ഹാജർ
കഥ
ഹാഷിം വേങ്ങര
പിള്ളേരുടെ കുശുകുശുപ്പിൽ ഫോർട്ടീൻ എന്നു വിളിച്ചതും ഒരു കനത്ത നിശബ്ദതയാണ് ഹാജർ പറഞ്ഞത്. സെക്കൻഡ് ബെഞ്ചിലെ ഇടതുവശത്തേക്ക് സർവരും കൺപാർത്തു. മുൻബെഞ്ചിലെ പെൺകുട്ടികളിൽ പലരും കരയും എന്നായപ്പോൾ ഹാജർപട്ടിക പൂട്ടിവച്ച് സ്റ്റാഫ്റൂമിലേക്ക് ഒരോട്ടമായിരുന്നു. മേശമേൽ പരന്നുകിടക്കുന്ന പുസ്തകങ്ങൾ തെന്നിമാറ്റി ഒരു മുഖവട്ടം സൃഷ്ടിച്ച് നെറ്റിവച്ചു കിടന്നു. മേഡം, മിസ്സ് എന്നെല്ലാം വിളിക്കുന്നവർക്കിടയിൽ ടീച്ചറെ എന്ന നാടൻ വിളിയാണ് അനശ്വരയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കിയത്. ഫോർട്ടീൻ എന്നു വിളിക്കുമ്പോൾ പതുങ്ങി പ്രസന്റ് പറയുന്നവൾ...
എന്തു കാര്യത്തിനും അരികെ ചെല്ലുമ്പോൾ ഭയം കോച്ചുന്ന ശരീരപ്രകൃതവുമായി അന്തർമുഖനാവും. ഏകാകിനിയായി ബെഞ്ചിലിരിക്കുമ്പോൾ എത്രയോ തവണ അവളോട് പറഞ്ഞിട്ടുണ്ട്, സഹപാഠികളുമായി സോഷ്യലായി നിൽക്കാനും സംസാരിക്കാനും. മൃദുഹാസം പൊഴിച്ച് കണ്ണുകൾ നിലംനട്ട് ഉപദേശത്തെ ചെവിക്കൊള്ളും.
നേരിട്ടു പറയാൻ സാഹചര്യം ഒരുങ്ങിയാലും അവൾ വാട്സാപ്പിലൂടെ മാത്രമേ സംസാരിക്കൂ. ക്ലാസ് ടെസ്റ്റിനു പഠിക്കാത്ത കാര്യംപോലും അവൾ വാട്സാപ്പിലൂടെ പറയും.
ഒരിക്കൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കരോളിനോട് അനശ്വരയുടെ കാര്യം സംസാരിക്കവെ അവൾ പറഞ്ഞത്, 'ചില കുട്ടികൾക്ക് നേരിട്ട് എക്സ്പ്രസ് ചെയ്യാൻ പേടിയായിരിക്കും... പക്ഷേ, അവർക്ക് ഒത്തിരി പറയാനുണ്ടാവും. അതുകൊണ്ട് അവരുടെ കംഫർട്ട് സോൺ വാട്സാപ്പ് ആണ്....'
അതത്ര വലിയ കണ്ടുപിടിത്തമായി ഒന്നും തോന്നിയില്ലെങ്കിലും കരോളിൻ അവസാനമായി പറഞ്ഞത് മനസിൽ തങ്ങിനിന്നിരുന്നു. ‘ഇത്തരം കുട്ടികൾ നിഷ്കളങ്കരായിരിക്കും... ആർക്കും പറ്റിക്കാം....’
ആ സംസാരം അത്ര കാര്യമാക്കിയിരുന്നില്ല. അനശ്വരയുടെ വീട്ടിൽനിന്ന് പുക കാണാനുള്ള ഭയംകാരണം ഇറങ്ങിനടക്കുമ്പോൾ കരോളിന്റെ ‘എന്തു പറ്റിയതാ’ എന്ന മെസേജ് കണ്ടപ്പോഴാണ് വെള്ളിടിവെട്ടിയപോലെ കരോളിൻ അന്നുപറഞ്ഞത് ഓർമവന്നത്.
‘പ്രണയം’ എന്ന് മലയാളത്തിൽ തിരിച്ചു മെസേജ് ചെയ്തു. പിന്നെ ഒന്നുരണ്ട് ദിവസത്തേക്ക് ഫോൺ നോക്കിയിട്ടില്ല. പൊലിസ് സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനശ്വരയുടെ കുടുംബാംഗങ്ങളിലാരോ വിളിച്ചപ്പോഴാണ് ഫോൺ എടുക്കുന്നതുതന്നെ. കോളജിൽ അനുശോചന സംഗമം നടക്കുകയാണെന്നും അൽപസമയത്തിനകം എത്താമെന്നും പറഞ്ഞ് അന്ന് ഫോൺവച്ചു.
