പൊലിസ് ബൂട്ടിനടിയിലോ സിൽവർലൈൻ?
ജഹാംഗിർപുരിയിൽ പൊലിസ് സഹായത്തോടെ ബുൾഡോസറുകളുമായെത്തി നിരവധി വീടുകളും കടകളുമാണ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എൻ.ഡി.എം.സി) കഴിഞ്ഞദിവസം തകർത്തത്. ഇതിനിടയിൽ സുപ്രിംകോടതി വിധിയുടെ പകർപ്പുമായി ബുൾഡോസർ തടഞ്ഞത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടായിരുന്നു. ഭരണകൂട ഭീകരതയ്ക്കെതിരേയായിരുന്നു അവരുടെ ഒറ്റയാൾ പോരാട്ടമെന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുകയുണ്ടായി. നോർത്ത് ഡൽഹിയിൽ അരങ്ങേറിയ ഭരണകൂട ഭീകരതയുടെ വകഭേദമായിരുന്നില്ലേ കഴിഞ്ഞദിവസം തിരുവനന്തപുരം കരിച്ചാറയിൽ ഉണ്ടായതെന്ന് തോന്നിപ്പോവുക സ്വാഭാവികം. പരിസ്ഥിതിക്ക് കോട്ടംതട്ടുന്നതിനാലും കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയാലും ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ സിൽവർലൈൻ സർവേയ്ക്കെതിരേ അണിനിരന്നുകൊണ്ടിരിക്കുന്നത്. സ്ഥാപിക്കപ്പെട്ട സർവേ ക്കല്ലുകളിൽ ഭൂരിഭാഗവും പിഴുതെടുത്ത് ജനങ്ങൾ തോടുകളിലും പുഴകളിലും എറിഞ്ഞുകഴിഞ്ഞു. പദ്ധതി ജനോപകാരപ്രദമാണെന്ന് ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പഠനം നടത്താതെ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതേത്തുടർന്ന് സർവേ നിർത്തിവച്ചതായിരുന്നു. ഇരുപത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് പൊലിസ് അക്രമം നടന്നത്.
ഡൽഹിയിൽ പൊലിസ് സന്നാഹത്തോടെയായിരുന്നു ഭരണാധികാരികൾ വീടുകളും കടകളും തകർക്കാനെത്തിയത്. കരിച്ചാറയിലും പൊലിസ് സന്നാഹത്തോടെയാണ് സർവേ നടത്താനെത്തിയത്. കരിച്ചാറയിൽ ഇടിച്ചുനിരത്താൻ കെട്ടിടങ്ങൾ ഇല്ലാത്തതിനാലാവാം ബുൾഡോസറുകൾ ഉണ്ടായിരുന്നില്ലെന്ന വ്യത്യാസം മാത്രം. പകരം പൊലിസ് അവരുടെ മെയ്ക്കരുത്ത് സർവേ തടയാനെത്തിയവർക്കുനേരെ പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലിസ് വളഞ്ഞിട്ട് മർദിച്ചു. ബൂട്ടിട്ട് ചവിട്ടി. ഒരാളെ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു. മറ്റൊരാളെ കാൽമുട്ടുകൊണ്ട് വയറ്റിൽ ഇടിച്ച് വീഴ്ത്തി. വനിതാ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഏത് നിയമമാണ് ഇവർക്ക് ഇതിനുള്ള അധികാരം നൽകിയത്.
ഡൽഹിയിലെ ഭരണകൂട അതിക്രമം തടയാൻ ബുൾഡോസറിന് മുമ്പിൽനിന്നത് സി. പി.എമ്മിൻ്റെ സമുന്നത നേതാവായ ബൃന്ദാ കാരാട്ട് ആയിരുന്നെങ്കിൽ മറ്റൊരു സമുന്നത നേതാവായ പിണറായി വിജയൻ മുഖ്യമന്ത്രിയായ കേരളത്തിലാണ് പൊലിസിന്റെ ബൂട്ടിട്ട കാൽ കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്നവരുടെ നെഞ്ചിൽ ആഞ്ഞുപതിച്ചത്. രണ്ടുപേരും സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളുമാണ്! ആരെയും പ്രയാസപ്പെടുത്തിയായിരിക്കില്ല സിൽവർലൈൻ പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷവും അക്രമണോത്സുകതയോടെ പൊലിസിനെയുംകൂട്ടി വീണ്ടും സർവേ തുടങ്ങിയതിലൂടെ മുഖ്യമന്ത്രിയുടെ വാക്കുകളാണ് അപ്രസക്തമാകുന്നത്.
കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സിൽവർലൈനിനെതിരേ സി.പി.എമ്മിലും എതിർപ്പുണ്ടെന്നത് മറച്ചുവയ്ക്കാനാവില്ല. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച വിമർശനം ഉയർന്നതുമാണ്. മഹാരാഷ്ട്രയിൽ അതിവേഗ റെയിൽപദ്ധതിയെ എതിർക്കുന്ന പാർട്ടി കേരളത്തിൽ അത് നടപ്പാക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടെന്നായിരുന്നു പാർട്ടിയിലെ വിമർശകരുടെ പ്രധാന ചോദ്യം. സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതാണോ സി.പി.എം നയം എന്നാരെങ്കിലും ചോദിച്ചാൽ പാർട്ടിക്കും സംസ്ഥാന സർക്കാരിനും എന്തായിരിക്കും ഉത്തരം പറയാനുണ്ടാവുക? ദേശീയാടിസ്ഥാനത്തിൽ സി.പി.എം എടുക്കുന്ന നിലപാടുകളെ കേരളം ദുർബലപ്പെടുത്തുകയല്ലേ ചെയ്യുന്നത്. എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഉയർന്നത്.
