എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയില്‍ വച്ച് അവരെ വേട്ടയാടുന്നത് ശരിയായ രീതിയല്ല; മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം: മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയില്‍ വച്ച് അവരെ വേട്ടയാടുന്നത് ശരിയായ രീതിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം നേതാക്കള്‍ നിര്‍വ്വഹിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പിലെ തോല്‍വിയും ജയവും ആദ്യത്തെ സംഭവമല്ല. ജനവിധിയില്‍ പാഠങ്ങളുണ്ട്. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഫിനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് മുസ്‌ലിംലീഗിന്റെ ചരിത്രം. വലിയ പരാജയത്തില്‍നിന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്ക് പാര്‍ട്ടി ഉയര്‍ന്നുവന്ന കാലമുണ്ടായിട്ടുണ്ട്. തെറ്റുകള്‍ തിരുത്തിയും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയും പാര്‍ട്ടി മുന്നേറുക തന്നെ ചെയ്യുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടി സംവിധാനങ്ങളും പ്രവര്‍ത്തകരും മികച്ച രീതിയില്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചത്. ഇടതു തരംഗത്തിലും അടിയൊഴുക്കുകളിലും ഉലഞ്ഞുപോയി എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെ വിലമതിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയില്‍ വെച്ച് അവരെ വേട്ടയാടുന്നതും ശരിയായ രീതിയല്ല. പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം നേതാക്കള്‍ നിര്‍വ്വഹിക്കുക തന്നെ ചെയ്യും.
ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അതുകൊണ്ടു തന്നെ ആരും നിരാശപ്പെടരുത്. സാമൂഹിക ശാക്തീകരണവും സേവന പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ശക്തമായി മുസ്‌ലിംലീഗ് തുടരുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."