പുതുമുഖങ്ങള്‍ മന്ത്രിമാരാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടതാവും രണ്ടാം പിണറായി മന്ത്രിസഭ. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടി മന്ത്രിമാരുടെ പട്ടിക തയാറാക്കും.
ഇത്തവണ ഇടതുമുന്നണിയിലെ പുതിയ ചില ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടിവരുമെന്നതിനാല്‍ മന്ത്രിമാരുടെ എണ്ണം കൂട്ടിയേക്കും. ഏതെല്ലാം വകുപ്പുകള്‍ മറ്റു ഘടകകക്ഷികള്‍ക്കു വിട്ടു കൊടുക്കാമെന്നും നാളെ തീരുമാനമുണ്ടാകും. അതുകഴിഞ്ഞ് എല്‍.ഡി.എഫ് യോഗം ചേര്‍ന്നായിരിക്കും സത്യാപ്രതിജ്ഞാ തീരുമാനമുണ്ടാകുക. അടുത്തയാഴ്ച ലളിതമായ ചടങ്ങുകളോടെയായിരിക്കും സത്യപ്രതിജ്ഞ.എട്ടു സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങളാണ് മത്സരിച്ചത്. ഇതില്‍ ആരൊക്കെ മന്ത്രിമാരാകുമെന്ന് നാളത്തെ യോഗത്തില്‍ തീരുമാനിക്കും. കെ.കെ ശൈലജ, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.എം മണി, കെ. രാധാകൃഷ്ണന്‍, ഒരുപക്ഷേ കെ.ടി ജലീല്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടായേക്കും. തലസ്ഥാനത്തുനിന്ന് നേമം തിരിച്ചുപടിച്ച വി. ശിവന്‍കുട്ടിക്കും തൃത്താലയില്‍നിന്ന് ജയിച്ച എം.ബി രാജേഷിനും അവസരം കിട്ടിയേക്കാം. ആലപ്പുഴയില്‍നിന്ന് ജെ. ചിത്തരജ്ഞനോ സജി ചെറിയാനോ മന്ത്രിസഭിലെത്തിയേക്കും. പൊന്നാനിയില്‍നിന്ന് ജയിച്ച പി. നന്ദകുമാറിനെ സി.ഐ.ടി.യു പ്രതിനിധിയായി പരിഗണിച്ചേക്കാം. കഴിഞ്ഞതവണ പോലെ രണ്ടു വനിതകളെ സി.പി.എം പരിഗണിച്ചാല്‍ വീണാ ജോര്‍ജിനെയും പരിഗണിക്കാം. സി.പി.ഐയില്‍ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ചിറ്റയം ഗോപകുമാര്‍, ഇ.കെ വിജയന്‍, ഇ.ടി ടൈസണ്‍, കെ. രാജന്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."