കലാപത്തിൽ പങ്കാളിയായെന്ന് ആരോപിച്ച് വീട് തകർക്കുന്നതിനെതിരേ സുപ്രിംകോടതിയിൽ ഹരജി
ന്യൂഡൽഹി
മധ്യപ്രദേശിൽ രാമനവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പങ്കാളിയായെന്ന് ആരോപിച്ച് മുസ് ലിംകളുടെ വീടും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്ത അധികൃതരുടെ നടപടിക്കെതിരേ സുപ്രിംകോടതിയിൽ ഹരജി. വീടുകൾ തകർത്ത നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്ത് ഉലമായെ ഹിന്ദാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. വീടുകൾ തകർക്കുന്ന നടപടി അവസാനിപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകണം. കുറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ആരുടെയും വീട് തകർക്കാൻ ആർക്കും നിയമപരമായ അധികാരമില്ല. ഇത് കുറ്റാരോപിതന്റെ അവകാശങ്ങൾ ലംഘിക്കുന്നതാണ്.
കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്താതെ സർക്കാരും പൊലിസും ചേർന്ന് ശിക്ഷ വിധിക്കുകയാണെന്നും ഹരജിയിൽ പറയുന്നു. വീടുകളും സ്ഥാപനങ്ങളും തകർക്കുന്ന നടപടിയെ പിന്തുണച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മറ്റു മന്ത്രിമാർ തുടങ്ങിയവർ പരസ്യമായി സംസാരിച്ചു. ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വീടുകൾ തകർക്കുന്നത്. ഇതു രാജ്യത്തെ നീതിന്യായ സംവിധാനത്തെ അവമതിക്കുന്നതാണ്. കലാപത്തിൽ പങ്കെടുത്തുവെന്ന് പൊലിസ് ആരോപിക്കുന്നവർ യഥാർഥത്തിൽ അതിൽ പങ്കെടുത്തുവെന്ന് ഉറപ്പില്ലെന്നും ഹരജിയിൽ പറയുന്നു. ഇതു സംബന്ധിച്ച കേസ് വിചാരണാഘട്ടത്തിൽ പോലും എത്തിയിട്ടില്ല. ഉന്നത തലത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലിസും അധികൃതരും ചേർന്ന് ഇത്തരം നടപടികൾ ചെയ്യുന്നത്. അതിനാൽ അത് ആവർത്തിക്കാതിരിക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ജംഇയ്യത്ത് ഉലമായെ ഹിന്ദിനു വേണ്ടി അതിന്റെ ലീഗൽ സെൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് നൂർ മുഹമ്മദ് അസ്മിയാണ് ഹരജിക്കാരൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."