HOME
DETAILS

വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പ്രാദേശിക രാഷ്ട്രീയം

  
backup
May 03 2021 | 20:05 PM

654531351-51-2021

ബംഗാള്‍, തമിഴ്‌നാട്, കേരളാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പുതിയ വഴിത്തിരിവ് രൂപപ്പെടുന്നുവെന്ന് പറയാതെ വയ്യ. അഖിലേഷ് യാദവ്, മായാവതി, നവീന്‍ പട്‌നായിക്, അമരീന്ദര്‍ സിങ് എന്നു തുടങ്ങി ചന്ദ്രബാബു നായിഡു വരെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ബംഗാളിലേത്. നരേന്ദ്ര മോദിയെ നേര്‍ക്കുനേരെ എതിരിടാനാവില്ലെന്ന പ്രാദേശിക സംഘടനകളുടെ ബോധ്യം ഏതാണ്ട് തീര്‍ച്ചയായി തുടങ്ങിയ കാലമാണിത്. സമാജ്‌വാദി പാര്‍ട്ടിയെയോ ബി.എസ്.പിയെയോ കുറിച്ച് ആദിത്യനാഥിന്റെ 'കൂതറ' ഭരണത്തിനിടയിലും യു.പിയില്‍നിന്ന് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പിയെ എതിരിടാന്‍ കഴിയില്ലെന്ന് കഴിഞ്ഞ നിരവധി തെരഞ്ഞെടുപ്പുകള്‍ അടിവരയിടുന്നുണ്ടായിരുന്നു. ഒഡിഷയിലെ നവീന്‍ പട്‌നായികിന്റെ മാതൃകയില്‍ ബി.ജെ.പിയില്‍ ചേരാതെ, എന്നാല്‍ ബി.ജെ.പിയെ പിണക്കാതെ പിടിച്ചുനില്‍ക്കുന്നതിനെ കുറിച്ച ആലോചനയിലായിരുന്നു വൈ.എസ്.ആറും കെ.എസ്.ആറുമൊക്കെ. കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ 'പ്രാദേശിക രാഷ്ട്രീയ മുക്ത ഭാരതം' എന്ന അമിത് ഷായുടെ അജന്‍ഡ ബംഗാള്‍ തെരഞ്ഞെടുപ്പോടെ ബി.ജെ.പി നേടിയെടുക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല മുമ്പെന്നെത്തേയും പോലെ ശക്തമായി തിരിച്ചുവരാനാവുമെന്ന ബോധം സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ തന്റെ മിന്നുന്ന ജയത്തിലൂടെ മമതാ ബാനര്‍ജിക്കു കഴിഞ്ഞു.


ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വെറുമൊരു പരാജയമല്ല ഇത്. 'വികാസ് പുരുഷന്‍' മുതല്‍ 'വിരക്ത സന്ന്യാസി' വരെയുള്ള മോദിയുടെ സകല പ്രതിഛായകളും തകര്‍ന്നു തരിപ്പണമായതിന്റെ ക്ലാസിക്കല്‍ ഉദാഹരണമായിരുന്നു ബംഗാള്‍ പരാജയം. തന്റെ ജീവിതത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് അസന്‍സോളിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞത്. കല്യാണിയില്‍ നടന്ന റാലിയിലും അദ്ദേഹം ജനക്കൂട്ടത്തെ നോക്കി ആവേശം കൊണ്ടു. 'ഖേലാ ഹോബെ' അഥവാ കളി തുടങ്ങിയെന്ന എന്ന മമതയുടെ മുദ്രാവാക്യത്തിനെതിരേ മമതയുടെ കളി കഴിഞ്ഞു, ഇനി വികസനം തുടങ്ങാമെന്ന മുദ്രാവാക്യം പകരമായി ഉയര്‍ത്തി നോക്കി. ജനങ്ങള്‍ ബൗണ്ടറിക്കു പിന്നാലെ ബൗണ്ടറികള്‍ തൊടുത്ത് ബി.ജെ.പിയെ സെഞ്ച്വറിയിലേക്ക് എത്തിച്ചുവെന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് റാലികളില്‍ തന്നെ പ്രധാനമന്ത്രി വീമ്പ് പറഞ്ഞു. നോട്ടുനിരോധന കാലത്തെ പ്രസിദ്ധമായ തന്റെ ആത്മഹത്യാ സന്നദ്ധതയെ ഓര്‍മപ്പെടുത്തി 'വേണമെങ്കില്‍ തന്റെ തലയില്‍ തൊഴിക്കാന്‍' മമതയെ ക്ഷണിച്ച പ്രധാനമന്ത്രി പക്ഷേ ബംഗാളിന്റെ വികസനം തടയാന്‍ ഇനിയും അനുവദിക്കില്ലെന്ന് താക്കീത് നല്‍കി. മമതയുടെ ലഫ്റ്റനന്റുകളായിരുന്ന സുവേന്ദു അധികാരിയെയും മുകുള്‍ റോയിയെയും ചെറുതും വലുതുമായ 140ഓളം തൃണമൂല്‍ നേതാക്കളെയും ചാക്കിട്ടു പിടിച്ചു. ഏറ്റവുമൊടുവില്‍ സി.എ.എ എന്ന 'ചാണക മന്ത്രം' തന്നെ വാരിയെറിഞ്ഞു. എന്നിട്ടൊന്നും മമതയുടെ പത്ത് വര്‍ഷം നീണ്ട ഭരണത്തെ ഒന്നുലക്കാന്‍ പോലും ബി.ജെ.പിക്കു കഴിഞ്ഞില്ല. ബി.ജെ.പിയെ കൊമ്പിന് തന്നെ പിടിച്ച് മമത എതിരിട്ടു. ഒരു ഘട്ടത്തില്‍ മോദിയെയും അമിത് ഷായെയും ദുര്യോധന-ദുശ്ശാസനന്മാരായി ചിത്രീകരിക്കാന്‍ പോലും മമത ധൈര്യം കാണിച്ചു.