പീപ്പിൾസ് ഡെമോക്രസിയിൽ കിസാൻ സഭ നേതാവ് അശോക് ദാവ് ലെ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരേ ലേഖനമെഴുതിയത് ഈയിടെയാണ്. മഹാരാഷ്ട്രയിൽ സി.പി.എം വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അതേ പാർട്ടി കേരളത്തിലെത്തുമ്പോൾ വാശിയോടെ അതിവേഗ പാതയ്ക്കുവേണ്ടി രംഗത്തിറങ്ങുന്നുവെന്ന വൈജാത്യത്തെ എങ്ങനെയാണ് ജനങ്ങൾക്ക് മുമ്പിൽ ന്യായീകരിക്കാനാവുക. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് ആശങ്ക പരിഹരിക്കുമെന്നും താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേർന്ന് വീടുകളിൽ ലഘുലേഖകൾ വിതരണംചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. എന്തായിരിക്കാം മുഖ്യമന്ത്രിക്ക് പറയാനുണ്ടാവുകയെന്ന് കേൾക്കാൻ ജനങ്ങൾ കാത്തിരിക്കുമ്പോഴാണ് പൊലിസ് പ്രതിഷേധക്കാരുടെ നെഞ്ചത്ത് ബൂട്ടിട്ട് ചവിട്ടി അതിവേഗപാത അതിവേഗത്തിൽ കൊണ്ടുവരാൻ വ്യഗ്രത കാണിക്കുന്നത്.
ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ വ്യഥ മാത്രമല്ല സിൽവർലൈനിനെതിരേ കേരളത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്ക് അടിസ്ഥാനം. അനർട്ടിന്റെ ഡയരക്ടറും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ആർ.വി.ജി മേനോനും പദ്ധതിയെപ്പറ്റി ആദ്യപഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനിയർ അലോക് വർമയും പരിസ്ഥിതിപ്രവർത്തകരും സിൽവർലൈനിനെതിരേ സാങ്കേതികപ്രശ്‌നങ്ങൾ ഉയർത്തി എതിർപ്പ് പ്രകടിപ്പിച്ചതാണ്. പ്രതിപക്ഷ എതിർപ്പിനെക്കാൾ മുഖ്യമന്ത്രി ഇത്തരം വ്യക്തികളുടെയും സംഘടനകളുടെയും എതിർപ്പിനെ മുഖവിലക്കെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആർ.വി.ജി മേനോനുമായും അലോക് വർമയുമായും സമാന ചിന്താഗതിക്കാരുമായും സംസാരിക്കാൻ സന്നദ്ധതയറിയിച്ചത്. വേണ്ടത്ര പഠനം നടത്താതെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളതെന്നാണ് ആർ.വി.ജി മേനോന്റെ നിലപാട്. സിൽവർലൈൻ യാഥാർഥ്യമായാൽ പദ്ധതിയുടെ 500 മീറ്റർ ചുറ്റളവിലുള്ള പല കെട്ടിടങ്ങൾക്കും വിള്ളൽ വീഴാൻ സാധ്യതയുണ്ടെന്നും കാലക്രമേണ അവ തകർന്നുവീഴുമെന്നും ആർ.വി.ജി മേനോൻ സർക്കാരിനെ അറിയിച്ചതാണ്. സിൽവർലൈൻ തട്ടിക്കൂട്ട് പദ്ധതിയാണെന്നും ജിയോളജിക്കൽ സർവേ നടത്തിയിട്ടില്ലെന്നും ഇത്രയും വലിയ തുകയ്ക്ക് ഈ പദ്ധതി വേണോയെന്ന് ആലോചിക്കണമെന്നും അലോക് വർമയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരെപ്പോലുള്ള വിദഗ്ധരുടെ സംശയങ്ങൾ തീർക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അതിനായി കെ റെയിലിന്റെ ആഭിമുഖ്യത്തിൽ വരുന്ന 28ന് തിരുവനന്തപുരത്ത് സംവാദം നിശ്ചയിച്ചതുമാണ്. സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് ഇത്തരമൊരു സംവാദം സിൽവർലൈൻ നടത്തിപ്പുകാരായ കെ റെയിൽ നടത്തുന്നത്. അതിനൊന്നും കാത്തുനിൽക്കാതെയാണ് പൊലിസ് തിരുവനന്തപുരം കരിച്ചാറയിൽ പ്രതിഷേക്കാരുടെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി അതിവേഗതയിൽ സിൽവർലൈൻ വരാൻ ധൃതികാണിക്കുന്നത്.
സുപ്രിംകോടതി വിലക്കിയിട്ടും കെട്ടിടങ്ങൾ പൊളിക്കാൻ അത്യുത്സാഹം കാണിച്ച ഡൽഹി നോർത്ത് മുനിസിപ്പൽ ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തമല്ല കരിച്ചാറയിൽ പ്രകടമായ കേരള പൊലിസിന്റെ പ്രവർത്തനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."