സർക്കാർ എതിർശബ്ദവും കേൾക്കും അലോക് വർമയ്ക്കും ആർ.വി.ജി മേനോനും ക്ഷണം
തിരുവനന്തപുരം
സിൽവർ ലൈനിൽ വിയോജിക്കുന്നവരുടെ ശബ്ദവും സർക്കാർ കേൾക്കും. അടുത്ത വ്യാഴാഴ്ച കെ റെയിൽ കോർപറേഷൻ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംവാദം നടത്തും.
മുഖ്യമന്ത്രിയുെട നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറി നൽകിയ നിർദേശ പ്രകാരമാണ് കെ റെയിൽ സംവാദമൊരുക്കുന്നത്. സിൽവർ ലൈൻ വിമർശകനും സാധ്യതാപഠനം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുൻ റെയിൽവേ എൻജിനീയറുമായ അലോക് വർമയെയും ആർ.വി.ജി മേനോനെയും ജോസഫ് സി. മാത്യുവിനെയും സംവാദത്തിന് ക്ഷണിച്ചു. സർവേ പുനരാരംഭിച്ചപ്പോഴും പ്രതിഷേധത്തിന്റെ ശക്തികുറയാത്ത സാഹചര്യത്തിലാണ് എതിർശബ്ദങ്ങൾ കൂടി കേൾക്കാനുള്ള തീരുമാനം.
ഇതാദ്യമായാണ് സിൽവർ ലൈൻ വിരുദ്ധരെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ച നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി നടത്തിയ ജനസമക്ഷം സിൽവർലൈൻ എന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രമുഖരെ മാത്രമായിരുന്നു പങ്കെടുപ്പിച്ചത്.
പദ്ധതിയെ എതിർക്കുന്ന മൂന്നു പേരെ കൂടാതെ അനുകൂലിക്കുന്ന മൂന്നു പേരും ചർച്ചയിൽ സംസാരിക്കും. റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻനായർ എന്നിവർ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും. എല്ലാവർക്കും പത്തുമിനിറ്റ് വീതമാണ് അനുവദിച്ചിരിക്കുന്നത്. ശാസ്ത്രസാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ.പി സുധീറാണ് മോഡറേറ്റർ. രണ്ടു മണിക്കൂർ ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കും ചർച്ചയിലേക്കു ക്ഷണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."