കണ്ണൂർക്കരുത്ത് ഇനി മുന്നണിയിലും ഇ.പി ജയരാജന് പുതിയ നിയോഗം
സുരേഷ് മമ്പള്ളി
കണ്ണൂർ
ഇടതുമുന്നണിയുടെ കടിഞ്ഞാൺ എ.വിജയരാഘവനിൽനിന്ന് ഇ.പി ജയരാജനിലെത്തുമ്പോൾ ഭരണത്തിലും പാർട്ടിയിലും മുന്നണിയിലും കണ്ണൂരിന്റെ സമ്പൂർണ ആധിപത്യം. ഭരണതലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കസേരയിൽ കോടിയേരി ബാലകൃഷ്ണനും കരുത്തോടെ തുടരുന്നതിനു പിന്നാലെയാണ് എൽ.ഡി.എഫ് കൺവീനറായി ഇ.പി ജയരാജന്റെ വരവ്.
ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായമന്ത്രിയായിരുന്നതിന്റെ പരിചയം മുന്നണിയെ നയിക്കുന്നതിൽ ഇ.പിക്ക് കരുത്താകും. കണ്ണൂരിൽനിന്നുള്ള മൂന്നാമത്തെ എൽ.ഡി.എഫ് കൺവീനറാണ് ഇ.പി ജയരാജൻ.1970കളിൽ അഴീക്കോടൻ രാഘവനും 1986ൽ പി.വി കുഞ്ഞിക്കണ്ണനും മുന്നണി കൺവീനർമാരായിരുന്നു. അഴിക്കോടൻ രാഘവൻ പിന്നീട് തൃശൂർ കൊക്കാലയിൽ വച്ചു കൊല്ലപ്പെടുകയും പി.വി കുഞ്ഞിക്കണ്ണനെ 1986ൽ എം.വി.രാഘവനൊപ്പം പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു.സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പിയെ നേരത്തെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ എ.വിജയരാഘവനു മാത്രമേ കേരളത്തിൽനിന്ന് പി.ബിയിൽ ഇടംലഭിച്ചുള്ളൂ. പി.ബിയിലെത്താത്തതിന്റെ നിരാശ ഇ.പി ജയരാജനിൽ പ്രകടമായിരുന്നു. പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടാൻ മാത്രം താൻ വളർന്നിട്ടില്ലെന്ന് പാർട്ടി കോൺഗ്രസ് വേളയിൽ ഇ.പി മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്.രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട് എന്നിവരുമായി കണ്ണൂർ ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു വികാരാധീനനായുള്ള ജയരാജന്റെ പ്രതികരണം. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും ഇ.പി ജയരാജൻ സമാന പ്രതികരണം നടത്തിയിരുന്നു. പാർലമെന്ററി പദവികളിലേക്ക് ഇനിയില്ലെന്നായിരുന്നു അന്ന് ഇ.പിയുടെ പ്രഖ്യാപനം.കണ്ണൂരിലെ മുതിർന്ന നേതാവിനെ താക്കോൽസ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതിൽ ഒരു വിഭാഗം അണികൾക്ക് അതൃപ്തിയുണ്ടായിരുന്നു. പാർട്ടി കേന്ദ്രനേതൃത്വത്തിൽ പലർക്കും ഇതേ അഭിപ്രായമായിരുന്നു. ഒടുവിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ ഇടപെടലിലൂടെയാണ് മുന്നണി കൺവീനർ കസേരയിൽ ഇ.പി ജയരാജൻ എത്തുന്നതിലേക്ക് വഴിതെളിച്ചതെന്നറിയുന്നു.. എൽ.ഡി.എഫ് കൺവീനറായതോടെ ഇ.പിയുടെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."