ബി.ജെ.പി ജയിക്കാതിരിക്കാന്‍ ജാഗ്രതയോടെ കേരളം
കോഴിക്കോട്: ബി.ജെ.പി ജയിക്കാതിരിക്കാന്‍ കരുതലോടെ ജനം. കഴിഞ്ഞ തവണ നേമത്ത് ഒ. രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പിയെ ഇത്തവണ സംപൂജ്യരാക്കാന്‍ മതേതര വോട്ടര്‍മാര്‍ കൃത്യമായ ജാഗ്രത പാലിച്ചു.
ബി.ജെ.പി ജയിക്കുമെന്ന് ആശങ്കയുണ്ടായിരുന്ന മൂന്നു മണ്ഡലങ്ങളിലും കൂടുതല്‍ ജയസാധ്യതയുള്ള മുന്നണികള്‍ക്ക് വോട്ട് നല്‍കി ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ ജനം ശ്രദ്ധിച്ചു. നേമത്ത് സി.പി.എമ്മിനും പാലക്കാട് കോണ്‍ഗ്രസിനും മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിനും വോട്ട് നല്‍കിയാണ് ജനം ബി.ജെ.പിയുടെ ജയം തടഞ്ഞത്.
ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന പ്രതീതിയുണ്ടായപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്ക് വോട്ടു നല്‍കാന്‍ മതേതര വോട്ടര്‍മാര്‍ ശ്രദ്ധിച്ചതായി കാണാം. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് മണ്ഡലത്തില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാനാവില്ലെന്ന തിരിച്ചറിവിലാണ് യു.ഡി.എഫിന് അനുകൂലമായ ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
പാലക്കാട് കോണ്‍ഗ്രസിലെ ഷാഫി പറമ്പിലും ബി.ജെ.പിയുടെ ഇ. ശ്രീധരനും നേരിട്ടേറ്റ് മുട്ടിയപ്പോള്‍ ശ്രീധരന്‍ ജയിക്കാതിരിക്കാന്‍ ഷാഫിക്കനുകൂലമായി മതേതര വോട്ടുകള്‍ കേന്ദ്രീകരിച്ചു. ഇവിടെ എല്‍.ഡി.എഫിന്റെ സി.പി പ്രമോദ് പ്രചാരണഘട്ടത്തില്‍ തന്നെ പിന്നോട്ടു പോയിരുന്നു. ഇതു കണക്കിലെടുത്ത് ഇടതിന് അനുകൂലമായ ചില വോട്ടുകളും ഷാഫിക്ക് ലഭിച്ചു.
മഞ്ചേശ്വരത്തും ഇതേ തന്ത്രമാണ് വോട്ടര്‍മാര്‍ പയറ്റിയത്. ത്രികോണ മത്സരമാണെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതാണ് മണ്ഡലത്തില്‍ കണ്ടത്. ഇതോടെ എല്‍.ഡി.എഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അശ്‌റഫിന് ലഭിച്ചു. അശ്‌റഫിന് 65758 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് 65013 വോട്ട് ലഭിച്ചു. എല്‍.ഡി.എഫിന്റെ വി.വി രമേശന് 40639 വോട്ടേ ലഭിച്ചുള്ളൂ. 15000ത്തോളം വോട്ടാണ് ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വ്യത്യാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."