റു നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തരം നമ്മൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയിൽ എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ദേശീയബോധം എങ്ങനെ രൂപീകരിച്ചെടുക്കും എന്നതായിരുന്നു. മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളുള്ള, ഭാഷയിലും സംസ്‌കാരങ്ങളിലും ചിന്തകളിലും എല്ലാം വ്യത്യസ്തകളുള്ള ഭൂപ്രദേശത്തെ രാഷ്ട്രമായി പരികൽപന ചെയ്യുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ദശകങ്ങളിൽ നമ്മുടെ രാഷ്ട്രനേതാക്കന്മാർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി.
സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് രൂപകൽപ്പന നൽകിയ ഭരണഘടന നിർമാണസഭയിൽ ആധുനിക ഇന്ത്യയുടെ സ്വത്വം എന്തായിരിക്കണം എന്നത് സംബന്ധിച്ച് വളരെ ആഴവും പരപ്പുമുള്ള ചർച്ചകളാണ് നടന്നത്.ഈ ചർച്ചകൾ നൂറുകണക്കിന് വാല്യങ്ങളിൽ ഇന്നും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ഹിന്ദിയെ രാജ്യത്തിന്റെ ഏകഭാഷയാക്കുന്നതിനെയും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും നെഹ്‌റു എതിരായിരുന്നു. ഹിന്ദിക്കൊപ്പം ഇംഗ്ലീഷും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാകണമെന്നും മറ്റു പ്രാദേശികഭാഷകൾ അംഗീകരിക്കപ്പെടണമെന്നുമായിരുന്നു നെഹ്‌റുവും പട്ടേലും ഉൾപ്പെടെയുള്ള നേതാക്കന്മാർ ഭരണഘടന നിർമാണസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ പറഞ്ഞത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട രാജ്യത്തിന് ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം ഭാവിയിൽ താങ്ങാൻ കഴിയില്ലെന്ന യുക്തി ഉപയോഗിച്ചാണ് നെഹ്‌റു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ എതിർത്തത്. അല്ലാതെ ഇന്ന് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതുപോലെ പ്രാദേശികഭാഷാ വാദത്തെ എതിർത്തതും ഹിന്ദി ഭാഷാവാദത്തെ അനുകൂലിച്ചുമാണെന്ന വാദങ്ങൾ വസ്തുതാപരമായി നിലനിൽക്കുന്നതല്ല.


ഏതായാലും വിഭാഗീയതയുടെയും ചേരിതിരിവിന്റെയും നടപടികളുമായി രാജ്യത്തെ ഭരണാധികാരികൾ മുന്നോട്ടുപോവുകയാണ്. മതമായാലും ഭാഷയായാലും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും വളരെ സമർഥമായി ഭരണാധികാരികൾക്ക് കഴിയുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല. തുടർച്ചയായി വിവാദങ്ങൾ അഴിച്ചുവിടുന്നതിലൂടെ യഥാർഥ ജനകീയ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനും തങ്ങളുടെ അജൻഡകൾ നിർബാധം നടപ്പാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. പക്ഷേ എത്രനാൾ ഒരു ജനതയെ വഞ്ചിക്കാൻ ഭരണാധികാരികൾക്ക് കഴിയുമെന്ന കാലികമായ ചോദ്യവും വളരെ പ്രസക്തമാണ്. അതിനു കഴിയില്ലെന്നാണ് ചരിത്രം പഠിപ്പിക്കുന്ന പാഠങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago