യു.എ.ഇ- ഇന്ത്യാ സ്വതന്ത്ര വ്യാപാര കരാര്‍ മെയ് ഒന്നുമുതല്‍
ദുബൈ: യു.എ.ഇ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ മെയ് ഒന്നുമുതല്‍ ട്വീറ്റ് ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഫെബ്രുവരി 18നായിരുന്നു ഒപ്പുവെച്ചത്. വ്യാപാര വാണിജ്യ രംഗത്ത് ചരിത്രമാവുന്ന കരാര്‍ ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടമാവുമെന്നാണ് കരുതുന്നത്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ എണ്ണ ഇതര വ്യാപാരം 60 ബില്യന്‍ ഡോളറില്‍ നിന്ന് 100 ബില്യന്‍ ഡോളറായി ഉയരുമെന്ന് കരാര്‍ ഒപ്പിടവെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞിരുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരത്തിന്റേയും നിക്ഷേപത്തിന്റേയും വലിയ ഒഴുക്കുണ്ടാകുമെന്നും കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ക്കുള്ള വാതിലാണ് തുറക്കാന്‍ പോകുന്നതെന്നുമായിരുന്നു യു.എ.ഇ വിദേശ വ്യാപാര മന്ത്രി താനി അല്‍ സയുദി ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് 1,40,000 തൊഴില്‍ വിസകള്‍ എന്നിവ നല്കുന്നതടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള ഓണ്‍ലൈന്‍ ഉച്ചകോടിക്ക് ശേഷം ഡല്‍ഹിയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം യു.എ.ഇയുടേയും ഇന്ത്യയുടേയും ഉല്‍പന്നങ്ങളുടെ 80 ശതമാനം ഇറക്കുമതി തീരുവകള്‍ ഒഴിവാക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ താരിഫുകളും നീക്കം ചെയ്യുമെന്ന് അല്‍ സയൂദി പറഞ്ഞു. യു.എ.ഇയുടെ ചരക്കുകളായ അലൂമിനിയം, കോപ്പര്‍, പെട്രോകെമിക്കല്‍സ് തുടങ്ങിയവയ്ക്ക് താരിഫ് എടുത്തുകളയുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറാണ് നാട്ടിലേക്ക് അയക്കുന്നത്. തുര്‍ക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി സമാന വ്യാപാര നിക്ഷേപ ഇടപാടുകള്‍ യു എ ഇ്ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."