യു.പിയില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച ശേഷം കാല് നക്കിച്ചു; ഏഴ് പേര് അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് വിദ്യാര്‍ഥിക്ക് നേരെ അതിക്രമം. താക്കൂര്‍ ജാതിയില്‍ പെട്ട സംഘം ദളിത് ബാലനെ മര്‍ദിക്കുകയും കാല് നക്കിക്കുകയും ചെയ്തു. റായ്ബലേറിയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുട്ടി നിലത്ത് മുട്ട് കുത്തി ഇരിക്കുന്നത് കാണാം. ബൈക്കിലിരിക്കുന്ന ഒരു യുവാവ് തന്റെ കാല് കുട്ടിയുടെ ചെവിയിലാണ് വെച്ചിരിക്കുന്നത്. താക്കൂര്‍ എന്ന് പറയൂ എന്ന് കുട്ടിയോട് ആവശ്യപ്പെടുന്നു. മറ്റൊരു യുവാവ് ഇനി ഇത്തരം തെറ്റ് നീ ആവര്‍ത്തിക്കുമോ എന്ന് കുട്ടിയോട് ചോദിക്കുന്നുണ്ട്. കുട്ടി നിലത്തിരുന്നത് പേടിച്ച് വിറയ്ക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 10 നാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട കുട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പരാതി നല്കിയ ബാലന്. വിധവയായ അമ്മയോടൊപ്പമാണ് കുട്ടി താമസിക്കുന്നത്. പ്രതികളില്‍ ചിലരുടെ ഉടമസ്ഥതയിലുള്ള വയലുകളില്‍ കുട്ടിയുടെ അമ്മ ജോലി ചെയ്തിരുന്നു. ഇതിന്റെ കൂലി കുട്ടി ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."