പാർലമെന്റിൽ മാപ്പുപറഞ്ഞ് പ്രസിഡന്റ് ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തിപ്പെടുന്നു
കൊളംബോ
ശ്രീലങ്കയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭകർക്ക് നേരെയുണ്ടായ വെടിവയ്പിൽ പാർലമെന്റിൽ മാപ്പപക്ഷേചിച്ച് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ. സമാധാനപരമായി പ്രക്ഷോഭം നടത്താൻ പൗരൻമാർക്ക് അവകാശമുണ്ടെന്നും അതുതടയില്ലെന്നും ഗോട്ടബയ പറഞ്ഞു.
വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച ഗോട്ടബയ, അക്രമസമരങ്ങളിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ചു.
അതേസമയം, വെടിവയ്പിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം ശക്തമായിട്ടുണ്ട്.
കൊളംബോ ഉൾപ്പെടെയുള്ള പ്രധാനനഗരങ്ങളിൽ മാത്രം ഒതുങ്ങിയ പ്രതിഷേധപരിപാടികൾ ഇന്നലെ ചെറുപട്ടണങ്ങളിൽ വരെ നടന്നു. പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി പ്രക്ഷോഭം നടന്നുവരികയാണ്.
റംബുക്കനയിൽ ചൊവ്വാഴ്ച പ്രക്ഷോഭകർക്ക് നേരെയുണ്ടായ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇതാദ്യമായിട്ടാണ് ഒരാൾ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ പൊലിസ് കർഫ്യൂ ഏർപ്പെടുത്തി. ഇന്നലെ തുടങ്ങിയ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം സാമ്പത്തിക പ്രശ്‌നങ്ങളുൾപ്പെടെ ഉന്നയിച്ചു. രാജ്യം നേരിടുന്ന ഇന്ധന, ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."