ലൗ ജിഹാദ് പരാമർശം ജോര്‍ജ് എം. തോമസിന് പരസ്യശാസന
സ്വന്തം ലേഖകന്‍
കോഴിക്കോട്
കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെത്തുടര്‍ന്ന് ''ലൗ ജിഹാദ് '' പരാമര്‍ശം നടത്തിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ പാര്‍ട്ടി നടപടി. അദ്ദേഹത്തെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിവാദം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയാണ് ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയത്.
ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തു. പരസ്യശാസന അംഗീകരിക്കുന്നതായി ജോര്‍ജ് എം. തോമസും വ്യക്തമാക്കി. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
ജോര്‍ജ് എം. തോമസിനെ പരസ്യ ശാസനക്ക് വിധേയനാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ച കാര്യം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞെങ്കിലും പാര്‍ട്ടി അംഗീകരിക്കാത്തതും പാര്‍ട്ടി വിരുദ്ധവുമായ നിലപാടാണ് ഉണ്ടായത്. ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏത് വിഷയത്തില്‍ പ്രതികരിക്കുമ്പോഴും അത് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചായിരിക്കണം. ജോര്‍ജ് എം. തോമസിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച പാര്‍ട്ടി വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്നും പി. മോഹനന്‍ പറഞ്ഞു.
ജോര്‍ജ് എം. തോമസിന്റേത് പാര്‍ട്ടിവിരുദ്ധ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം. തോമസിന്റ പരാമര്‍ശം. സംഘ്പരിവാര്‍ പ്രചാരണം മുന്‍ എം.എല്‍.എ ഏറ്റുപിടിച്ചത് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയതിനെ തുടര്‍ന്നാണ് നടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."