ബംഗാള്‍ പിടിച്ചടക്കാനുള്ള മോദിയുടെ പടയൊരുക്കം തുടങ്ങിയിട്ട് അഞ്ചോ ആറോ വര്‍ഷങ്ങളായി. 2015ലാണ് യു.പിയില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രചാരക് ശിവ് പ്രകാശിനെ പാര്‍ട്ടി ബംഗാളിലയച്ചത്. 70,000 ലേറെ ഘടകങ്ങളാണ് അദ്ദേഹം ഇതിനകം സംസ്ഥാനത്തുണ്ടാക്കിയത്. കൈലാഷ് വിജയ്‌വര്‍ഗീയയെയും ഇന്‍ഡോറില്‍ നിന്നുള്ള മുന്‍ എ.ബി.വി.പി നേതാവ് അരവിന്ദ് മേനോനെയും ശിവ് പ്രകാശിനൊപ്പം ബംഗാളിന്റെ തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചത് രണ്ട് വര്‍ഷം മുമ്പെയാണ്. അമിത് ഷാക്കും പാര്‍ട്ടി അധ്യക്ഷന്‍ നദ്ദക്കും കഴിഞ്ഞ ആറുമാസമായി ബംഗാള്‍ രണ്ടാമത്തെ വീടായിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് പിടിമുറുക്കുമ്പോള്‍ പോലും ആഭ്യന്തര മന്ത്രി ബംഗാളില്‍ 'തന്ത്രം' മെനയുന്ന തിരക്കിലായിരുന്നു. മറുഭാഗത്ത് അമിത് ഷായുമായി തെറ്റി ബി.ജെ.പി ഓഫിസില്‍ നിന്ന് 2015ല്‍ പടിയിറങ്ങിയ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളും മുദ്രാവാക്യങ്ങളായിരുന്നു ബംഗാളില്‍ ഏശിയത്. സി.എ.എ കേന്ദ്രീകൃതമായി ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ പ്രചാരണം ഹിന്ദുക്കളില്‍ ഉണ്ടാക്കുമെന്ന് അമിത് ഷാ പ്രതീക്ഷിച്ച ധ്രുവീകരണത്തോടുള്ള പ്രതികരണമാണ് ഒരുപക്ഷേ പ്രശാന്തിന്റെ നേട്ടമായി മാറിയത്. കോണ്‍ഗ്രസിനും സി.പി.എമ്മിനും 2019 തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുബാങ്ക് ഇത്തവണ ചോരുമെന്നും അത് ബി.ജെ.പിയില്‍ എത്തുമെന്നുമായിരുന്നു ഷാ കണക്കു കൂട്ടിയത്. എന്നാല്‍ തൃണമൂലിനാണ് നേട്ടമുണ്ടായത്. ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും ഏകോപിപ്പിക്കപ്പെടുകയാണ് ബി.ജെ.പി പ്രചാരണം കൊണ്ടുണ്ടായത്. മാല്‍ദ, ജാംഗിപ്പൂര്‍, കൂച്ച് ബിഹാര്‍, 24 പര്‍ഗാന തുടങ്ങിയ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് കേന്ദ്രങ്ങളിലെ വോട്ടിങ് ശതമാനത്തില്‍ വന്ന മാറ്റം ശ്രദ്ധിക്കുക. ദീദി കെ ബോലോ (ദീദിയോടു സംസാരിക്കൂ), ബംഗ്‌ളാര്‍ ഗര്‍ബോ മമത (ബംഗാളിന്റെ അഭിമാനം മമത) തുടങ്ങിയ പ്രശാന്തിന്റെ മുദ്രാവാക്യങ്ങള്‍ ബി.ജെ.പിയുടെ അടിസ്ഥാന അജന്‍ഡകളായ വര്‍ഗീയ ധ്രുവീകരണത്തെയും മോദിയുടെ പ്രതിഛായയെയും തകര്‍ക്കുന്നതാണ് ബംഗാളില്‍ കണ്ടത്. പ്രാദേശികത തന്നെയായിരുന്നു അതിന്റെ മര്‍മം. മോദി എന്ന ഊതിപ്പെരുപ്പിച്ച മാധ്യമബിംബത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ സധൈര്യം പൊളിച്ചടുക്കാനാവുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തെളിയിച്ചു.