പ്രിൻസിപ്പൽ അച്ചൻ സ്വന്തം കുഞ്ഞുങ്ങളോടെന്നപോലെ മനംനൊന്തു പറഞ്ഞു.
‘മക്കളെ തോൽക്കാനുള്ളതാണ് ജീവിതം... എങ്കിലും തോറ്റുകൊടുക്കാനുള്ളതല്ല... അച്ചനോട് വല്ലാത്ത ബഹുമാനം തോന്നി. എത്ര അർഥവത്തായ വചനങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ചനു ശേഷം പ്രധാനാധ്യാപകന്റെ അനുശോചന പ്രമേയം അവതരിപ്പിക്കലായി. ആരോ എഴുതിക്കൊടുത്ത പ്രസംഗം വായിക്കാൻ തുടങ്ങിയതും നീരസം പിടിച്ച് എഴുന്നേറ്റു പോവുകയും ചെയ്തു. വേദിക്കരികിലായി സ്ഥാപിച്ച ഫോട്ടോ ഫ്രെയിമിൽ മെഴുകുതിരിയുടെ മഞ്ഞവെളിച്ചം ചിതറിത്തെറിച്ച ഇരുണ്ട മുഖത്തിന്റെ സ്വർണ നിറമാർന്ന പാതി നോക്കിയാണ് അന്ന് ഓഡിറ്റോറിയത്തിന്റെ പടികളിറങ്ങിയത്.
സ്റ്റാഫ്റൂമിലെ മഷിപുരണ്ട വെള്ള വിരിപ്പിട്ട മേശക്കുമേൽ തലവച്ച് ഓരോന്ന് ഓർത്തു കിടക്കുമ്പോഴാണ് കാർമൽ റോസും ഐശ്വര്യയും വിളിച്ചത്.
‘ആ കൊച്ചിന്റെ കാര്യം ഓർത്ത് സങ്കടം വരുന്നു... എന്നാത്തിനാ ആ കൊച്ച്...’ - കാർമൽ വിങ്ങി...
‘കുട്ടികൾക്ക് ഇപ്പോൾ പണ്ടത്തെപ്പോലെ ആത്മധൈര്യമില്ല. പരീക്ഷയ്ക്കു പകർത്തുന്നത് പിടിച്ചതിനല്ലേ ഒരു കൊച്ച് മീനച്ചിലാറിൽ ചാടിയെ... പ്രണയം കൊണ്ടുള്ള ദുരിതം പറയേ വേണ്ട... കുട്ടികൾക്കൊന്നും സ്വഭാവത്തെയോ പ്രകൃതത്തെയോ പ്രണയിക്കാൻ അറിയില്ല... ഈ സിനിമാസ്റ്റൈൽ പ്രണയം സമൂഹത്തെ നന്നായി ബാധിച്ചിട്ടുണ്ട്...’
ഐശ്വര്യയുടെ സംസാരം അലിവറ്റതായി തോന്നി.
‘എന്തു പറയാനാ മിസ്സേ... ഞാൻ അവളുടെ ഫോൺ കണ്ടായിരുന്നു. അവളുടെ ചേച്ചി പൊലിസിനു കൊടുക്കുംമുന്നേ എന്റെ അടുത്തേക്കാണ് കൊണ്ടുവന്നേ... പൊട്ടിപ്പൊളിഞ്ഞ മൈക്രോമാക്സിന്റെ ഒരു പഴയ ഫോൺ...
‘എന്നിട്ട് മെസേജ് വല്ലോം വായിച്ചോ മിസ്സേ...’ - കാർമൽ തിരക്കി.
‘അതിലൊന്നും ആത്മഹത്യ ചെയ്യാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല... പത്തുമണിക്ക് ശേഷം ഒരു മെസേജ് പോലുമില്ല. അതും അവൻ ഹായ് പറയും. ഉത്തരം നൽകും... വിശേഷങ്ങൾ പറയും... പിന്നെ അവരുടെ സംസാരങ്ങളെല്ലാം അപ്പപ്പോ ഡിലീറ്റ് ചെയ്തിരുന്നു. മരിച്ച രാത്രിയിലെ ഒമ്പതു മണി വരെയുള്ള അവളുടെ മെസേജ് മാത്രമേ കണ്ടുള്ളൂ... ബാക്കിയെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്... അവളുടെ കുപ്പിവളയുടെ നിറം പോലും അവനറിയാം... ഏതായാലും മറ്റുള്ളവയെല്ലാം പൊലീസ് പരതിക്കൊള്ളും...’
