ചരിത്രംതിരുത്തി ഇടതുകൊടുങ്കാറ്റ്; ആടിയുലഞ്ഞ് യു.ഡി.എഫ്
കോഴിക്കോട്: കേരള രാഷ്ട്രീയം പലതരത്തിലും തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇത്തവണ ഇടതുകൊടുങ്കാറ്റ് ആഞ്ഞടിച്ചത്. അതിന്റെ ആഘാതം യു.ഡി.എഫിന് ഒരു സാധാരണ തെരഞ്ഞടുപ്പു തോല്‍വിക്കപ്പുറം രാഷ്ട്രീയ നിലനില്‍പ്പിനുപോലും കനത്ത ഭീഷണിയായിരിക്കും ഉയര്‍ത്തുക.
അവസാനകാലത്തുയര്‍ന്ന ആരോപണക്കൊടുങ്കാറ്റുകളെയെല്ലാം അതിജീവിച്ച് ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയിലേക്കു മുന്നേറാനായതിന്റെ പ്രധാനകാരണം ക്ഷേമ പെന്‍ഷനുകളും പ്രതിസന്ധി കാലത്തെ ഭക്ഷ്യ കിറ്റുമടക്കമുള്ള സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളാണ്. അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ച സാധാരണക്കാര്‍ ആരോപണങ്ങളെ കാര്യമായി മുഖവിലയ്‌ക്കെടുത്തില്ല എന്നുവേണം കരുതാന്‍. സര്‍ക്കാരിനെതിരേ കൈയില്‍കിട്ടിയ ആയുധങ്ങളെല്ലാം എടുത്തു പ്രയോഗിക്കാന്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല കിണഞ്ഞു ശ്രമിച്ചെങ്കിലും അതു വേണ്ടവിധം ജനങ്ങളിലെത്തിച്ചു ചര്‍ച്ചയാക്കാനുള്ള സംഘടനാ സംവിധാനം യു.ഡി.എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് ഉണ്ടായില്ല.
മറുവശത്ത് ആക്രമണങ്ങളെ ആസൂത്രിത പ്രചാരണങ്ങളിലൂടെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിനു സാധിച്ചതോടെ യു.ഡി.എഫിന്റെ തോല്‍വിക്ക് ആക്കംകൂടുകയായിരുന്നു.
ഇടതുസര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങളിലധികവും ലൈഫ് മിഷന്‍ അഴിമതിയും സ്പ്രിംഗ്ലര്‍ ഇടപാടും പോലെ ജനങ്ങളെ സഹായിക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ടതായിരുന്നു. അതെല്ലാം യു.ഡി.എഫ് ഉയര്‍ത്തിക്കാണിച്ചെങ്കിലും ജനക്ഷമേപ്രവര്‍ത്തനങ്ങളെ തകിടംമറിക്കാനുള്ള നീക്കങ്ങളായി ചിത്രീകരിച്ചു പ്രചാരണം നടത്തിയാണ് ഭരണപക്ഷം അതിനെ നേരിട്ടത്. ആ പ്രതിരോധം ഫലിച്ചു എന്നുതന്നെയാണ് ജനവിധി വ്യക്തമാക്കുന്നത്. വലിയ നേട്ടം പ്രതീക്ഷിച്ച ശബരിമല വിഷയത്തിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ യു.ഡി.എഫിനായില്ല. ഇടതുമുന്നണി പോലും നയം തിരുത്തി ഒരു തര്‍ക്കത്തിനു പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയില്‍ യു.ഡി.എഫ് അതെടുത്തു പ്രയോഗിച്ചത് ഒട്ടും ഏശിയില്ല.
കേരള കോണ്‍ഗ്രസ് (എം), എല്‍.ജെ.ഡി എന്നീ കക്ഷികളെ കൂടെ കൊണ്ടുവന്ന് ഇടതുമുന്നണി ബലം വര്‍ധിപ്പിച്ചപ്പോള്‍ അപ്പുറത്ത് യു.ഡി.എഫ് ക്ഷീണിക്കുകയായിരുന്നു. ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഏറെ കുറഞ്ഞ കാലം കൂടിയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍.
മറുവശത്ത് യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് കാര്യമായുണ്ടായി. പി.സി ചാക്കോ, കെ.സി റോസക്കുട്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടിട്ടും അതൊന്നും ദോഷമുണ്ടാക്കില്ലെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം അവരെ തിരിച്ചടിക്കുകയായിരുന്നു.പതിറ്റാണ്ടുകളായി കേരളത്തില്‍ തുടര്‍ന്നുപോന്ന അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള ഭരണമാറ്റമെന്ന രീതി ഇത്തവണ തിരുത്തപ്പെട്ടത് യു.ഡി.എഫിന് രാഷ്ട്രീയമായും സാമ്പത്തികമായുമൊക്കെ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. തുടര്‍ച്ചായി പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്ന് ഒരു തിരിച്ചുവരവിനുള്ള ശേഷി മുന്നണിക്കുണ്ടാകുമോ എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്.
തുടര്‍ച്ചയായി അധികാരം ലഭിക്കാത്ത പാര്‍ട്ടികള്‍ക്കൊപ്പം പ്രതിസന്ധികള്‍ സഹിച്ചു നിലകൊള്ളുകയെന്ന കഠിനപരീക്ഷണത്തെ നേരിടാന്‍ വലിയൊരു വിഭാഗം നേതാക്കള്‍ മടിച്ചേക്കും.
അങ്ങനെ സംഭവിച്ചാല്‍ വലിയതോതിലുള്ള കൊഴിഞ്ഞുപോക്കായിരിക്കും യു.ഡി.എഫ് ചേരിയിലുണ്ടാകുക. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് അതിനെയൊക്കെ അതിജീവിക്കാന്‍ യു,ഡി.എഫ് ഘടകകക്ഷികള്‍ വലിയതോതില്‍ തന്നെ വിയര്‍ക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."