ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ്: പിന്നില്‍ പി.ശശിയെന്നും ആരോപണം
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കേ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്.ശ്രീജിത്തിനെ നീക്കിയത് കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. സിനിമാകഥ തയ്യാറാക്കുന്നത് പോലെ ഏതോ ഒരാള്‍ ഇരുന്ന് എഴുതിയ തിരക്കഥയാണ് ഈ കേസ്. അതില്‍ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കും എന്നതില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂവെന്നും നുസൂര്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിച്ച ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. പി.ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണെന്നും നുസൂര്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണിത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുമെന്നും നുസൂര്‍ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."