ചികിത്സയ്ക്കായി മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരിയും അമേരിക്കയിലേക്ക്
തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെയാണ് മുഖ്യമന്ത്രി തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. മെയ് 10ന് തിരിച്ചെത്തും. ബുധനാഴ്ച കോടിയേരിയും യാത്ര തിരിക്കുമെന്നാണ് വിവരം. രണ്ടാഴ്ചത്തെ തുടർ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ച മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല.
പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്കു പോകുന്നത്. പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. രണ്ടുവർഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോകുന്നത്. ദീർഘകാലത്തേക്കു മാറിനിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ലെന്നാണു വിവരം. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."