അടുത്ത പിരീഡ് ബെല്ല് മുഴങ്ങിയതും കാർമലും ഐശ്വര്യയും സ്റ്റാഫ്റൂമിൽ നിന്ന് ഇറങ്ങിപ്പോയി. ക്ലാസുണ്ടായിട്ടും അവിടെത്തന്നെ കിടന്നു. ഒരു ക്ലാസ് പരീക്ഷ ഉണ്ടെങ്കിൽ പോലും മെസേജ് അയക്കുന്ന അവൾ തന്നോട് ഒരുവാക്ക് മിണ്ടിയില്ലല്ലോ... മനസ് അലിയുന്നവളായിരുന്നില്ലേ അവൾ... ഞാൻ പറഞ്ഞാൽ അതുപോലെ അനുസരിക്കുന്നവൾ... മരണം തൂങ്ങിനിൽക്കുന്ന കയറിനേക്കാൾ ആ കുഞ്ഞ് ജീവിതത്തെ ഭയന്നത് എന്തിനായിരുന്നു...? ഒന്നറിഞ്ഞിരുന്നെങ്കിൽ തിരുത്താമായിരുന്നല്ലോ എന്റെ ദൈവമേ...!
മുഖം കുത്തി കരയാൻ ഭാവിച്ചപ്പോഴാണ് ആരോ വരവറിയിച്ചത്.
‘മിസ്സേ, ക്ലാസിലെ കുട്ടികളുടെ ഫോൺ നമ്പർ വേണായിരുന്നു. ഒന്നു പറഞ്ഞു തരുമോ..? ഞാൻ മെസേജ് അയച്ചിരുന്നു. കണ്ടില്ല...’
മുഖംതുടച്ച് തല ഉയർത്തി നോക്കിയപ്പോൾ പ്യൂൺ വാതിലിൽ ചാരിനിൽപ്പുണ്ട്.
‘ആ... മെസേജ് ഞാൻ കാണാറില്ല. നിനക്ക് വിളിച്ചൂടായിരുന്നോ..? പിന്നെ കുട്ടികളുടെ നമ്പറൊന്നും സേവ് അല്ല. ക്ലാസിലേക്ക് ഒരു ഫോം കൊടുത്തേക്ക്. അവരെഴുതിത്തരും..
പ്യൂൺ പോയതിനുശേഷം ക്ലാസിൽ പോയി നോക്കാമെന്നു കരുതി എഴുന്നേറ്റു. ബുക്ക് എടുക്കാൻ മേശവലിപ്പു തുറന്നപ്പോഴാണ് സൈഡിൽ മൊബൈൽ കണ്ടത്. വലിപ്പടക്കാൻ നേരത്ത് മനസിൽ ഭയം വന്നുമൂടി. താങ്ങാൻ കഴിയാതെ ഹൃദയം പിടച്ചു. ഫോണെടുത്ത് വാട്സാപ്പ് തുറന്നതും ഒത്തിരി മെസേജുകൾ വന്നിട്ടുണ്ട്. സേവ് ചെയ്യാത്ത നമ്പറുകൾ പരതാൻ തുടങ്ങി. വിരൽ മേലോട്ട് വലിയുംതോറും ഭൂതകാലത്തിലേക്ക് ചികഞ്ഞുപോയി. വായിക്കാത്ത അനേകം മെസേജുകളിൽ നാമം തെളിയാത്തതുമാത്രം ശ്രദ്ധിക്കവെ ഒരു പൂച്ചക്കുഞ്ഞ് ചിരിക്കുന്ന ഫോട്ടോ മനസിലുടക്കി.
അതെ, അവൾ തന്നെ. . അക്കൗണ്ട് തുറന്നുനോക്കി. ടീച്ചറെ... എന്ന വിളികൾക്കു ശേഷം അവൾ എന്തോ പറഞ്ഞിരിക്കുന്നു. കൈകാലുകൾ വിറച്ച് സ്റ്റാഫ്റൂമിന്റെ നിലത്തിരിക്കുമ്പോൾ ജനലഴികളിലൂടെ മൂന്നുനിലകൾ കടന്ന് ടീച്ചറെ... എന്ന വിളികൾ ദൂരെദൂരെ അകന്നുപോയി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."