സി.എ.എയും എന്‍.ആര്‍.സിയും തന്നെയായിരുന്നു ബംഗാളിലെ ബി.ജെ.പി പ്രചാരണത്തിന്റെ ആണിക്കല്ല്. എന്നാല്‍, ഡല്‍ഹി തെരഞ്ഞെടുപ്പിനു പുറകെ ബംഗാളില്‍ കൂടി ഈ പ്രചാരണം പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുകയാണ് ഇപ്പോഴുണ്ടായത്. സി.എ.എ നിയമത്തെ ചൊല്ലി കത്തിയെരിഞ്ഞ അസമില്‍ പക്ഷേ പൗരത്വ നിയമം നേര്‍ക്കുനേരെ ചര്‍ച്ചയാക്കാന്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്നുണ്ടാക്കിയ 'മിത്രജോട്' ധൈര്യംകാണിച്ചിരുന്നില്ല. അസമി വികാരത്തെയാണ് അവര്‍ ചൂഷണം ചെയ്തത്. മറുഭാഗത്ത് സി.എ.എ വിരുദ്ധതയുടെ മാത്രം ബാക്കിപത്രമായി അസമില്‍ രൂപീകരിക്കപ്പെട്ട അസം ജാതീയ പരിഷദ് (എ.ജെ.പി) എന്ന മൂന്നാം മുന്നണി പിളര്‍ത്തിയ, മറിച്ചായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ എത്തുമായിരുന്ന വോട്ടുകള്‍ ബി.ജെ.പിക്ക് നേട്ടമാകുകയും ചെയ്തു. ശിവ്‌സാഗറില്‍ സംഘടനയുടെ തീപ്പൊരി നേതാവ് അഖില്‍ ഗൊഗോയി മാത്രമാണ് വിജയിച്ചതെങ്കിലും കോണ്‍ഗ്രസിനും എ.യു.ഡി.എഫിനും ഒപ്പം നില്‍ക്കാന്‍ മടിച്ച എ.ജെ.പി വോട്ടുകളാണ് ഫലത്തില്‍ നിര്‍ണായകമായത്. ബി.ജെ.പി ചാക്കിടുമെന്ന് പേടിച്ച് കോണ്‍ഗ്രസും എ.യു.ഡി.എഫും സ്വന്തം സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ റിസോര്‍ട്ടുകളിലേക്ക് മാറ്റുക പോലും ചെയ്തിരുന്നു. അത്ര കണ്ട് വിജയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസും എ.യു.ഡി.എഫും ചേര്‍ന്നുണ്ടാക്കിയ 'മഹാജോട്'. പരാജയപ്പെട്ടെങ്കില്‍ കൂടിയും ഇരു പാര്‍ട്ടികളും 2016നെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുത്തുകയാണ് ചെയ്തതും. പൗരത്വ നിയമത്തിനെതിരേയാണ് സംസ്ഥാനത്തിന്റെ പൊതുവികാരമെന്ന് വ്യക്തമാക്കുന്നതാണ് അസമിലെ ഫലങ്ങള്‍. അജ്മലിനെ ചൂണ്ടിക്കാട്ടി അസമില്‍ മുഗള്‍ ഭരണം വരുമെന്നും മറ്റുമായിരുന്നു ബി.ജെ.പി പ്രചരിപ്പിച്ചത്. എന്നാല്‍, അധികാരം ലഭിച്ചാല്‍ സി.എ.എ നിയമം എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അസമില്‍ പരസ്യമായി പ്രഖ്യാപിച്ചു. മാത്രവുമല്ല 2016ല്‍ ബി.ജെ.പിക്ക് സംസ്ഥാനത്തെ തളികയില്‍ വെച്ചു കൊടുക്കാനും മുസ്‌ലിം വോട്ടുബാങ്കിനെ പിളര്‍ത്താനും വഴിയൊരുക്കിയ കോണ്‍ഗ്രസിന്റെ ഭാവനാശൂന്യമായ നീക്കങ്ങളിലൊന്ന് തിരുത്തുക കൂടിയായിരുന്നു മഹാജോട്. തരുണ്‍ ഗൊഗോയിയുടെ കാലത്ത് സോണിയാ ഗാന്ധി താല്‍പര്യപ്പെട്ടിട്ടു പോലും ബദറുദ്ദീന്‍ അജ്മലിന്റെ എ.യു.ഡി.എഫുമായി ബന്ധമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ല.


