സർവകക്ഷിയോഗം ആർ.എസ്.എസിന് ക്ഷണം; പോപുലർ ഫ്രണ്ടിനെ ഒഴിവാക്കി ജില്ലാ ഭരണകൂടത്തിന് വിമർശനം
പാലക്കാട്
പോപുലർ ഫ്രണ്ടിന്റേയും ആർ.എസ്.എസിന്റേയും പ്രാദേശിക നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് അയവുവരുത്താൻ വിളിച്ച സർവകക്ഷിയോഗത്തിൽ ജില്ലാ ഭരണകൂടത്തിനെതിരേ വിമർശനം.
സർവകക്ഷി യോഗത്തിലേക്ക് ആർ.എസ്.എസിനെ ക്ഷണിച്ചപ്പോൾ പോപുലർ ഫ്രണ്ടിനെ ഒഴിവാക്കിയത് ആർ.എസ്.എസിന്റെ സമ്മർദത്തിനു കീഴ്‌പ്പെട്ടാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ തുറന്നടിച്ചു. ഇതു സംബന്ധിച്ച് ബി.ജെ.പി പ്രതിനിധികളും മറ്റ് പാർട്ടികളുടെ നേതാക്കളുമായി രൂക്ഷ വാദപ്രതിവാദങ്ങളും നടന്നു.
പ്രശ്‌നത്തിലേർപ്പെട്ട രണ്ടു കക്ഷികളേയും ഒരുമിച്ചിരുത്തി ചർച്ച നടത്തി പരിഹാരം തേടുന്നതിനു പകരം ഏകപക്ഷീയമായി യോഗം നടത്തിയതിനെതിരേ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും വി.കെ ശ്രീകണ്ഠൻ എം.പിയും തുറന്നടിച്ചു.
ജില്ലാ ഭരണകൂടം യോഗത്തെ പ്രഹസനമാക്കിയെന്നും പ്രശ്‌നക്കാർക്കെതിരേ ജില്ലാ ഭരണകൂടവും പൊലിസും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.
സമാധാനശ്രമങ്ങൾക്ക് കോൺഗ്രസ് കൂടെയുണ്ടാകുമെന്ന് ശ്രീകണ്ഠൻ എം.പി പറഞ്ഞു. സമാധാനശ്രമങ്ങളുമായി സർക്കാരും പൊലിസും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണയും സഹകരണവും ഉറപ്പുനൽകുന്നതായി എസ്.ഡി.പി.ഐ നേതാവ് അമീറലി അറിയിച്ചു. അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കണമെന്നും അമീറലി ആവശ്യപ്പെട്ടു.
പൊലിസ് സംവിധാനങ്ങളുടെ പൂർണ പരാജയമാണ് പാലക്കാട്ടുണ്ടായ കൊലപാതകങ്ങൾക്ക് കാരണമെന്നും അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കളായ കളത്തിൽ അബ്ദുല്ല, മരക്കാർ മാരായമംഗലം എന്നിവർ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് തങ്കപ്പൻ, രമ്യഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ അബുഫൈസൽ, സുലൈമാൻ എന്നിവർ സമാധാനശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു. മന്ത്രി കെ. കൃഷ്ണൻ കുട്ടി അധ്യക്ഷനായ യോഗത്തിൽ ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ, മുൻ എം.പി എൻ.എൻ കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.
കൊലപാതകങ്ങളെ അപലപിച്ച്
ഗവർണർ
തിരുവനന്തപുരം
പാലക്കാട് നടന്ന കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യ കരമായ സംഭവങ്ങളാണ് പാലക്കാട് ഉണ്ടായത്.
നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്. നിയമ സംവിധാനങ്ങളിലൂടെ കർശന നടപടി സ്വീകരിക്കണം.നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."