'അഭിമാനകരമായ അസ്തിത്വത്തോടുകൂടിയ ഉത്തരവാദിത്ത രാഷ്ട്രീയം'; മുസ് ലിംലീഗ് ദേശീയ സമ്മേളനത്തിനൊരുങ്ങി ചെന്നൈ
മുസ് ലിം ലീഗ് 75ാം വാര്‍ഷിക ദേശീയ സമ്മേളനത്തിന് പുതുചരിത്രം രചിക്കാനൊരുങ്ങി ചെന്നൈ നഗരം. പാര്‍ട്ടിയുടെ അടിത്തറ പാകിയ അതേ രാജാജി ഹാളില്‍ 'അഭിമാനകരമായ അസ്തിത്വത്തോടുകൂടിയ ഉത്തരവാദിത്ത രാഷ്ട്രീയം' എന്ന പ്രമേയത്തിലാണ് ഈ മാസം പത്തിന് പ്ലാറ്റിനം ജൂബിലി സമ്മേളനം നടക്കുന്നത്. കേരളം, തമിഴ്‌നാട് എന്നിവയ്ക്കു പുറമെ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പുതുച്ചേരി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടേയും നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
പാര്‍ട്ടി ദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച് തമിഴ്, മലയാളം, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ പ്രതിജ്ഞയെടുക്കും.
വൈകിട്ട് കൊട്ടിവാക്കം വൈ.എം.സി.എ മൈതാനിയില്‍ നടക്കുന്ന സമാപന പൊതു സമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പങ്കെടുക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനാവും.
സമ്മേളനത്തിന്റെ ഭാഗമായി എട്ടിന് എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സമൂഹ വിവാഹം റോയപുരം റംസാന്‍ മഹലില്‍ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, തമിഴ്‌നാട് ഗ്രാന്റ് ഖാസി ഡോ.സലാഹുദ്ദീന്‍ മുഹമ്മദ് അയ്യൂബ് പങ്കെടുക്കും. ഒമ്പതിന് പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറയും.
ഉച്ചയ്ക്ക് നടക്കുന്ന സെമിനാറില്‍ ഇ.ടി മുഹമ്മദ്ബഷീര്‍ അധ്യക്ഷനാവും. ഡോ. എം.കെ മുനീര്‍ വിഷയാവതരണം നടത്തും. ബിഹാര്‍ നിയമസഭാംഗവും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ ഷക്കീല്‍ അഹമദ്ഖാന്‍ മുഖ്യാതിഥിയാകും. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏഴ് പുസ്തകങ്ങളുടെ പ്രകാശനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പി.വി അബ്ദുല്‍ വഹാബ് അധ്യക്ഷനാവും.
വൈകീട്ട് 'രാഷ്ട്രനിര്‍മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പ്രവാസികള്‍, തൊഴിലാളികള്‍ എന്നിവരുടെ പങ്ക്' എന്നവിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജിഗ്‌നേഷ് മേവാനി മുഖ്യതിഥിയാവും. മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഡോ. എം.പി അബ്ദുസമദ് സമദാനി വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദേശീയ വനിതാ സമ്മേളനത്തില്‍ പ്രസിഡന്റ് എ.എസ് ഫാത്തിമ മുസഫര്‍ അധ്യക്ഷയാവും. ശേഷം സമ്മേളന പ്രമേയമായ 'അഭിമാനകരമായ അസ്തിത്വത്തോടുകൂടിയ ഉത്തരവാദിത്ത രാഷ്ട്രീയം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ആസിഫ് മുജ്തബ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."