ചരിത്രത്തെ വംശഹത്യ ചെയ്യാൻ അനുവദിക്കരുത്
ചരിത്ര സ്ഥലങ്ങളുടെയും നഗരങ്ങളുടെയും മുസ് ലിം, മുഗൾ പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവും വംശഹത്യാ ആഹ്വാനക്കേസിലെ പ്രതിയുമായ അശ്വനി കുമാർ ഉപാധ്യായയുടെ ഹരജി സുപ്രിംകോടതി തള്ളിയിരിക്കുന്നു. ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തിന്റെ മതേതര പാരമ്പര്യവും ചരിത്രവും ഓർമിപ്പിക്കുകയും ചെയ്തു. ഇന്ത്യ മതേതര രാജ്യമാണ്. നിങ്ങൾ വിരലുകൾ ചൂണ്ടുന്നത് ഒരു പ്രത്യേക സമൂഹത്തിന് നേരെയാണ്, അത് ക്രൂരമാണ്. രാജ്യം തിളച്ചുമറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.
ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക നയം സമൂഹത്തിൽ ഭിന്നതയുണ്ടാക്കി. അത് തിരികെ കൊണ്ടുവരരുത്. ഇതിലേക്ക് ഒരു മതത്തെയും വലിച്ചിഴക്കരുത്. രാജ്യത്തിന് ഭൂതകാലത്തിന്റെ തടവുകാരായി തുടരാനാവില്ല. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റരുതെന്ന് ജസ്റ്റിസ് നഗരത്‌ന ഹരജിക്കാരന് താക്കീതും നൽകി. പേരുമാറ്റത്തിലൂടെ രാജ്യത്തിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വംശഹത്യയാണ് സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നത്. 1000 സ്ഥലങ്ങളുടെ പേരുമാറ്റാൻ കമ്മിഷനെ വെക്കണമെന്നായിരുന്നു ഹരജി. പ്രധാനമായും മുഗൾ രാജാക്കന്മാരുടെ പേരിലുള്ള സ്ഥലങ്ങൾ, റോഡുകൾ പുനർനാമകരണം ചെയ്യണമെന്നായിരുന്നു ആവശ്യം. വേദങ്ങളിലും പുരാണങ്ങളിലും പരാമർശിച്ചിരിക്കുന്ന നിരവധി സ്ഥലങ്ങൾ ഇപ്പോൾ 'വിദേശ കൊള്ളക്കാരുടെ' പേരിലാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
ലോധി, ഗസ്‌നി, ഗോറി എന്നിങ്ങനെ നമുക്ക് റോഡുകളുണ്ട്. പാണ്ഡവരുടെ പേരിൽ ഒരൊറ്റ റോഡില്ലെന്നും ഹരജിക്കാരൻ പറയുന്നു. ലോധിയും ഗസ്‌നിയും ഗോറിയുമെല്ലാം രാജ്യത്തിന്റെ ചരിത്രമാണ്. പാണ്ഡവരും പുരാണങ്ങളുമെല്ലാം സങ്കൽപ്പങ്ങളും. അല്ലെങ്കിലും ചരിത്രം സംഘ്പരിവാറിനെ അസ്വസ്ഥപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. സ്ഥലപ്പേരുകൾ മാറ്റുന്നതിലൂടെ ചരിത്രം തിരിച്ചുപിടിക്കുകയാണെന്നാണ് സംഘ്പരിവാർ വാദം. എന്നാൽ, തിരിച്ചുപിടിക്കാൻ അങ്ങനെയൊരു ചരിത്രമില്ല. അലഹബാദിന്റെയും ഫൈസാബാദിന്റെയും തുഗ്ലക്കാബാദിന്റെയുമെല്ലാം ചരിത്രം തുടങ്ങുന്നത് മുസ്‌ലിം ഭരണാധികാരികൾ അവയ്ക്ക് നൽകിയ പേരുകളിലൂടെയാണ്.
ഇന്ത്യയിൽ സംഘ്പരിവാർ സാംസ്‌കാരിക വംശഹത്യയ്‌ക്കൊരുങ്ങുന്നത് മുസ്‌ലിം അധിനിവേശകരെന്ന ഇല്ലാത്ത രാക്ഷസനെ ചൂണ്ടിക്കാട്ടിയാണ്. മുഗളൻമാരുടെ അധിനിവേശത്തോടെ രാജ്യത്ത് സുവർണകാലം അസ്തമിച്ചെന്ന സംഘ്പരിവാർ പ്രചാരണമാണ് ഏറ്റവും വലിയ കള്ളം. മുസ് ലിം രാജാക്കൻമാർ ഇന്ത്യയിലെത്തും മുമ്പ് രാജ്യത്ത് സുവർണകാലമായിരുന്നുവെന്നത് മറ്റൊരു നുണ. രാജ്യത്തെ നിർമിതികൾ മുഗളൻമാർ തച്ചുതകർത്തുവെന്നതും നുണ. ഇന്നത്തെ ഇന്ത്യയെന്ന ഈ പ്രദേശത്തിന്റെ മഹത്വം ലോകത്തിന് മുന്നിൽ ഏറ്റവും ഉന്നതിയിൽ നിന്നത് മുഗൾ ഭരണകാലത്താണ്. ഇന്നും ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന നിർമിതികൾ പണിതത് മുഗളൻമാരടക്കമുള്ള മുസ്‌ലിം ഭരണാധികാരികളാണ്. മുസ്‌ലിം ഭരണാധികാരികൾക്ക് മുമ്പ് രാജ്യത്ത് അത്തരത്തിൽ എണ്ണം പറഞ്ഞ നിർമിതികളുമുണ്ടായിരുന്നില്ല.
അതിനെല്ലാമപ്പുറത്ത് അധിനിവേശത്തിന്റെയും തച്ചുതകർക്കലിന്റെയും വംശഹത്യയുടെയും മറ്റൊരു ചരിത്രം മൂടിവയ്ക്കപ്പെട്ട് കിടക്കുന്നുണ്ട്. ആർക്കും നിഷേധിക്കാനോ മറച്ചുവയ്ക്കാനോ കഴിയാത്ത ആര്യാധിനിവേശത്തിന്റെ ചരിത്രവും തദ്ദേശീയമായി ഉദയംകൊണ്ട ബുദ്ധമതക്കാരെ വംശഹത്യയ്ക്ക് വിധേയമാക്കിയതുമായ ചരിത്രമാണത്. എ.ഡി 830-966 ഇടയിൽ നിർമിക്കപ്പെട്ട രാജ്യത്തെ ബുദ്ധമത നിർമിതികളെല്ലാം തകർക്കപ്പെട്ടത് ബ്രാഹ്മണിസത്തിന്റെ ഇന്ത്യയിലെ ഉദയത്തോടെയാണ്. അശോകൻ നിർമ്മിച്ച 84,000 ബുദ്ധ സ്തൂപങ്ങൾ ഹിന്ദു ഭരണാധികാരി പുഷ്യമിത്ര സുംഗ തകർത്തതിനെക്കുറിച്ച് ചരിത്രകാരിയായ റൊമില ഥാപ്പർ, അശോകനും മൗര്യൻമാരുടെ തകർച്ചയുമെന്ന പുസ്തകത്തിൽ പറയുന്നുണ്ട്. മഗധയിലെ ബുദ്ധമത കേന്ദ്രങ്ങൾ തകർത്തു. ആയിരക്കണക്കിന് ബുദ്ധ സന്യാസിമാർ നിഷ്‌കരുണം കൊല്ലപ്പെട്ടു.
ബുദ്ധമതക്കാരുടെ പ്രാർഥനകൾ തന്റെ ഉറക്കം കെടുത്തിയതിന്റെ പേരിൽ ജലായൂക്ക രാജാവ് അധികാരപരിധിയിലുള്ള ബുദ്ധവിഹാരങ്ങൾ നശിപ്പിച്ചുവെന്നതടക്കം ബുദ്ധ വംശഹത്യയുടെ വിവരണങ്ങൾ കൽഹണന്റെ രാജതരംഗിണിയിലുണ്ട്. ബുദ്ധക്ഷേത്രങ്ങളെല്ലാം ബ്രാഹ്മണ ക്ഷേത്രങ്ങളായി. താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ബുദ്ധമതത്തെ ഇല്ലാതാക്കുന്നതിൽ ശങ്കരാചാര്യരെപ്പോലുള്ളവരുടെ പങ്കും പ്രശസ്തമാണ്. ഭൂതകാലത്തിന്റെ തടവിൽ ജീവിക്കാനാവില്ലെന്ന സുപ്രിംകോടതിയൂടെ നിരീക്ഷണം ശരിവച്ച് ഈ ചരിത്രമെല്ലാം തൽക്കാലം മാറ്റിവയ്ക്കാം. ചരിത്രത്തിലുള്ള ഈ കടന്നുകയറ്റം ഉപാധ്യായയുടെ ഹരജി കോടതി തള്ളുന്നതിലൂടെ ഇല്ലാതാവില്ലെന്ന് നമുക്കറിയാം. അലഹബാദ് ഇന്ന് പ്രയാഗ് രാജാണ്. ഫൈസാബാദ് അയോധ്യയാണ്. ഷിംലയെ ശ്യാമളയാക്കാനുള്ള നീക്കമുണ്ട്. അഹമ്മദാബാദിന്റെ പേര് കർണാവതിയാക്കാൻ നീക്കമുണ്ട്.
മുസഫർ നഗറിനെ ലക്ഷ്മി നഗറാക്കണമെന്ന ആവശ്യമുണ്ട്. ഡൽഹിയിലെ പ്രശസ്ത ഔറംഗസീബ് റോഡ് ഇപ്പോൾ എ.പി.ജെ അബ്ദുൽ കലാം റോഡാണ്. അക്ബർ റോഡും ഹുമയൂൺ റോഡും ഷാജഹാൻ റോഡുമെല്ലാം പേരുമാറ്റാനുള്ള പദ്ധതിയുണ്ട്. ഖുതുബുദ്ദീൻ ഐബക് നിർമിച്ച ഖുതുബ് മിനാർ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന വാദമുണ്ട്. താജ് മഹൽ ക്ഷേത്രമാണെന്ന അവകാശവാദവുമായി കോടതിൽ കേസുമുണ്ട്. ഉപാധ്യായയുടെ ഹരജി തള്ളുന്നതിനിടെ ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞ കാര്യങ്ങളാണ് പ്രസക്തം. 'മുഗൾ ചക്രവർത്തി അക്ബർ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദത്തിന് ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ ഹിന്ദുരാജാക്കന്മാർ പള്ളികൾക്കായി ഭൂമി ദാനം ചെയ്തതിന്റെ ഉദാഹരണങ്ങളുണ്ട്. അതാണ് ഇന്ത്യയുടെ ചരിത്രം. ദയവായി അത് മനസിലാക്കുക. ഇന്ത്യ മതേതര രാജ്യമാണ്'. അതെ അതാണ് ചരിത്രം. അത് സംഘ്പരിവാറിന് മാത്രം താൽപര്യമില്ലാത്ത രാജ്യത്തിന്റെ ചരിത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."