ഖുതുബ്മിനാറിനുള്ളിലെ ഗണേശ വിഗ്രഹങ്ങൾ നീക്കംചെയ്യരുതെന്ന് കോടതി
ന്യൂഡൽഹി
ഖുതുബ് മിനാറിനുള്ളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച രണ്ടു ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഡൽഹി കോടതി. ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യാനുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് അഡിഷണൽ ജില്ലാ ജഡ്ജി നിഖിൽ ചോപ്രയുടെ ഉത്തരവ്. ഗണേശ വിഗ്രഹങ്ങൾ ദേശീയ മ്യൂസിയത്തിലേക്ക് മാറ്റാൻ ദേശീയ സ്മാരക അതോറിറ്റി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരേ ഋഷഭ് ദേവ് എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഖതുബ് മിനാർ തർക്ക സ്ഥലമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അവിടെ വിഗ്രഹം ബഹുമാനത്തോടെ സ്ഥാപിക്കാൻ അനുവദിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആശങ്ക കാണാതെ പോകാനാവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി അടുത്ത തവണ കേസ് പരിഗണിക്കും വരെ തൽസ്ഥിതി തുടരണമെന്നും വിഗ്രഹം മാറ്റേണ്ടതില്ലെന്നും നിർദേശിച്ചു.1993ൽ യുനെസ്‌കൊ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ചരിത്രസ്മാരകമാണ് ഖുതുബ് മിനാർ. ഇവിടെനിന്ന് ഗണേശ വിഗ്രഹം ലഭിച്ചുവെന്ന അവകാശവാദവുമായി സംഘ്പരിവാർ അടുത്തിടെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."