പൗരത്വ നിയമവും മറ്റും ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളില്‍ അല്‍പ്പം പോലും സഹായിക്കുന്നില്ലെന്ന് വ്യക്തം. ബംഗാളിലെ 100 അസംബ്ലി സീറ്റുകളിലെങ്കിലും മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. എന്നാല്‍, ബി.ജെ.പി ഭീതിയില്‍ ഈ വോട്ടുബാങ്ക് മമതയോടൊപ്പമാണ് നിലയുറപ്പിച്ചത്. ബിഹാറിലെ സീമാഞ്ചല്‍ മേഖലയില്‍ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് ഇത്തിഹാദില്‍ മുസ്‌ലിമീന്‍ ബംഗാളിലെ ഏഴ് മുസ്‌ലിം മണ്ഡലങ്ങളില്‍ ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും കെട്ടിവെച്ച കാശ് പോലും തിരികെ ലഭിക്കാതെ ഏഴിടത്തും പരാജയപ്പെട്ടു. കോണ്‍ഗ്രസ് - സി.പി.എം സഖ്യത്തിന്റെ ഭാഗമായി നിന്ന് 26 സീറ്റുകളില്‍ മത്സരിച്ച അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും (ഐ.എസ്.എഫ്) ഒരിടത്തു പോലും അക്കൗണ്ട് തുറന്നില്ല. മമതക്ക് വലിയ വെല്ലുവിളിയാകുമെന്ന് പലരും കരുതിയ ഉവൈസിയും സിദ്ദീഖിയുമൊന്നും അല്‍പ്പം പോലും വോട്ടര്‍മാരെ ആകര്‍ഷിക്കാതിരുന്നതോടെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കൂടിയാണ് പൊലിഞ്ഞത്.


ബംഗാളിലെ പരാജയം ബി.ജെ.പിക്കകത്ത് പൊട്ടിത്തെറിയൊന്നും ഉണ്ടാക്കില്ലെങ്കിലും ആത്മപരിശോധനയെങ്കിലും നടക്കുമോ എന്നതാണ് ചോദ്യം. ഒന്ന് വായ തുറക്കാന്‍ പോലുമാകാതെ ബി.ജെ.പിയില്‍ ഒതുക്കപ്പെട്ട നേതാക്കള്‍ക്ക് പതുക്കെയെങ്കിലും പാര്‍ട്ടിക്കകത്ത് ജീവന്‍ ലഭിക്കുമോ? മോദിക്കും ഷാക്കുമെതിരേ രാജ്യത്തുടനീളം ഉയരുന്ന കടുത്തവിമര്‍ശനം പാര്‍ട്ടിയില്‍ ചര്‍ച്ചയാവുമോ? ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ചതിന് മോദിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയ അതേ നിസ്സഹായത തന്നെയാവുമോ ഇനിയും? ബംഗാളില്‍ ബി.ജെ.പി ജയിച്ചിരുന്നുവെങ്കില്‍ അത് കൊവിഡ് സാഹചര്യങ്ങളുടെ അംഗീകാരമായിട്ടല്ലേ വിലയിരുത്തപ്പെടുമായിരുന്നത്? കൊവിഡ് കാലത്ത് തകര്‍ന്ന് നിലംപൊത്തിയ മോദിയുടെ പ്രതിഛായക്ക് ഏറ്റ ഈ തിരിച്ചടി ബി.ജെ.പി എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്? വര്‍ഗീയ ധ്രുവീകരണത്തിന്റെ അജന്‍ഡകള്‍ ഇനിയെങ്കിലും അവര്‍ മാറ്റിപ്പിടിക്കുമോ? അതോ പാര്‍ട്ടിക്കെതിരേ വോട്ടു ചെയ്ത ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങളെ 'പാഠം പഠിപ്പിച്ചതു' പോലെ ബംഗാളില്‍ പുതിയ കപില്‍ മിശ്രമാര്‍ പ്രത്യക്ഷപ്പെടുമോ? മോദിയുടെയും ഷായുടെയും ബംഗാളിലെ പരാജയം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സുപ്രധാനമായാണ് മാറുന്നത്. പ്രാദേശിക കക്ഷികള്‍ മോദിപ്പേടിയില്‍ നിന്നും പുറത്തു കടക്കുമോ എന്ന ചോദ്യം തന്നെയാണതില്‍ പ്രധാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago