സർക്കാരിനെതിരേയുള്ള സി.െഎ.ടി.യു സമരത്തിന്റെ അർഥം?
ഘടകകക്ഷി നേതാക്കൾ മന്ത്രിമാരായ മൂന്നു വകുപ്പുകളിലും സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമര കാഹളം മുഴങ്ങിയിരിക്കുകയാണ്. തുടക്കത്തിൽ കെ.എസ്.ഇ.ബിയിലാണ് സമരം തുടങ്ങിയതെങ്കിൽ പിന്നീടത് കെ.എസ്.ആർ.ടി.സിയിലേക്കും ഇപ്പോൾ വാട്ടർ അതോറിറ്റിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. കെ.എസ്.ഇ.ബി.യിലെ സി.ഐ.ടി.യു വനിതാ നേതാവ് ജാസ്മിൻ ബാനുവിനെ ചെയർമാൻ ബി. അശോക് സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് സർക്കാർ അനുകൂല ഓഫിസേഴ്സ് സംഘടനയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു സത്യഗ്രഹ സമരം തുടങ്ങിയത്. ജാസ്മിൻ ബാനു മുൻകൂട്ടി അറിയിക്കാതെ ലീവെടുത്തു എന്ന പേരിലാണ് അവർ സസ്പെൻഡ്ചെയ്യപ്പെട്ടത്. ഇതിനെതിരേ ജാസ്മിൻ ബാനു കോടതിയിൽ കേസ് കൊടുത്തതിനിടയിലാണ് ഓഫിസേഴ്സ് അസോസിയേഷൻ സസ്പെൻഷനെതിരേ സത്യഗ്രഹ സമരം തുടങ്ങിയത്. സമരനേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയോ സമരം രമ്യമായി തീർക്കാൻ മുൻകൈയെടുക്കുകയോ ഒന്നും ചെയർമാന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സമരത്തിനു ശക്തികൂട്ടിയപ്പോൾ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരെയും ചെയർമാൻ സസ്പെൻഡ് ചെയ്ത് സമരം ചെയ്യുന്നവരുടെ വാശിയേറ്റുകയായിരുന്നു. ബോർഡ് യോഗത്തിലേക്ക് തള്ളിക്കയറി എന്നാരോപിച്ചു കൊണ്ടാണ് സമരനേതാക്കാളെ സസ്പെൻഡ് ചെയ്തിരുന്നത്. പിന്നീട് മൂന്നുപേരുടെയും സസ്പെൻഷൻ പിൻവലിച്ചെങ്കിലും യൂനിയൻ സമരത്തിൽനിന്ന് പിൻവാങ്ങിയില്ല.
ഈ സമരങ്ങൾക്കിടയിലാണ് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് നടന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ ബോർഡ് ചെയർമാൻ ബി. അശോക് സ്ഥാനത്തുനിന്ന് തെറിക്കുമെന്നായിരുന്നു സമരം ചെയ്തിരുന്നവർ പ്രതിക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾ പുലർന്നില്ല. സർക്കാർ, പ്രത്യേകിച്ച് മുഖ്യമന്ത്രി ബോർഡ് ചെയർമാന്റെ നിലപാടുകളെ പിന്തുണക്കുന്നതാണ് പിന്നീട് കണ്ടത്. ഈ പിന്തുണയായിരിക്കാം വകുപ്പുമന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് ചെയർമാന് പിന്തുണ നൽകാൻ ധൈര്യം നൽകുന്നതും. കഴിഞ്ഞ വർഷം കെ.എസ്.ഇ.ബിയെ ലാഭത്തിൽ എത്തിച്ചത് ചെയർമാന്റെ മിടുക്കുകൊണ്ടാണെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ നിർലോഭമായ പിന്തുണ ചെയർമാനു നൽകിപ്പോന്നത്. അങ്ങനെ വിശ്വസിക്കുന്നവരാണ് ഭരണവൃത്തങ്ങളിൽ ഏറെയും പേർ.
സമാനമായ സംഭവങ്ങളാണ് കെ.എസ്.ആർ.ടി.സിയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിഷുനാളിലും ഈസ്റ്റർ ദിനത്തിലും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണിപ്പോൾ കെ.എസ്.ആർ.ടി.സിയിലും സമര തിരിനാളം കത്തിയിരിക്കുന്നത്. ഓരോ മാസത്തിലും അഞ്ചാം തീയതിക്കുള്ളിൽ തൊഴിലാളികൾക്ക് ശമ്പളം കൊടുത്തു തീർക്കണമെന്ന കരാർ മാനേജ്മെന്റ് ലംഘിച്ചതിനെതിരേയാണ് സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ് സംഘടനകൾ സമരത്തിനിറങ്ങിയത്. ധനവകുപ്പ് 30 കോടി നൽകിയതിനാലും ഓവർ ഡ്രാഫ്റ്റായി 45 കോടി എടുത്തതിനാലും ഇന്നലെ മുതൽ ശമ്പളം വിതരണം ഉണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചതാണെങ്കിലും സി.ഐ.ടി.യു സമരത്തിൽനിന്ന് പിന്മാറുന്നതായ സൂചനകളൊന്നും നൽകിയിട്ടില്ല. വകുപ്പുമന്ത്രിയായ ആന്റണി രാജുവും സി.ഐ.ടി.യുവിന് പ്രത്യേക പരിഗണനകളൊന്നും നൽകുന്നുമില്ല. അതിനാൽ 28നു കെ.എസ്.ആർ.ടി.സി ട്രേഡ് യൂനിയനുകൾ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മാറ്റമുണ്ടാകില്ലെന്ന് വേണം കരുതാൻ.
ഇതിനു പിന്നാലെയാണ് വാട്ടർ അതോറിറ്റിയിലും സമരവുമായി സി.ഐ.ടി.യു രംഗത്തെത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ ആണ് വകുപ്പ് മന്ത്രി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇടത് അനുകൂല വാട്ടർ അതോറിറ്റി ജീവനക്കാരുടെ സംഘടനയായ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ഇന്നലെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷികാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ഘടകകക്ഷി നേതാക്കളുടെ മൂന്ന് വകുപ്പുകളിൽ സർക്കാരിനു പിന്തുണ നൽകുന്ന പ്രബല ട്രേഡ് യൂനിയനായ സി.ഐ.ടി.യു സമരകാഹളം മുഴക്കിയിരിക്കുന്നത്. സി.ഐ.ടി.യുവിന്റെ സംസ്ഥാന നേതാക്കളായ ആനത്തലവട്ടം ആനന്ദനോ എളമരം കരീമോ സമരക്കാർക്ക് അനുകൂലമായി ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമായും ഊന്നിപ്പറഞ്ഞത് സംസ്ഥാനത്തിന്റെ വികസനത്തിന് നിക്ഷേപങ്ങൾ വർധിക്കണമെന്നായിരുന്നു. അസ്ഥാനത്ത് നടക്കുന്ന തൊഴിലാളി സമരങ്ങൾ നിക്ഷേപകരെ പിറകോട്ട് വലിക്കുന്നുണ്ടെന്നും അത്തരം പ്രവണതകൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി. സി.പി.എമ്മിന്റെ പുതിയ നയമായിരിക്കാം മുഖ്യമന്ത്രി സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടാവുക. മാറിയ സാഹചര്യത്തിൽ ഇന്ത്യയിൽ കോർപറേറ്റ് അനുകൂല നിയമങ്ങൾ ഉണ്ടാവുകയും തൊഴിലാളിവിരുദ്ധ നിയമങ്ങൾ പാസാവുകയും ചെയ്യുമ്പോൾ സി.പി.എം നയം മാറ്റുന്നതുപോലെ തൊഴിലാളി സംഘടനകൾക്ക് നയം മാറ്റാൻ കഴിയണമെന്നില്ല. തൊഴിലാളികൾ നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി അപഹരിക്കപ്പെടുമ്പോൾ തൊഴിലാളി സംഘടനകൾക്ക് നയം തിരുത്താനാകില്ലല്ലോ.
സി.പി.എമ്മിന്റെ വർഗ ബഹുജന സംഘടനയായ സി.ഐ.ടി.യുവിന്റെ മൂന്നു വകുപ്പുകളിലുള്ള സമരം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക ഇടതുമുന്നണിയിൽ ഉണ്ടെങ്കിലും നിക്ഷേപ സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രതിച്ഛായ വിഷയം കൊണ്ട് മറികടക്കാനാകുമോ എന്നാണിനി അറിയേണ്ടത്? കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിന് കടകവിരുദ്ധമായി സി.ഐ.ടി.യു സമരത്താൽ സംസ്ഥാനത്ത് പല സ്ഥാപനങ്ങളു പൂട്ടിക്കൊണ്ടിരുന്നതും ഇപ്പോഴത്തെ സമരത്തിനോടുള്ള മുഖ്യമന്ത്രിയുടെ മുഖംതിരിക്കലിന് കാരണമായിട്ടുണ്ടാകാം.
വികസനത്തിനു വേണ്ടി നയങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷസർക്കാരും തൊഴിലാളി വിരുദ്ധതക്ക് മുമ്പിൽ നയം മാറ്റാനാവില്ലെന്ന സി.ഐ.ടി.യു നിലപാടും തമ്മിലുള്ള സംഘർഷമാണോ സംസ്ഥാനത്തെ മൂന്ന് വകുപ്പിൽ നടക്കുന്ന സമരത്തിൽ നിന്ന് മനസിലാക്കേണ്ടത്? മുഖ്യമന്ത്രിയുടെ തുടരുന്ന മൗനം അതു ശക്തിപ്പെടുത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."